കോവിഡീയന്‍ കുട്ടികള്‍
വളരെ പെട്ടെന്നാണ് ലോകം മാറിയത് !. നൂറ്റാണ്ടുകളില്‍ സംഭവിക്കുന്ന ഒരു ദുരന്തമായി കണക്കാക്കാന്‍ കഴിയുന്ന ഒന്നായി കോവിഡിനെ വിലയിരുത്തുന്ന ഈ കാലത്ത് , കോവിഡ് ഒരു സാധാരണ സംഭവം പോലെ ലളിതമായി കൈകാര്യം ചെയ്യാന്‍ പറ്റുന്ന വിധത്തില്‍ ജനതയുടെ ചിന്തയും ശാസ്ത്രവും അറിവും വളര്‍ന്നിരിക്കുന്നതിനാല്‍ മാത്രം അഞ്ചു കോടി മരണം ഇതെഴുതുന്ന സമയത്ത് സംഭവിച്ചു കഴിഞ്ഞിട്ടും കോവിഡ് ഒരു വലിയ ആഘാതമായി ജനത്തിന് ഇനിയും അനുഭവപ്പെടുകയോ മനസ്സിലാക്കുകയോ ചെയ്യുന്നില്ല. അത്തരം ആഗോള വിഷയങ്ങളിലേക്ക് പോകുവാന്‍ വിസ്താരഭയം മൂലം ശ്രമിക്കുന്നുമില്ല എങ്കിലും ഞാന്‍ ഇവിടെ പറയാന്‍ ശ്രമിക്കുന്നത് കോവിഡ് കാലത്തെ അതിജീവിക്കാന്‍ ശ്രമിക്കുന്ന കുഞ്ഞുങ്ങളെക്കുറിച്ചാണ് .
കേട്ടു കേള്‍വികളില്‍ മാത്രമുണ്ടായിരുന്ന ഒന്നായിരുന്നു നമുക്കൊക്കെ ഓണ്‍ ലൈന്‍ ക്ലാസ്സുകള്‍. മാറുന്ന കാലത്ത് വിദൂര പഠനം ഒരു വലിയ കാര്യമായേ തോന്നുന്നില്ല എന്നിരിക്കിലും അവയൊക്കെ മുതിര്‍ന്നവരില്‍ മാത്രമാണു ഒതുങ്ങി നിന്നിരുന്നത് . ഇന്ദിരാ ഗാന്ധി ഓപ്പണ്‍ സ്ട്രീം അടക്കം ഒരുപാട് വിദൂര പഠനസംവിധാനങ്ങള്‍ ഉണ്ട് എങ്കില്‍പ്പോലും സ്കൂള്‍ കോളേജ് വിദ്യാഭ്യാസങ്ങള്‍ നേരിട്ടു ഗുരുമുഖത്തില്‍ നിന്നും ലഭിച്ചിരുന്ന കാലവും അതിന്റെ ഗുണങ്ങളും ഉള്ളിന്റെ ഉള്ളില്‍ ഉറഞ്ഞു പോയ ഒരു വിശ്വാസമായി നില്‍ക്കുന്നതിനാല്‍ ആകണം ഓണ്‍ ലൈന്‍ ക്ലാസ്സുകളിലേക്ക് കുട്ടികളെ തള്ളിവിടപ്പെട്ടപ്പോള്‍ അതിനെ ആശങ്കയോടെ നോക്കിക്കാണാനും വിലയിരുത്താനും ശ്രമിച്ചത് . തീര്‍ച്ചയായും ഓണ്‍ ലൈന്‍ പഠനം മൂലം കുട്ടികള്‍ക്ക് ഉണ്ടായ ഗുണങ്ങളെക്കുറിച്ചാണ് ആദ്യമായി പറയാന്‍ നോക്കുന്നത് . അന്നുവരെ ഭൂരിഭാഗം കുട്ടികള്‍ക്കും നിഷിദ്ധമായിരുന്ന മൊബൈല്‍ , ടാബ് , ലാപ് ടോപ് , കമ്പ്യൂട്ടര്‍ , ഇന്‍റര്‍നെറ്റ് സംവിധാനങ്ങള്‍ സ്വാതന്ത്ര്യത്തോടെ അവരുടെ കൈകളിലേക്ക് വന്നെത്തി എന്നതാണു അവരില്‍ ആദ്യം ലഭ്യമായ സ്വാതന്ത്ര്യം . ഏതൊരു കാര്യത്തിനും ഗുണങ്ങളും ദോഷങ്ങളും ഉണ്ട് . ഈ സംവിധാനങ്ങള്‍ ലഭ്യമായതോടെ കുട്ടികള്‍ക്കുണ്ടായ ഗുണങ്ങള്‍ എന്താണെന്ന് ആദ്യം നോക്കാം . ഗുരുക്കന്മാരെ നേരില്‍ കണ്ടു ക്ലാസ് ശ്രവിക്കാനും നോട്ടുകള്‍ തയ്യാറാക്കി അയച്ചു കൊടുക്കാനും സ്വീകരിക്കാനും . പ്രൊജക്ടുകള്‍ ചെയ്യാനും, പരീക്ഷ എഴുതാനും അതോടൊപ്പം തങ്ങളുടെ കലാപരമായ പ്രവര്‍ത്തനങ്ങളെ പ്രകടിപ്പിക്കാനും ഉള്ള അവസരങ്ങള്‍ കരഗതമായി . അതുപോലെ ലോകത്തെ വിശേഷങ്ങളും വിവരങ്ങളും അറിയാനും തങ്ങളുടെ കഴിവുകളെ ലോകത്തിന് പരിചയപ്പെടുത്താനും അവസരങ്ങള്‍ ഇന്‍റര്‍നെറ്റ് സൗകര്യത്തിലൂടെ യൂടൂബ്, ടിക് ടോക് , ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സംവിധാനങ്ങളിലൂടെ സാധിച്ചു . എന്നാല്‍ ഇവയ്ക്കപ്പുറം ചിലത് കൂടി സംഭവിച്ചു ഇതിനിടയില്‍ . വാട്സപ് , ഫേസ്ബുക്ക് , ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം യൂടൂബ് തുടങ്ങിയ മുതിര്‍ന്നവര്‍ ഉപയോഗിയ്ക്കുന്ന എല്ലാ സോഷ്യല്‍ മീഡിയപ്ലാറ്റ്ഫോമുകളിലും കുട്ടികള്‍ക്ക് കടന്നു കയറാനും അതുവഴി ഗ്രൂപ്പുകളും , പുതിയ ബന്ധങ്ങളും , അറിവുകളും നേടാന്‍ കൂടി ഇത് അവര്‍ക്ക് സാധ്യത തുറന്നു കൊടുത്തു . ആദ്യമായി കോളേജില്‍ പോയിത്തുടങ്ങുന്ന കൗമാരക്കാര്‍ നൂണ്‍ ഷോകളിലേക്കും , മദ്യപാനം , പുകവലി ,ലൈംഗിക തൊഴിലാളികളുടെ സേവന കേന്ദ്രങ്ങളിലേക്കും നുഴഞ്ഞു കയറുന്നതിന് സമാനമായ ഒരു ലഹരി ലോകം കുട്ടികളില്‍ അതും കൊച്ചു കുട്ടികളില്‍ വരെ സൃഷ്ടിക്കാന്‍ കൂടി ഈ സാധ്യതാ ലോകം സഹായിച്ചു എന്നതാണു വാസ്തവം. ഗ്രൂപ്പുകളില്‍ കയറി ഇരിക്കാന്‍ കുട്ടികള്‍ താത്പര്യം പ്രകടിപ്പിച്ചു തുടങ്ങിയത് മാത്രമല്ല അവരെ ഉദ്ദേശിച്ചു മാത്രം പുതിയ ആപ്പുകള്‍ ഉണ്ടായി എന്നതാണു പ്രകടമായ ഒരു പ്രശ്നം . തങ്ങള്‍ ഇരിക്കുന്ന സ്ഥലമോ , നോക്കുന്ന സൈറ്റുകളോ , കാണുന്ന സംഗതികളോ രഹസ്യമായി വയ്ക്കാന്‍ ഉതകുന്ന ആപ്പുകള്‍ അവര്‍ക്ക് ലഭ്യമായി . മുതിര്‍ന്നവര്‍ക്ക് അറിയാത്ത എല്ലാ രഹസ്യാത്മക സംവിധാനങ്ങളും കുട്ടികള്‍ക്ക് അറിയാവുന്ന അവസ്ഥയായി. അവര്‍ അത് മനോഹരമായി ഉപയോഗിക്കുകയും ചെയ്തു തുടങ്ങി. കൂട്ടുകാരുടെ ഇടയില്‍ പല പ്രായക്കാരും പല ചിന്തക്കാരും ഉണ്ടായി . മുതിര്‍ന്നവര്‍ നിയന്ത്രിക്കുന്ന ചില ഘടകങ്ങള്‍ ഉണ്ടായി ഇത്തരം ഗ്രൂപ്പുകളില്‍ . അതിനു ഉദാഹരണം ആണ് ഓണ്‍ ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കുന്ന കുട്ടികളുടെയും ടീച്ചറിന്റെയും ഫോട്ടോയും നമ്പറും ഒക്കെ ഓണ്‍ ലൈനില്‍ തന്നെ വില്‍പ്പന നടത്തിയ കുട്ടികളുടെ വാർത്തകള്‍ എന്ന് നാം കണ്ടതാണല്ലോ . പലപ്പോഴും കുട്ടികള്‍ ഉപയോഗിയ്ക്കുന്ന മൊബൈലുകള്‍ അവരുടെ രക്ഷകര്‍ത്താക്കളുടെയോ സഹോദരങ്ങളുടെയോ അടുത്ത ബന്ധുക്കളുടെയോ മറ്റുമാകുന്നു. ഇവര്‍ പലപ്പോഴും കുട്ടികളുടെ ഓണ്‍ ലൈന്‍ ക്ലാസ്സുകളില്‍ നുഴഞ്ഞു കയറുകയും അനാവശ്യവും അവസരോചിതമല്ലാത്തതുമായ കമന്റുകളും ഇടപെടലുകളും നടത്തുന്നതും ഇതിനെതിരെ സ്കൂള്‍ അധികൃതര്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പരാതി ബോധിപ്പിക്കുന്നതും നാം കണ്ടതാണ് . ഇതോടൊപ്പം തന്നെ കാണേണ്ട കാര്യമാണ് ഗെയിമുകള്‍ . ചില ഗെയിമുകളില്‍ ഏര്‍പ്പെട്ട കുട്ടികള്‍ മാനസികവിഷമതകളില്‍ പ്പെടുകയും ആത്മഹത്യ ചെയ്യുകയും ചെയ്യുകയുണ്ടായി .
ചിലര്‍ വീട്ടുകാരുടെ പണം അവര്‍ പോലുമറിയാതെ ഗെയിമുകളില്‍ ഉപയോഗിച്ച് വീട്ടുകാരെ വിഷമത്തിലാക്കുകയുണ്ടായി . കൊച്ചു കുട്ടികളുടെ ഇന്‍ബോക്സുകളിലേക്ക് അശ്ലീല ചിത്രങ്ങളും വീഡിയോകളും അയച്ചു കൊടുക്കുകയും അവരെ മോശം ചിന്താഗതികളിലേക്ക് നയിക്കുകയും ചെയ്ത സംഭവങ്ങള്‍ ഒരുപാട് ഉണ്ടായി . പുറത്തായ വിവരങ്ങളില്‍ ഒരധ്യാപകനെയും നമ്മള്‍ കണ്ടു . അറിയപ്പെടാത്ത ഒരുപാട് വിഷയങ്ങള്‍ അവ്യക്തമായി തുടരുകയും ചെയ്യുന്നു . ഏറ്റവും മോശമായ ഒരു വിഷയം എന്താണ് എന്നു നോക്കിയാല്‍ കുട്ടികള്‍ മൊബൈലിനു അഡിക്റ്റ് ആയി മാറുന്ന കാഴ്ച ആയിരുന്നു . ഉറങ്ങാന്‍ പോകുമ്പോള്‍ പോലും അവരുടെ കൈകളില്‍ മൊബൈല്‍ സൂക്ഷിയ്ക്കുന്ന വിധത്തില്‍ അത് വളര്‍ന്ന് . ഇടയ്ക്കിടക്ക് മൊബൈല്‍ തുറന്നു നോക്കി മെസ്സെജുകള്‍ ഉണ്ടോ ഇല്ലയോ എന്നു നോക്കുന്ന അവസ്ഥയിലേക്ക് കുട്ടികള്‍ വീണു പോകുന്നത് കാണാനായി . മൊബൈല്‍ ഉപയോഗം കുറച്ചപ്പോഴോ , നിയന്ത്രിക്കുകയോ നിഷേധിക്കുകയോ ചെയ്തപ്പോഴോ ആത്മഹത്യകള്‍ സംഭവിക്കുന്നത് കാണാന്‍ കഴിഞ്ഞു . ഒറ്റയ്ക്കാകുന്ന അവസരങ്ങളിലൊക്കെയും അല്ലാത്തപ്പോഴും ഓൺലൈനുകളിൽ കുട്ടികൾ രഹസ്യാത്മകത സൂക്ഷിക്കാനും പ്രകടിപ്പിക്കാനും ശ്രമിക്കുന്നത് കാണാനായി.
