മഞ്ഞണിഞ്ഞ ഹെയർ പിൻ വളവുകൾ:
വളഞ്ഞുപുളഞ്ഞു പോകുന്ന
മഞ്ഞിൻപ്പുതപ്പണിഞ്ഞ താഴ് വരകൾ !
നിന്നെയും പിറകിലിരുത്തി
ഒരു ബൈക്ക് യാത്ര....
ഏലയ്ക്കാ മണം നിറയും
കടുപ്പത്തിലൊരു ചായ മൊത്തി
തണുപ്പിനെയാവോളം ഉള്ളിലേക്കാവാഹിക്കണം.
അനന്തരം ,ഈറനണിഞ്ഞ നിരത്തിലൂടെ
തേയിലക്കൊളുന്തിന്റെ ചൂരുള്ള
പെണ്ണുങ്ങളുടെ ഒളിനോട്ടമാസ്വദിച്ച്
കാറ്റിനെ പിന്നിലേക്കോടിച്ചൊരു യാത്ര പോകണം .
നീളൻ ചുരുൾമുടികൾ നിന്നെ
ശ്വാസം മുട്ടിക്കുമ്പോൾ
ആർത്തിയോടെ നീയെന്റെ വയറിൽ
കൈ കൊരുക്കണം .
നിറയെ യാത്രക്കാർ കയറിയൊരു ജീപ്പ്
എതിരെ വരുമ്പോൾ
എല്ലാ കണ്ണുകളും നമ്മിലേക്ക് സൂം ചെയ്യുംവിധം
നീയെന്റെ കവിളിൽ ചുംബിക്കണം.
നുരച്ചു പതഞ്ഞു താഴേക്ക് പതിക്കുന്ന
വെള്ളച്ചാട്ടം കൊതിയോടെ നോക്കി
ഒഴുകി വരുന്ന കാട്ടരുവിക്കരയിൽ
അല്പനേരം കിന്നാരം പറഞ്ഞിരിക്കണം.
മുഖത്തേക്ക് വെള്ളം ചവിട്ടിത്തെറുപ്പിക്കുന്ന
എന്റെ വെള്ളിക്കൊലുസിനെ
നീ ഫ്രയിമിൽ പകർത്തുമ്പോൾ
കവിളോരമിരുകൈകൾ ചേർത്ത്
പൊട്ടിച്ചിരിക്കണമെനിക്ക്.
കാലം ഉപേക്ഷിച്ചുപോയ
മുനിയറകൾക്കും
പൂട്ടിക്കിടക്കുന്ന അമ്പല മുന്നിലും
ധ്യാനത്തോടല്പനേരമിരിക്കണം.
വഴിയിറമ്പിലെ ഓറഞ്ചു മരങ്ങളെ കൊതിയോടെ
നോക്കുന്ന നിന്റെ കൈകളെ
എന്റെ മാറിലേക്ക് പിടിച്ചു വയ്ക്കണം.
വഴിമുടക്കാനിറങ്ങിയേക്കാവുന്ന
കാട്ടുപോത്തുകളെയും ആനയേയും ഓർമ്മിപ്പിച്ചു
കാതോരം നിന്റെ നിശ്വാസമേൽക്കുമ്പോൾ
ആക്സിലേറ്റർ അറിയാതെ മുറുകണം.
കരിമ്പും ശർക്കരയും മദിപ്പിക്കുന്ന ഗന്ധമായി
നമ്മെപ്പൊതിയുമ്പോൾ
പിൻകഴുത്തിൽ നിന്നധരം പതിയണം .
എന്നിലേക്കു പൊതിഞ്ഞു പിടിക്കുന്ന
നിന്റെ ചൂടിലലിഞ്ഞ്
ആകാശത്തിലൂടെയെന്നവണ്ണം
നമുക്ക് യാത്ര ചെയ്യണം .
നിന്നെയും കൊണ്ടീ കുളിർമഞ്ഞിലൂടെ
മുഴുമിപ്പിക്കാനാവാത്തൊരു യാത്ര പോകണം.
ലോകം മുഴുവൻ നമ്മിലേക്ക് സൂം ചെയ്യുമ്പോൾ
എല്ലാം മറന്നൊരു യാത്ര. !
... ബി.ജി.എൻ വർക്കല
(മറയൂരിൽ നിന്നും അടിമാലിയിലേക്ക് അവളുടെ ബൈക്കിൽ പിറകിലിരുന്നൊരു യാത്രയെക്കുറിച്ചു. അവൾ പറയുമ്പോൾ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരിടവും ഒരനുഭവവും ആകുന്നത് ഞാനറിയുന്നു )
മധുരമനോജ്ഞമായ സ്വപ്നം
ReplyDeleteആശംസകള്‍