Wednesday, September 17, 2014

പ്രതാപന്റെ കഥ അനിതയുടെയും


പ്രതാപന്റെ കഥ. അനിതയുടെയും ....
-----------------------------------------------
അതെ, നിലാവസ്തമിക്കും വരെ മാത്രമായിരുന്നു ആ കളവു നിലനിന്നത് !
കണ്ണുകള്‍ക്ക് കാഴ്ച കിട്ടുകയും , ഇരുട്ട് മാറി വെളിച്ചം വരികയും ചെയ്തപ്പോള്‍ , തണുത്ത നിലാവ് തന്ന വെള്ളി വെളിച്ചം കാണിച്ച കാഴ്ചകള്‍ ഒന്നും തന്നെ ശരിയായിരുന്നില്ല എന്ന് പ്രതാപന് മനസ്സിലായി . 
ഒരു തരത്തില്‍ ഇതൊരു പുനര്‍ജ്ജന്മം ആയിരുന്നു അയാള്‍ക്ക്‌ . 
തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും, താന്‍ കേവലമായ ചില തമാശകള്‍ക്ക് വേണ്ടിയാണ് ചിലവഴിച്ചിരുന്നത്‌ എന്ന ഓര്‍മ്മ പോലും പ്രതാപനില്‍ വല്ലാത്ത വിഷമം ഉണര്‍ത്തി . ജന്മ പുണ്യത്തിന്റെ മരുക്കാഴ്ചകള്‍ പോലെ കാണാത്തതും കേള്‍ക്കാത്തതും അറിയാത്തതും എല്ലാം സ്വന്തമെന്നു നിനച്ചു കാലത്തിന്റെ കണക്കു പുസ്തകത്തില്‍ മുഖമൊളിപ്പിച്ച തന്റെ യൗവ്വനത്തെ ഒട്ടൊരു വേദനയോടെ നോക്കി നിന്നയാള്‍ .
അനിത , അതായിരുന്നു അയാളുടെ ഭാഗധേയം നിര്‍ണ്ണയിച്ച ആ കാലത്തിനു പേര് . സൗന്ദര്യം കേവലം തൊലിയുടെ ജയപരാജയങ്ങള്‍ ആണെന്ന് കരുതിയിരുന്നത് കൊണ്ട് , കൂടുതല്‍ സുന്ദരിയെ കണ്ടാല്‍ കൂടുതല്‍ ഇഷ്ടം ഉണ്ടാകുക എന്നൊരു മിഥ്യാചിന്ത ഇല്ലായിരുന്നു അയാളില്‍. പക്ഷെ അനിത അയാളുടെ ജീവിതത്തെ കാര്‍ന്നു തിന്നു തുടങ്ങിയിരുന്നു എന്നത് ഒരു സത്യമായിരുന്നു . 
നീണ്ട,കരിയെഴുതിയ വിടര്‍ന്ന മിഴികള്‍. ചെറിയ,വരച്ചു വച്ചത് പോലുള്ള ചുണ്ടുകള്‍ , നീണ്ടു കൂര്‍ത്ത നാസിക , വിടര്‍ന്ന നെറ്റി ഇവയൊക്കെ അനിതയില്‍ അയാള്‍ കണ്ട നല്ല ലക്ഷണങ്ങള്‍ ആയിരുന്നു . ലളിതമായ ജീവിതത്തിന്റെ മറ്റൊരു ഉദാഹരണം പോലെ അവളുടെ ചലനങ്ങളും പ്രവര്‍ത്തിയും വാക്കുകളും അയാളില്‍ ഉറങ്ങിക്കിടന്ന ഏതൊക്കെയോ ഓര്‍മ്മകള്‍ , വികാരങ്ങള്‍ എന്നിവ ഉണര്‍ത്തി എന്നത് അയാള്‍ക്കിന്നും അജ്ഞാതമായ ഒരു വിഷയം ആണ്.
നീണ്ടു കൂര്‍ത്ത തന്റെ വിരലുകള്‍ കൊണ്ട് അവള്‍ എഴുതി നല്‍കിയിരുന്ന പ്രണയ കാവ്യങ്ങളെ അമൃത് പോലെ കഴിച്ചു വളര്‍ന്ന കാലം എന്നയാള്‍ ഇന്നാ കാലത്തെ ഓര്‍മ്മിക്കുന്നു . 
സ്വപ്നങ്ങളുടെ തേരില്‍ അവര്‍ ഒരുപാട് യാത്രകള്‍ ചെയ്തു .. സങ്കല്‍പ്പങ്ങളില്‍ ഒത്തിരി ദൂരം സഞ്ചരിച്ചു . നഷ്‌ടമായ ഒരു പ്രണയത്തിന്റെ നോവുമായി ആണ് അവള്‍ തന്റെ ജീവിതത്തിലേക്ക് വന്നത് . കാലം എവിടെയോ ഒളിപ്പിച്ചു വച്ച ആ പ്രണയത്തിന്റെ നോവുകളെ ഒരിക്കല്‍ പോലും തിരികെ എടുക്കുവാന്‍ അവള്‍ ഒരുക്കമല്ലായിരുന്നു എന്ന് ഉറപ്പിച്ചു പറയുമ്പോഴും തന്റെ തന്നെ ഉള്ളില്‍ അതിനെ കുഴിച്ചുമൂടാന്‍ ആകാതെ അവള്‍ വിങ്ങുന്നത് അയാള്‍ കാണുന്നുണ്ടായിരുന്നു .
