Thursday, July 26, 2018

ഫ്രാന്‍സിസ് ഇട്ടിക്കോര.................. ടി ഡി രാമകൃഷ്ണന്‍


ഫ്രാന്‍സിസ് ഇട്ടിക്കോര(നോവല്‍)
ടി ഡി രാമകൃഷ്ണന്‍
ഡി സി ബുക്സ്
 വില:340 രൂപ 

   ചരിത്രത്തെ സമകാലിക സംഭവങ്ങളില്‍ കൂട്ടിച്ചേര്‍ത്ത് രചിക്കുന്ന രചനകള്‍ പലപ്പോഴും ഫിക്ഷന്‍ എന്ന ലേബലില്‍ ചാര്‍ത്തി തരുന്ന ഒന്നാന്തരം അസഭ്യങ്ങള്‍ ആകുന്നതു വായനക്കാരുടെ രസനാമുകുളങ്ങളെ ബാധിക്കാറുണ്ട് . കേവലം വായനയില്‍ നിന്നും മാറി നിന്നുകൊണ്ട് മിത്തിലോ സത്യത്തിലോ വിശ്വസിക്കണോ വേണ്ടയോ എന്നൊക്കെ ഒരു പരവേശം വായനക്കാരനെ വീര്‍പ്പുമുട്ടിക്കും . ചിലപ്പോള്‍ ഭ്രാന്തിന്റെ അതിപ്രസരത്താല്‍ അവനു സ്ഥലകാലബോധം നഷ്ടമായേക്കാം . എഴുത്തുകാരന്റെ ഭാവനകള്‍ കാടുകയറുമ്പോള്‍ അവനിലെ ആവിഷ്കാര സ്വാതന്ത്ര്യം ചിറകു വിടര്‍ത്തുമ്പോള്‍ എന്തും എഴുതാം എന്നൊരു കരുത്ത് അവനില്‍ എത്തിച്ചേരും . പലപ്പോഴും അത് ജീവിതത്തില്‍ ഓരോ വായനക്കാരനും കാണുക സ്വന്തം അനുഭവങ്ങളോ ചിന്തകളോ വികാരങ്ങളോ കൂട്ടുപിണഞ്ഞ ഒരു കാഴ്ചയായി ആകും . അതില്‍ നിന്നുകൊണ്ട് അവന്‍ ചിന്തിക്കുമ്പോള്‍ എഴുത്തുകാരന്റെ മനസ്സിനെ, അവന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ നിന്നും വേറിട്ട്‌ കാണുകയും വായന എഴുത്തുകാരനില്‍ കേന്ദ്രീകരിച്ചു അവനില്‍ നിലയര്‍പ്പിച്ചു വായിക്കുകയും ചെയ്യുന്ന ഒന്നാകും . എഴുത്തില്‍ എഴുത്തുകാരനെ കാണുന്ന ഈ അവസ്ഥയാണ് ഇന്നത്തെ കാലത്ത് ഫാസിസം എന്നൊരു മേലങ്കി അണിഞ്ഞു വായനക്കാരും കാള പെറ്റെന്നു കേട്ടു കയറെടുക്കാന്‍ ഓടുന്നവരും അനുവര്‍ത്തിക്കുന്നത് . ഫലത്തില്‍ ദുര്‍ബ്ബലനായ എഴുത്തുകാരന്‍ തന്റെ പേന വലിച്ചെറിഞ്ഞു ഇനിയില്ല എന്നാര്‍ത്ത് തന്നിലേക്ക് ഉള്വളിയും . 
