Wednesday, December 13, 2017

പര്‍ദ്ദ


പര്‍ദ്ദ ഒരു പ്രതിരോധമാണ്.
വീശിയടിക്കുന്ന മണല്‍ക്കാറ്റിലും
ഉരുക്കിയൊഴിക്കുന്ന ഉഷ്ണത്തിലും
അതൊരു നല്ല പരിചയാണ്.

പര്‍ദ്ദ ഒരു മറയാണ് .
കമലാദാസില്‍ നിന്നും കമലാസുരയ്യയില്‍
കാലം കൊണ്ട് നിര്‍ത്തുന്ന സാന്ധ്യയില്‍
ചുളിവുകള്‍ മറച്ചു, മേദസ്സൊളിച്ചു
നവയൗവ്വനം നല്‍കാന്‍ മികച്ചത്.

പര്‍ദ്ദ ഒരു ഒളിയിടമാണ്.
കാപട്യത്തിന്റെ മറുപുറത്തില്‍ നിന്നും
ദയനീയതയുടെ ലജ്ജകളില്‍ നിന്നും
ഭയത്തിന്റെ മടവാളുകളില്‍ നിന്നും
ലോകത്തിനെ അകറ്റി നിര്‍ത്താനാവും.

പര്‍ദ്ദ ഒരു സന്തോഷമാണ്.
തൊലി കളയാത്ത മിഠായി പോലെ
വെയിലേല്‍ക്കാത്ത പൂവുടല്‍ പോലെ
സുഗന്ധവാഹിയായ ഉപഹാരം പോലെ
ആരുംതൊടാ കനിയായി ഭുജിക്കാന്‍.
-----ബിജു ജി നാഥ് വര്‍ക്കല


2 comments:

  1. പര്‍ദ്ദ ! എനിയ്ക്കൊരു മുസ്ലിം സുഹൃത്തുണ്ട്. അതിസുന്ദരി. അവരോടു ഞാന്‍ ചോദിച്ചു, ഈ സൗന്ദര്യംഇങ്ങനെ ഒളിച്ചു വച്ചിരിയ്ക്കുന്നതെന്തിനാണ് എന്ന്. അവര്‍ പറഞ്ഞു, അത് ഞങ്ങളുടെ സ്വന്തം പുരുഷന്മാര്‍ കണ്ടാല്‍ മതിയെന്ന്. ആ വാക്കുകളില്‍ ഒരു ഉറപ്പുണ്ടായിരുന്നു.

    മറ്റൊരു സുഹൃത്തുണ്ട്. അവരോടും ഞാന്‍ ചോദിച്ചു. അവരൊന്നും പറയാതെ വെറുതെ ചിരിച്ചു. ആ ചിരിയില്‍ ഒരു ഉറപ്പില്ലായ്മയുണ്ടായിരുന്നു.

    മറ്റൊരു പെണ്‍കുട്ടി വീട്ടില്‍ നിന്നും പര്‍ദ്ദ ഇട്ടു പുറത്ത് വരും. പുറത്തു വന്നാല്‍ അവള്‍ പര്‍ദ്ദ ഊരി മാറ്റി, വളരെ ഫാഷനബിളായിനടക്കും. ഇതൊക്കെ കണ്ടപ്പോ എനിയ്ക്ക് തോന്നി.. പര്‍ദ്ദകള്‍ പലതരം !

    ReplyDelete