Friday, December 22, 2017

ജിഗ്സാ പസ്സല്‍ ..........രാജേഷ് ചിത്തിര

ജിഗ്സാ പസ്സല്‍ (കഥകള്‍ )
രാജേഷ് ചിത്തിര
ലോഗോസ്
വില :100 രൂപ

     കഥകള്‍ മനുഷ്യരെ ചിന്തിപ്പിക്കാനും രസിപ്പിക്കാനും ഓര്‍ത്ത്‌ വയ്ക്കാനും വേണ്ടിയുള്ളതാകണം. ഓരോ കഥയും ഓരോ ലോകം വായനക്കാരന് സമ്മാനിക്കണം . പൈങ്കിളികളുടെ അതിപ്രസരം ഉണ്ടായിരുന്ന മലയാള സാഹിത്യ രംഗം ചൂടുപിടിച്ച വായനകളുടെ ഇടയിലേക്ക് കടന്നു വന്നപ്പോള്‍ ഉണ്ടായ മാറ്റം എന്താണ് എന്ന് ചോദിച്ചാല്‍ രതിയുടെ , ഇക്കിളി സാഹിത്യത്തിന്റെ പുറം പാളി അടര്‍ന്നു വീഴുകയും ജീവിതത്തില്‍ അവയില്ലാതെ അല്ലെങ്കില്‍ അവയ്ക്ക് പുറമേ മറ്റു പലതും കഥകളില്‍ പറയാന്‍ കഴിയും എന്ന അവസ്ഥയിലേക്ക് വായനക്കാര്‍ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞു എന്നാകും ഉത്തരം . മലയാളത്തില്‍ ഇന്ന് വളരെ നന്നായി കഥകള്‍ പറയാന്‍ കഴിയുന്ന യുവ നിര വന്നുകഴിഞ്ഞിരിക്കുന്നു . അത് കേരളത്തില്‍ ഇരുന്നായാലും കേരളത്തിന്‌ പുറത്തിരുന്നായാലും എഴുത്തുകാര്‍ നിരന്തരം എഴുതുകയാണ് . പുതിയ ലോകങ്ങള്‍ അവരിലൂടെ വിടര്‍ന്നു വരികയാണ് . ഗള്‍ഫ് മേഖല ഇതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട് . ഗള്‍ഫ് മേഖലയിലെ കഥാരചനകളില്‍ ഇന്ന് വലിയതോതില്‍ പരീക്ഷണങ്ങളും പുതുമകളും മാറ്റങ്ങളും സംഭവിച്ചിരിക്കുന്നു . അനുഭവത്തിന്റെ ചൂടും ചൂരും എഴുത്തിനെ പരിപോക്ഷിപ്പിക്കുമ്പോള്‍ എഴുത്തുകാരന് എങ്ങനെ നിശബ്ദനാകാന്‍ കഴിയുക.
        "രാജേഷ് ചിത്തിര" എന്ന എഴുത്തുകാരന്റെ കഥാസമാഹാരം ആണ് "ജിഗ്സാ പസ്സല്‍" . പതിമൂന്നു കഥകളുമായി രാജേഷ് സാഹിത്യത്തിലെ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ ശ്രമിക്കുന്നു . വളരെ വ്യത്യസ്തമായ കഥാകഥന രീതിയാണ് രാജേഷിന്റെ വായനകള്‍ നല്‍കുന്നത് . ഓരോ കഥയും ആഴത്തില്‍ വായനയുടെ / ചിന്തയുടെ വിത്തുകള്‍ വിതയ്ക്കുന്നവയാണ് .
