Saturday, May 20, 2017

നിഴൽ ചിത്രങ്ങൾ


ചിതല് തിന്ന മനസ്സു
ചിന്നിച്ചിതറിയ ചിന്തകളോടെ
പഴയൊരു സൈക്കിൾ ചവിട്ടി
കിതച്ചും ഇടറിയും
കുന്നു കയറുന്നുണ്ട്.
വേച്ചു പോകുന്ന
ചരൽക്കുന്നിൽ
വേദനിപ്പിക്കുന്ന വിഷക്കല്ലുകൾ
നാവു നീട്ടിയിരിക്കുമ്പോൾ
നീയെന്നൊരു
കുളിർകാറ്റ് വരും.
നീറുന്ന പാദങ്ങളിൽ
ഉമ്മ വച്ചും
നിറയുന്ന കണ്ണുകളെ
തഴുകിയും
നീയല്പനേരം
കൂടെത്തന്നെയിരിക്കും.
കണ്ണുകൾ അടയുന്നത്രയും
ഉറക്കം നിന്നെ
പിടിച്ചു വലിക്കുമ്പോൾ
ആദ്യമായി സ്കൂളിൽ പോകുന്ന
കുട്ടിയെപ്പോലെ
നീ പോകും.
അടിവയറ്റിൽ നിന്നൊരു-
ഷ്ണക്കാറ്റന്നേരം
എന്നെയുണർത്തുകയാവും.
.... ബിജു. ജി. നാഥ് വർക്കല

1 comment:

  1. നിഴല്‍ച്ചിത്രങ്ങള്‍
    ആശംസകള്‍

    ReplyDelete