Tuesday, May 9, 2017

പുകവണ്ടി


ഭൂതകാലത്തിന്റെ നരച്ച പാളത്തിലൂടെ
ഒരു പുകവണ്ടി വരുന്നു.
ഇരച്ചും തുമിച്ചും
കുമുകുമാ കറുത്ത പുകതുപ്പിയും
ഇഴഞ്ഞിഴഞ്ഞ് വരുന്നുണ്ടത്.
യാത്രക്കാർ നിറഞ്ഞ പഴയ ബോഗികൾ
തുരുമ്പും അഴുക്കും പിടിച്ചിരിക്കുന്നു.
കരിയും പുകയുമേറ്റ് നിറം മങ്ങിയ
മനുഷ്യർ നിറഞ്ഞ പുകവണ്ടി
ഉച്ചത്തിൽ കൂവിയാർത്ത്
ഒച്ചിനെപ്പോലെ പായുന്നു.
ഉലുവയും കടുകുമായി വിത്തുകാളകൾ
കമ്പാർട്ട്മെൻറുകൾ കയറിയിറങ്ങുന്നു.
കരിഞ്ചീരകത്തിന്റെ കടലാസുപൊതികൾ
അരപ്പട്ടയിൽ കെട്ടി
ആതുരരെതിരയുന്നൊരാൾ
പച്ച വെള്ളത്തിൽ പ്രതിരോധം നിറച്ചു
കുഞ്ഞാടുകൾ മേഞ്ഞു നടക്കുന്നു.
ചാണകവറളികൾ കുട്ടയിലേന്തിയ
ഗ്രാമീണരുടെ മുറുക്കാൻ തുപ്പലുകൾ ചുവപ്പിച്ച
ഇടനാഴികൾ ഈച്ചയാർക്കുന്നു.
നിലവിളികൾ മരിച്ച
കുറേയേറെ മനുഷ്യർ മാത്രം
ഉറക്കം നഷ്ടപ്പെട്ട മിഴികളുമായി
ഉഷ്ണക്കാറ്റ് വീശുന്ന ജാലകത്തിലൂടെ
പുറത്തെ മരുഭൂമിയെ മനസ്സിലേക്കാവാഹിക്കുന്നു.
സ്റ്റേഷനുകൾ ഇല്ലാത്ത പഴയ പാലങ്ങളിലൂടെ
ലെവൽ ക്രോസുകളുടെ ഭയാശങ്കയില്ലാതെ
ഭൂതകാലത്തിൽ നിന്നൊരു പുകവണ്ടി
ഒറ്റക്കണ്ണുമായി വരുന്നു.
        * ബിജു.ജി.നാഥ് വർക്കല *

No comments:

Post a Comment