ഇത്തരം അവസ്ഥകളില്‍ വീണു പോകുന്ന തരത്തില്‍ ഓണ്‍ ലൈന്‍ സ്വാധീനം കുട്ടികളില്‍ വളര്‍ന്ന് കഴിഞ്ഞപ്പോഴാണ് ആശ്വാസമെന്ന പോലെ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത് . ഇത് രക്ഷകര്‍ത്താക്കളെ സംബന്ധിച്ചു ഒരു നല്ല സംഗതിയാണ് . കാരണം കുട്ടികളിലെ മൊബൈല്‍ സ്വാധീനം ഇല്ലാതാക്കാന്‍ ഇത് ഉപകരിക്കും എന്നവര്‍ ആശ്വസിക്കുന്നു . ഇതാ അവിടെയാണ് മറ്റൊരു പ്രശ്നം കടന്നു വരുന്നത് . കുട്ടികള്‍ക്ക് കുറഞ്ഞ കാലം കൊണ്ട് കിട്ടിയ ഈ സൗകര്യങ്ങള്‍ അവര്‍ക്ക് ഉപേക്ഷിക്കാന്‍ കഴിയാത്ത വിധത്തില്‍ അവരില്‍ സ്വാധീനപ്പെട്ടിരിക്കുന്നു . മൊബൈല്‍ വാങ്ങിവയ്ക്കുകയോ , നിഷേധിക്കുകയോ , പരിമിതപ്പെടുത്തുകയോ ചെയ്യുമ്പോള്‍ അവരില്‍ അത് മാനസികമായ ആഘാതങ്ങള്‍ സൃഷ്ടിക്കുന്നു . അവരില്‍ മറ്റേതൊരു അഡിക്ഷന്‍ വിഷയങ്ങളിലും സംഭവിക്കുന്നത് പോലെയുള്ള പ്രത്യാഘാതങ്ങള്‍ ഇത് ഉണ്ടാക്കുന്നു . ഇത് മനസ്സിലാക്കി രക്ഷകര്‍ത്താക്കളും സ്കൂള്‍ അധികൃതരും മാനസിക ആരോഗ്യ പ്രവര്‍ത്തകരും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിത് . തീര്‍ച്ചയായും സ്കൂളുകളില്‍ ക്ലാസുകള്‍ക്കൊപ്പം കൗണ്‍സലിംഗ് കൂടി അവശ്യമുള്‍പ്പെടുത്തി കുട്ടികളെ ഈ വിഷയത്തില്‍ ബോധവത്കരിക്കുന്നില്ല എങ്കില്‍ നമുക്ക് പുതിയ പല വാര്‍ത്തകളും വിഷയങ്ങളും സമീപകാലത്ത് ചർച്ച ചെയ്യപ്പെടേണ്ടി വരും എന്നതില്‍ സംശയമേതുമില്ല. ഫാമിലി ലിങ്ക് പോലുള്ള ആപ്പുകള്‍ ഉപയോഗിച്ച് ഓണ്‍ ലൈന്‍ ക്ലാസ്സ് സമയം മുതലേ കുട്ടികളുടെ മൊബൈല്‍ ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന ഒരാള്‍ എന്ന നിലയില്‍ ഇപ്പോള്‍ അനുഭവിക്കുന്ന് പ്രശ്നം അതിന്റെ സമയങ്ങള്‍ കുറച്ചു കൊണ്ട് വരുന്ന ആദ്യ ശ്രമത്തില്‍ തന്നെ കഠിനമായ എതിര്‍പ്പുകളും പ്രതിഷേധ പ്രവർത്തികളും കുട്ടികള്‍ പ്രകടിപ്പിച്ചു തുടങ്ങുന്നു