   ടി.ഡി.രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവല്‍ വായിക്കുമ്പോള്‍ മനസ്സില്‍ എന്ത് വികാരം ആണ് ഉണ്ടായത് എന്ന് പറയുന്നതിന് മുന്‍പ് എന്താണ് ആ നോവല്‍ പങ്കു വയ്ക്കുന്നത് എന്നൊന്ന് ഓടിച്ചു നോക്കുന്നത് നല്ലതാകും എന്ന് കരുതുന്നു . ഒന്നാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ എങ്ങോ ജീവിച്ചിരുന്ന ചരിത്രത്തിലെ അറിയപ്പെടുന്ന ആദ്യ ഗണിത ശാസ്ത്ര വിശാരദയായ സ്ത്രീയാണ് ഹൈപ്പെഷ്യ. ഗണിത ശാസ്ത്രജ്ഞ ആയിരുന്ന അവരെ അന്നത്തെ രാഷ്ട്രീയ സാമൂഹിക കാഴ്ചപ്പാടുകളും ചുറ്റുപാടുകളും മതവും വളരെ ക്രൂരമായി കൈകാര്യം ചെയ്യുകയും കൊലചെയ്യുകയുമാണുണ്ടായത് എന്ന് മനസ്സിലാക്കാം . ഓടിന്റെ കഷണങ്ങളും കക്ക ഇറച്ചിയുടെ തോടും കൊണ്ട് അവളുടെ നഗ്ന ശരീരത്തിലെ മാംസം എല്ലില്‍ നിന്നും തോണ്ടി എടുത്തു തീയില്‍ ഇട്ടു കത്തിച്ചു ഒരു ജനത മുഴുവന്‍ ചേര്‍ന്ന് പള്ളിക്കുള്ളില്‍ വച്ച് എന്ന് വായിക്കുമ്പോള്‍ മനസ്സിലാകും കത്തോലിക്ക സഭയുടെ ആധിപത്യം എത്ര കണ്ടു ക്രൂരവും പൈശാചികവുമായിരുന്നു മത നിഷേധികള്‍ക്ക് നേരെ എടുത്ത നിലപാടുകള്‍ എന്ന് . ഈ ഹൈപ്പെഷ്യ എന്ന വനിതയെ പതിനാലാം നൂറ്റാണ്ടില്‍ കേരളത്തില്‍ നിന്നും കുരുമുളകുമായി കടല്‍ കടന്നു പോയ ഇട്ടിക്കോര എന്ന വ്യക്തിയുമായി കണക്റ്റ് ചെയ്യുന്ന കഥയാണ് ഈ നോവല്‍ പങ്കു വയ്ക്കുന്നത് . കേരളത്തിലെ വളരെ ഉയര്‍ന്ന സ്ഥാനം നിലനിര്‍ത്തിയ ഒരു വ്യക്തിയായിരുന്നു ഇട്ടിക്കോര എന്നും ധനികരില്‍ ധനികനായിരുന്നു അദ്ദേഹം എന്നും വായിക്കാം . ഇട്ടിക്കോര ഒരു ഗണിത ശാസ്ത്ര വിശാരദനും കൂടിയാണ് . അയാള്‍ കടല്‍ കടന്നു പോകുകയും പിന്നീട് അയാള്‍ ഹൈപ്പെഷ്യയുടെ ആശയങ്ങള്‍ നടപ്പില്‍ വരുത്തുന്ന സംഘടനകളുമായി ചേര്‍ന്ന് അതിനെ വളര്‍ത്തിക്കൊണ്ടു വരുന്ന ഒരു പ്രസ്ഥാനമായി പതിനെട്ടാം കൂറ്റ് എന്ന ഒരു കുടുംബ തലത്തിലേക്ക് വളര്‍ത്തി വലുതാക്കിയ ഒരു സാമ്രാജ്യത്തിന്റെ അപ്പൊസ്തലനും ആകുന്നു . അടിസ്ഥാനപരമായി ഇരുണ്ട കാലഘട്ടം എന്ന് വിശേഷിപ്പിക്കുന്ന പതിനാലുമുതല്‍ പതിനെട്ടു വരെയുള്ള കാലഘട്ടം രതിയുടെയും ഭീകരതയുടെയും ഒരു കാലം കൂടിയായിരുന്നു .