       ഭയം മനുഷ്യന്റെ ജീവിതത്തില്‍ വളരെ വലിയൊരു വിഷയമായി നിലനില്‍ക്കുന്നുണ്ട് . പലതിനോടും പലരീതിയിലും ആ ഭയം പ്രകടമാകുന്നുമുണ്ട് . ഇവിടെ ജലത്തോടുള്ള ഭയം ഒരു മനുഷ്യന്റെ ജീവിതത്തിലെ ഓരോ ഘട്ടത്തെയും എങ്ങനെ പ്രയാസമുള്ളതാക്കി മാറ്റുന്നു എന്ന വായന മാനുഷികമായും മാനസികമായുമുള്ള വിഷയത്തോട് കാട്ടുന്ന നീതിയാണ് എഴുത്തുകാരന്‍ അനുവര്‍ത്തിക്കുന്നത് എന്ന് പറഞ്ഞു തരുന്നു . ഭയത്തെ ഭയം കൊണ്ട് നേരിടാന്‍ ഉള്ള ശ്രമത്തിന്റെ ഒടുക്കം ആ ഭയം അയാളില്‍ നിന്നും അകന്നു പോകുകയും അടരുകള്‍ പോലെ ചെതുമ്പലുകള്‍ ഇളകി ഭയത്തിനു മുകളില്‍ ഒഴുകി നീങ്ങാന്‍ അയാള്‍ക്ക് കഴിയുന്നതും എഴുത്തുകാരന്‍ പങ്കുവയ്ക്കുന്ന രഹസ്യാത്മകമായ ഒരു പ്രതിവിധി തന്നെയാണ് . അധികാരത്തിനോടും വിധേയത്തോടും ചേര്‍ത്തു നിര്‍ത്തി ആ ഭയത്തെ വായിക്കുമ്പോഴാണ് ഒരുപക്ഷെ ആ രഹസ്യം മറനീക്കി വായനക്കാരനെ തൊടുക എന്ന് തോന്നുന്നു . ഒരു ജനത മുഴുവന്‍ കുറ്റവാളി ആകുന്ന ലോകത്തേക്ക് കണ്‍ തുറക്കുന്ന മറ്റൊരു കഥയില്‍ കാണാതാകുന്ന 'അയാള്‍' പിന്നീട് ആശങ്കകളുടെ ഒടുവില്‍ സ്നേഹിതന്റെ മുന്നില്‍ വന്നുനില്‍ക്കുമ്പോള്‍ പറയുന്ന ഒരു വാചകത്തില്‍ ആ കഥയുടെ ആത്മാവ് തൊട്ടെടുക്കാം. "അകലെ എവിടെയോ ഒരു വിവാഹസത്കാര ചടങ്ങിനു മധ്യേ , അല്ലെങ്കില്‍ തിരക്കില്‍ വിങ്ങില്‍നില്‍ക്കുന്ന ഒരു ചന്തയുടെ ഹൃദയത്തില്‍ , അതോ മറ്റു എവിടെയെങ്കിലുമോ , ഉഗ്രപ്രഹരശേഷിയോടെ ചിതറിത്തെറിക്കാനുള്ള കാത്തിരിപ്പിന്റെ എണ്ണിത്തീര്‍ക്കലിലാണ് അഹമ്മദെന്നു വിശ്വസിക്കുന്നുണ്ടോ ചങ്ങാതീ നീയും ?"
    തീവിഴുങ്ങിപ്പക്ഷിയില്‍ പ്രണയത്തിന്റെ , സംശയത്തിന്റെ , സ്വാര്‍ഥതയുടെ ജീവിതമുഹൂര്‍ത്തങ്ങളെ വരച്ചിടുമ്പോള്‍ ഒരു കവിതപോലെ മനോഹരമായി അത് വായിച്ചു പോകാന്‍ കഴിയുന്നുണ്ട് . വളരേയധികം സന്തോഷം നല്‍കുന്ന മറ്റൊരു വായനയാണ് അരാന്തയുടെ ആത്മഹത്യാവൃത്താന്തം. പ്രണയം പങ്കുവയ്ക്കപ്പെടുമ്പോള്‍ , പലരില്‍ ഒരാളായി ശരീരം പങ്കു വയ്ക്കപ്പെടെണ്ടി വന്ന സ്ത്രീയുടെ പകയുടെയും പ്രതികാരത്തിന്റെയും