എന്നുതന്നെയാണ് . നിരന്തരമായ കൗണ്‍സലിംഗുകള്‍ നടത്തുന്നുണ്ട് എങ്കിലും വിജയം എത്രകണ്ടു ഉണ്ടാകും എന്നറിയില്ല. ഒറ്റയടിക്ക് നിര്‍ത്തുക എന്നത് പ്രശ്നം തന്നെയാണ് . പടിപടിയായി സമയം വെട്ടിക്കുറച്ചും , പഠനസമയത്തെയും ഉല്ലാസ സമയങ്ങളെയും ഉറക്ക സമയത്തെയും ക്രമീകരിച്ചു അതിനിടയില്‍ ഒരു കുഞ്ഞ് സമയം ഇതിന് വേണ്ടി നല്‍കിക്കൊണ്ട് ക്രമമായി അവരില്‍ നിന്നും അത് തിരികെ വാങ്ങുക ആണ് ആശ്വാസവഹമായ ഒരു പ്രവര്‍ത്തി എന്നു കരുതുന്നു.
മുതിര്‍ന്നവര്‍ ഉപയോഗിച്ചിരുന്ന സംഗതികള്‍ എന്തെന്ന് അവര്‍ അനുഭവിച്ചറിഞ്ഞവര്‍ ആണ് . അവര്‍ക്കത് രസാവഹവും ഒഴിവാക്കാന്‍ കഴിയാത്തതുമായി ഉള്ളില്‍ പരുവപ്പെടുകയും ചെയ്യുമ്പോള്‍ ആണ് അതിനെ നിയന്ത്രിക്കാന്‍ ശ്രമം വരുന്നത് . അതിനു നാം ഒരുങ്ങുമ്പോൾ അവര്‍ക്ക് നാം നല്കേണ്ട കാഴ്ച നമ്മളും അത് ഉപയോഗം കുറച്ചു കാണിക്കുന്നത് തന്നെയാകും . കുട്ടികളെ പഠിപ്പിക്കുന്ന സമയത്ത് രക്ഷകര്‍ത്താക്കള്‍ മിക്കവാറും ചെയ്യുക അവരെ പഠിക്കാന്‍ വിട്ടിട്ടു മൊബൈലില്‍ മുഴുകുക എന്നതാണു . അവര്‍ക്കതില്‍ ഈര്‍ഷ്യയും പഠനത്തിലെ ശ്രദ്ധ വിട്ടുപോകാനും സാധ്യത ഉണ്ട് . കഴിക്കുമ്പോള്‍ , ഉറങ്ങാന്‍ പോകുമ്പോള്‍ ഒക്കെ രക്ഷകര്‍ത്താക്കള്‍ തങ്ങളുടെ മൊബൈല്‍ ഉപയോഗം അവര്‍ക്ക് മുന്നില്‍ കുറച്ചു കാണിക്കുന്നത് വളരെ നന്നായിരിക്കും എന്നു കരുതുന്നു . അതുപോലെ കുട്ടികള്‍ക്ക് സംഗീതം കേള്‍ക്കാന്‍ വേണ്ടി ആകും മിക്കവാറും അവര്‍ മൊബൈല്‍ ഉപയോഗിക്കാന്‍ ചോദിക്കുക . അങ്ങനെ വരുമ്പോള്‍ നെറ്റ് ഓഫ് ചെയ്തു അവര്‍ക്ക് അത് നല്കാം സോഷ്യല്‍ മീഡിയകള്‍ ഉപയോഗം ചെയ്യാന്‍ അനുവദിക്കാതെ തന്നെ . അതല്ലെങ്കില്‍ മീഡിയ പ്ലേയറുകള്‍ വാങ്ങിക്കൊടുത്താല്‍ അവര്‍ മൊബൈല്‍ ഉപേക്ഷിക്കാന്‍ തയ്യാറാകും . പക്ഷേ അധിക നേരം ഹെഡ് ഫോണുകള്‍ ഉപയോഗിക്കുന്നത് ചെവിയില്‍ ഫംഗസ് ബാധയും കേള്‍വിക്ക് പ്രശനവും