സ്ഥലം തിരക്കുകള്‍ ഒഴിഞ്ഞ നഗരത്തിലെ ഒരു ബസ്സ് സ്റ്റാന്‍ഡ്.
ഒരു വശത്തു അക്ഷമയായി നില്‍ക്കുന്ന ഒരു യുവതിയിലേക്ക് ക്യാമറ സൂം ചെയ്യുന്നു . മുപ്പത് മുപ്പത്തഞ്ചു വയസ്സ് പ്രായം ഉണ്ടാകും . നന്നായി അണിഞ്ഞു ഒരുങ്ങിയ ഒരു സുന്ദരി . മനോഹരമായി സാരി ചുറ്റിയ , സീമന്ത രേഖയില്‍ സിന്ദൂരവും , മാറില്‍ താലിയും അണിഞ്ഞിരിക്കുന്ന ആ സ്ത്രീയെ കണ്ടാല്‍ അറിയാം അവര്‍ ഒരു വിവാഹിത ആണെന്ന് . ഇടയ്ക്കിടയ്ക്ക് കയ്യിലെ മൊബൈലില്‍ നോക്കുന്നുണ്ട് . ക്യാമറ പതിയെ മറുവശത്തേക്കു ചെല്ലുമ്പോള്‍ രണ്ടു കൗമാരക്കാരായ ചെറുപ്പക്കാര്‍ ആ സ്ത്രീയെ തന്നെ നോക്കി ഇരിക്കുന്നത് കാണാം . അവര്‍ അവളെ അടിമുടി അരിച്ചു പെറുക്കുന്നുണ്ട് . ഇടയില്‍ ആ സ്ത്രീയുടെ നോട്ടം അവരില്‍ പതിഞ്ഞു . കൂടുതല്‍ അസഹ്യതയും ദേഷ്യവും അവരുടെ മുഖത്തേക്ക വരുന്നുണ്ട് ഇപ്പോള്‍ . അതിനിടയില്‍ പിള്ളേരിലൊരാള്‍ ഒന്ന് ചൂളം വിളിച്ചു . ദേഷ്യം കൊണ്ട് അവള്‍ പൊട്ടിത്തെറിച്ചു . നിനക്കൊന്നും അമ്മ പെങ്ങമ്മാര്‍ ഇല്ലേടാ വീട്ടില്‍ . മാനം മര്യാദയ്ക്ക് ജീവിക്കുന്നവരെ വഴിനടക്കാന്‍ സമ്മതിക്കില്ലേ . നല്ല തല്ലിന്റെ കുറവുണ്ട് നിനക്കൊക്കെ . അവള്‍ കത്തിക്കയറി . അടുത്തുണ്ടായിരുന്ന മറ്റു ചിലര്‍ കൂടി ശ്രദ്ധിക്കുന്നു എന്നായപ്പോള്‍ പിള്ളേര്‍ ചൂളി . പതിയെ സ്ഥലം കാലിയാക്കി. പക്ഷെ എന്തോ ആ സ്ത്രീ നിര്‍ത്താന്‍ ഭാവം ഇല്ല എന്ന് തോന്നുന്നു . അവിടെ ഉണ്ടായിരുന്നവര്‍ക്ക് സദാചാരത്തിന്റെ ഒരു സ്റ്റഡിക്ലാസ്സ് തന്നെ അവര്‍ നടത്തി . അവര്‍ അവളുടെ ധൈര്യത്തെയും ഇന്നത്തെ സമൂഹത്തിലെ ചെറുപ്പക്കാരുടെ മൂല്യച്ച്യുതിയും ഒക്കെ ഓര്‍ത്ത് കോള്‍മയിര്‍ കൊണ്ട് . ആരാധനയോടെ അവളെ നോക്കി നീ ആണ് പെണ്ണ് എന്ന് മനസ്സില്‍ പറഞ്ഞു . അപ്പോഴേക്കും അവിടെയ്ക്ക് ഒരു കാര്‍ ഒഴുകി വന്നു നിന്നു. പെട്ടെന്ന് തന്റെ പ്രസംഗം മതിയാക്കി ആ യുവതി വേഗം പോയി ആ കാറില്‍ കയറി ഇരുന്നു . ക്യാമറ ഇപ്പോള്‍ കാറിനുള്ളിലെക്ക് തിരിക്കുകയാണ് .
ബാഗില്‍ നിന്നും ടിഷ്യൂ പേപ്പര്‍ എടുത്തു മുഖം തുടച്ചു കൊണ്ട് അവള്‍ ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുന്ന പയ്യനോട് ചൂടാകുന്നു . എന്താ ഇത് എത്ര നേരമായി ഞാന്‍ ഈ നില്‍പ്പ് തുടങ്ങിയിട്ട് . ആരേലും കാണുമെന്നോര്‍ത്തു ഞാന്‍ വിഷമിച്ചു പോയി . വാ വേഗം പോകാം . മക്കള്‍ സ്കൂളില്‍ നിന്നും എത്തും മുന്നേ എനിക്ക് തിരിച്ചെത്തണം . ചേട്ടന്‍ ഇന്ന് ഓഫീസ് ടൂറില്‍ ആണെന്ന ധൈര്യത്തിലാ ഞാന്‍ ഇറങ്ങിത്തിരിച്ചത് .
ക്യാമറ ഇപ്പോള്‍ പുറത്തെ വെളിച്ചത്തിലേക്ക് സൂം ചെയ്യുന്നു . അത് വെളിച്ചത്തില്‍ മങ്ങി ഇരുണ്ട ചുമപ്പായി പിന്നെ ഇരുട്ടായി മറയുന്നു ....
---------കഥ , തിരക്കഥ ,സംഭാഷണം ബിജു ജി നാഥ് :-) ------
സദാചാരി!
ReplyDelete