ദീര്‍ഘനിശ്വാസമാണ് അരാന്ത തന്റെ കാമുകന്റെ കൊലപാതകത്തിലൂടെ നിര്‍വ്വഹിക്കുന്നത് . പക്ഷെ ഒറ്റയ്ക്കൊരു ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാതെ അരാന്ത പലവട്ടം ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ കഥാകാരന്‍ അരാന്തയുടെ ശക്തിയെ കുറച്ചു കാണുകയും അവളെ ഒരു വെറും പെണ്ണായി തരം  താഴ്ത്തുകയും ചെയ്യുന്നതില്‍ വായനക്കാരന് അമര്‍ഷം തോന്നിയാല്‍ അതില്‍ കുറ്റം പറയാന്‍ കഴിയുകയില്ല .
    അപരവത്കരണത്തിന്റെ പരീക്ഷണം വളരെ നന്നായി വിജയിപ്പിച്ചു കാണിക്കാന്‍ കിനാപ്പാറാവ് , ഹിസ്‌ മാസ്റെര്സ് വോയിസ് എന്നീ  കഥകളില്‍  എഴുത്തുകാരന് കഴിഞ്ഞിരിക്കുന്നു . ഗൂര്‍ക്കയും കച്ചവടക്കാരനും തമ്മിലുള്ള ബന്ധവും അവരുടെ ഇരുവരുടെയും ജീവിതത്തിലെ സംഭവങ്ങളും സാമ്യതയും ഒക്കെ ഒട്ടൊരു രസത്തോടെ വായനയില്‍ പടര്‍ന്നു കയറുന്നുണ്ട് .അതുപോലെ വിപ്ലവവും പ്രത്യയ ശാസ്ത്രവും കാലഘടനയില്‍ ഉണ്ടാകുന്ന മാറ്റങ്ങളും ചിന്തകളും എഴുത്തിനെ വളരെ കയ്യടക്കത്തോടെ കൊണ്ട് പോകുന്ന ഒരു സുഖം വായനക്ക് നല്‍കുന്നു .  ആസക്തിയുടെ ചതുപ്പ് നിലങ്ങള്‍ പേര് പോലെ തന്നെ മനുഷ്യരിലെ ചില കാമനകളുടെ അപഥസഞ്ചാര പാതകളെ അനാവൃതമാക്കുന്നു. മനുഷ്യനും നായയും തമ്മിലുള്ള ബന്ധവും അതിന്റെ അതിസൂക്ഷമ തലങ്ങളും മറ്റൊരു കഥയില്‍ വളരെ നല്ല രീതിയില്‍ പറഞ്ഞിരിക്കുന്നു . ഓരോ കഥയും വളരെ നല്ല ഫ്രെയിമുകളില്‍ തന്നെ ചിട്ടപ്പെടുത്തിയ ഒന്നായി അനുഭവപ്പെട്ടു .
     കഥകളിലെ പരീക്ഷണങ്ങള്‍ നാളെയുടെ അടയാളങ്ങള്‍ ആയി രേഖപ്പെടുത്താന്‍ തക്ക കഴിവുള്ള ഒരു എഴുത്തുകാരന്‍ ആണ് രാജേഷ് ചിത്തിര എന്ന് നിസ്സംശയം പറയാന്‍ കഴിയും ഈ പുസ്തക വായനയില്‍ . കൂടുതല്‍ വായനകള്‍ നല്‍കാന്‍ കഴിയുന്ന എഴുത്തുകാരുടെ കൂട്ടത്തിലേക്ക് ഈ പ്രവാസിയും സ്ഥാനം പിടിക്കുന്നതില്‍ മലയാളിക്ക് അഭിമാനിക്കാം . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

No comments:

Post a Comment