ഉണ്ടാക്കും എന്നതുകൂടി നാം മനസ്സിലാക്കുക തന്നെ വേണം. കണ്ണുകള്‍ക്ക് വരള്‍ച്ച , കാഴ്ചയ്ക്ക് പ്രശ്നം , ഉറക്കക്കുറവ് , നട്ടെല്ലിന് പ്രശ്നം തുടങ്ങിയ പലവിധ പ്രശ്നങ്ങള്‍ മൊബൈലിൻ്റെ നിരന്തര ഉപയോഗം കുട്ടികള്‍ക്ക് നല്കും . അവര്‍ വളര്‍ന്ന് തുടങ്ങിയിട്ടേയുള്ളു അവര്‍ വളഞ്ഞു പോകാതിരിക്കട്ടെ . കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അവരെ പ്രേരിപ്പിക്കുക . അതാകട്ടെ ഹാളിലോ മറ്റുള്ളവരുടെ കണ്‍വെട്ടത്തോ ആയിരിക്കാന്‍ ശ്രദ്ധിയ്ക്കുക . ഗെയിമുകളും ഓണ്‍ ലൈന്‍ സൈറ്റുകളും എടുക്കാന്‍ അവര്‍ ഉപയോഗിയ്ക്കുന്ന ഇ മെയില്‍ വിലാസം അവരുടെ പേരില്‍ തന്നെ തുടങ്ങുക അവരുടെ ശരിയായ പ്രായം കൊടുത്തുകൊണ്ടു . അത് മൂലം അഡള്‍ട്ട് റേറ്റിംഗ് സംവിധാനം കൊണ്ട് കുറേയൊക്കെ അവരുടെ അന്വേഷണങ്ങള്‍ ആരോഗ്യകരമായി നില്ക്കും . നിയന്ത്രണങ്ങള്‍ നല്‍കുന്നതിനൊപ്പം തന്നെ അവര്‍ക്ക് ലൈംഗിക വിദ്യാഭ്യാസവും ബോധവത്കരണവും സോഷ്യല്‍ മീഡിയകളും ഇന്‍റര്‍നെറ്റും അതിന്റെ ഗുണദോഷങ്ങളും പറഞ്ഞു ബോധ്യപ്പെടുത്തുക. ഇവയൊക്കെ കൊണ്ട് മാത്രമേ കുട്ടികളെ സ്വതന്ത്രമായി പരിമിതമായെങ്കിലും ഇവയൊക്കെ പോസിറ്റീവ് ആയി ഉപയോഗിക്കാന്‍ പ്രാപ്തമാക്കുകയുള്ളൂ. മാറുന്ന കാലത്തിനൊപ്പം അവരും ബുദ്ധിപരവും ആരോഗ്യപരവുമായി മാറട്ടെ . അത് നന്മ വരുത്തുക തന്നെ ചെയ്യും .
(ഈ ലേഖനത്തില്‍ കുട്ടികള്‍ എന്നും രക്ഷകര്‍ത്താക്കൾ എന്നും രണ്ടു കാര്യങ്ങള്‍ ഉപയോഗിച്ചത് പൊതുവത്കരണം ആയി എടുത്തു പ്രഹസനം സൃഷ്ടിക്കരുത് എന്നപേക്ഷിക്കുന്നു . മുഴുവന്‍ കുട്ടികളും രക്ഷകര്‍ത്താക്കളും സമൂഹവും ഇങ്ങനെയാണ് എന്നല്ല ഇങ്ങനെയും ഇവിടെ സംഭവിക്കുന്നുണ്ട് എന്നു മാത്രമുള്ള ഓരോര്‍മ്മപ്പെടുത്തല്‍ മാത്രമാണു ഇതിലുള്ളത് . ആ രീതിയില്‍ ഇത് വായിക്കണം എന്നു അപേക്ഷിക്കുന്നു.)
ബിജു .ജി . നാഥ്
No comments:
Post a Comment