തന്റെ ജീവിതത്തിലെ അനവധി സ്ത്രീകളില്‍ ഒരാളായി ഒരിക്കലും പ്രതാപന് അവളെ കാണാന്‍ കഴിഞ്ഞില്ല . കടന്നു പോയ യൗവ്വനം നല്‍കിയ അശ്വമേധത്തില്‍ കീഴടക്കിയ സാമ്രാജ്യങ്ങള്‍ അയാളെ ഒരിക്കല്‍ പോലും വേട്ടയാടിയതുമില്ല . കൗമാരം നല്‍കിയ നിഷേധങ്ങളുടെ പിടിച്ചടക്കല്‍ പോലെ ആയിരുന്നു ആ തേരോട്ടം എന്ന് പറയാം . ഒരിക്കലും പിടികൊടുക്കില്ല എന്ന വാശിയെ പക്ഷെ അനിതയുടെ വിരല്‍ത്തുമ്പുകള്‍ നിശ്ചലമാക്കി . പിന്നെ കുളമ്പടിയൊച്ചകള്‍ ഇല്ലാത്ത വെറും യാത്ര . എങ്ങുമെത്താന്‍ കഴിയുകയില്ലെന്നുള്ള വിഷമം മാത്രം മനസ്സില്‍ പേറി മുന്നോട്ടുള്ള യാത്രയില്‍ പ്രതാപന് കൂട്ട് ഓര്‍മ്മകളിലെ വസന്തം മാത്രമായിരുന്നു . 
ഒന്ന് തൊടാനുള്ള അകലത്തില്‍ പോലും ആഴങ്ങളുടെ മൗനം സൂക്ഷിച്ച രണ്ടാത്മാക്കള്‍ ആയിരുന്നു എന്നയാള്‍ പലപ്പോഴും ഓര്‍ക്കാറുണ്ട് തങ്ങളുടെ ജീവിതം.
എവിടെയുമെത്താത്ത യാത്ര പോലെ അയാള്‍ തന്റെ ജീവിതത്തെ ഇന്ന് കാണുന്നു. എവിടെയ്ക്കാകും തന്റെ യാത്ര . അനിത തന്നെ കൈ പിടിച്ചു നടത്തുന്നത് എന്തിലേയ്ക്കാകും ? എല്ലാം തനിക്കെന്നു പറയുമ്പോഴും ഒന്നുപോലും കിട്ടാതെ ഉഴറിയ രാപ്പകലുകള്‍ക്കൊടുവില്‍ ഇന്ന് പ്രതാപന്‍ ഒന്നിലും വ്യാകുലന്‍ അല്ല . തനിക്കെന്താണ്‌ സംഭവിക്കുന്നതെന്ന് അയാള്‍ ഭയത്തോടെ തന്നിലേക്ക് നോക്കുന്നു ഓരോ രാവിലും കിടക്കയില്‍ എത്തുമ്പോള്‍ .
എവിടെയാണ് തനിക്കു തന്നെ നഷ്ടം ആകുന്നതെന്ന് മനസ്സിലാകുന്നില്ല . ഒരുപക്ഷെ അനിത തന്റെ ജീവിതത്തിലൂടെ തന്നെ കൂട്ടിക്കൊണ്ട് പോകുന്നത് മൃതിയുടെ തണുത്ത കൈകള്‍ തന്നെ ചൂഴ്ന്നു വരും മുന്നേ മലമുകളില്‍ എത്തുവാനാകം . പക്ഷെ പ്രതാപന് ഇഷ്ടം മലമുകള്‍ അല്ല ഈ താഴ്വാരങ്ങളില്‍ കുഞ്ചി രോമങ്ങള്‍ തുള്ളിച്ചു മേഞ്ഞു നടക്കുന്ന ഒരു പടക്കുതിരയാകാന്‍ ആണ്. വൈരുദ്ധ്യങ്ങളുടെ ഈ യാത്രയില്‍ പ്രതാപനും അനിതയും രണ്ടു സമരേഖകള്‍ ആകുകയാണ് . ആരാകും വിജയിക്കുക . വായനക്കാരന്റെ സ്വാതന്ത്ര്യത്തിലേക്ക് സ്വൈര്യം കെടുത്തുവാന്‍ ഞാന്‍ അവരെ പറഞ്ഞു വിടുന്നു . വിധി നിര്‍ണ്ണയിക്കുവാന്‍ , വഴി നിര്‍ണ്ണയിക്കുവാന്‍ .
------------ ബി. ജി എൻ വർക്കല-----------------

1 comment:

  1. കഥ വായിച്ചു
    വിധി നിര്‍ണ്ണയിക്കാനും വഴി നിര്‍ണ്ണയിക്കാനും പക്ഷെ സാധിക്കുന്നില്ല

    ReplyDelete