   ലൈംഗിക അരാജകത്വം നിലനിന്ന ആ കാലഘട്ടത്തെ അതുപോലെ വരച്ചു കാണിക്കുന്ന നോവല്‍ , ആ കാലഘട്ടത്തെ ഇന്നും സംസ്കാരമായി കൊണ്ട് നടക്കുന്ന കോര കുടുംബത്തെ അവതരിപ്പിക്കുന്നു . ലൈംഗികതയുടെ ഭീഭത്സമായ കാഴ്ചകള്‍ ആണ് നോവല്‍ കാണിക്കുന്നത് . മനുഷ്യ മാംസം തിന്നുന്നതും , ക്രൂരമായി മനുഷ്യരെ പീഡിപ്പിക്കുന്നതും ലൈംഗിക ഇരകളെ മൃഗീയമായി ആസ്വദിക്കുന്നതും ഒക്കെ വളരെ വിപുലമായി പറഞ്ഞു പോകുന്ന നോവല്‍ പലപ്പോഴും പമ്മന്റെ നോവലുകളിലെ രതി പ്രസരത്തെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു . രതിയുടെ ഭീകരതയും നരഭോജനവും മാറ്റിനിര്‍ത്തിയാല്‍ എന്തുണ്ട് ഈ നോവല്‍ പങ്കുവയ്ക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരം ഉണ്ടാകും എന്ന് തോന്നുന്നില്ല . ഇതൊരു സങ്കല്പ ലോകമായി കണ്ടാല്‍ പോലും വായനയില്‍ പലപ്പോഴും മനസ്സ് വെറുത്തുപോകുകയും ഓര്‍ക്കാനം വരികയും ചെയ്യുന്ന രീതിയില്‍ വര്‍ണ്ണനകളും വിവരണങ്ങളും നിറഞ്ഞിരുന്നു .
   തീര്‍ച്ചയായും തികഞ്ഞ മനോരോഗിയായ ഒരാള്‍ക്ക് മാത്രമേ ഈ നോവല്‍ ആസ്വദിച്ചു വായിക്കാനും ഇതില്‍ നിന്നും മുത്തും പവിഴവും വേര്‍തിരിച്ചു എടുക്കാനും കഴിയൂ എന്നൊരു ചിന്ത ഉണ്ടായതില്‍  ഒരുപക്ഷെ വായനക്കാരന്റെ ആസ്വാദ്യ ഘടകങ്ങള്‍ ഒരു പങ്കു വഹിക്കുന്നുണ്ടാകം . മനുഷ്യനിലെ ഇരുണ്ട ഭാവന വശങ്ങളെ ടി ഡി രാമകൃഷ്ണന്‍ വളരെ വിശദമായി പ്രതിപാതിക്കുന്ന ഈ നോവല്‍ ഒറ്റ വായന കൊണ്ട് തന്നെ മനസ്സില്‍ നിന്നും ഇറങ്ങി പോകുകയും ഭയം ജനിപ്പിക്കുകയും ചെയ്യുന്നുണ്ട് . ഒറ്റ ഇരുപ്പിന് കാണാമെന്നു വെല്ലുവിളി ഏറ്റെടുത്തു ആന്റി ക്രിസ്റ്റ് എന്ന ചിത്രം കാണാന്‍ ഇരുന്നതും ചില രംഗങ്ങള്‍ കണ്ടു മനസ്സ് തളര്‍ന്നു ക്ലോസ് ചെയ്തു വച്ചതുമായ അനുഭവം മുന്‍പ് ഒരു സിനിമയില്‍ നിന്നും ഉണ്ടായിട്ടുണ്ട് എങ്കില്‍ ഒറ്റ വായന കഴിയാതെ പലപ്പോഴും നിര്‍ത്തി വച്ച് മനസ്സിനെ മറ്റു പലതിലേക്കും കൊണ്ട് പോകേണ്ടി വന്നു ഈ നോവല്‍ വായനയില്‍ .
   കൂടുതല്‍ വായനകള്‍ ഉണ്ടാകട്ടെ എന്ന് മാത്രം ആശംസിച്ചുകൊണ്ട് ബി.ജി.എന്‍ വര്‍ക്കല

No comments:

Post a Comment