Saturday, July 21, 2018

ഓര്‍ക്കാപ്പുറങ്ങള്‍


ഓര്‍ക്കാപ്പുറങ്ങള്‍

പൊടുന്നനെയാകും
തിക്കിത്തിരക്കി ഓര്‍മ്മകള്‍ കടന്നുവരിക.
ഒരു മുന്നറിയിപ്പുമില്ലാതെ
ഉമ്മറത്ത് വന്നു നില്‍ക്കും .
എന്തിനാ വന്നതെന്ന് ചോദിക്കുക അസാധ്യം.
ഒഴിവാക്കാന്‍ കഴിയാത്ത മുഖങ്ങള്‍
അവയിലെ ആഴത്തിലുറഞ്ഞ നോവുകള്‍
കടലോളം പരന്ന വര്‍ത്തമാനങ്ങള്‍
ഒക്കെയും തിക്കിത്തിരക്കി മുന്നോട്ടു വരും .
എന്നെ ഓര്‍മ്മയില്ലേ എന്നൊരു ചോദ്യം
എറിഞ്ഞു തരും .
ഓര്‍ക്കാതിരിക്കാന്‍ കഴിയാത്ത
ഓര്‍മ്മകളെ എങ്ങനെ ആട്ടിപ്പായിക്കാനാണ്‌.
ചിലപ്പോള്‍ കവിയുടെ വരികള്‍ ചൊല്ലിയാകും വന്നു നില്‍ക്കുക.
ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം
ഓര്‍മ്മിക്കണം എന്ന വാക്ക് മാത്രം
ശരിയാണ്...........ശരിയാണ്.
ഓര്‍ക്കാതിരിക്കാന്‍ മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ല,
മറക്കാതിരിക്കാനും .
കഴുകിയുണക്കാനിട്ട വസ്ത്രങ്ങള്‍ പോലെ
ഓര്‍മ്മകള്‍ ഇപ്പോള്‍ ഉമ്മറത്ത് നിരന്നു കിടപ്പാണ് .
ചാവു മണം നിറഞ്ഞ മുറിയിലെ
നിര്‍വ്വികാരരതിപോലെ,
പരേതന്റെ ഓര്‍മ്മക്കുറിപ്പുകള്‍ പോലെ,
കൂട്ടിയിട്ട സാധനങ്ങള്‍ പോലെ
എണ്ണയുണങ്ങിപ്പിടിച്ച പഴയ തയ്യല്‍ മെഷീന്‍പോലെ...
ഓര്‍മ്മകള്‍ ഓടിനടക്കുകയാണ് ഉമ്മറത്താകെ.
എന്തിനാകും ഞാനിപ്പോഴും
മരണത്തെക്കുറിച്ച് ചിന്തിക്കുന്നത് .
ഓര്‍മ്മകളില്‍ നിന്നും ഓടിയൊളിക്കാനോ
അതോ എനിക്ക് ഭയം നിറഞ്ഞിട്ടോ ?
എന്തിനാകും .....
---------ബിജു. ജി നാഥ് വര്‍ക്കല
ഹരിതകേരളം ജൂലൈ 2018 ല്‍ പ്രസിദ്ധീകരിച്ചു . 

No comments:

Post a Comment