Saturday, July 14, 2018

നിലാച്ചോറ്.................... ഷാബു കിളിത്തട്ടില്‍



നിലാച്ചോറ് (നോവല്‍)
ഷാബു കിളിത്തട്ടില്‍
കൈരളി ബുക്സ്
വില: 250 രൂപ

                           ജീവിതത്തെ അടയാളപ്പെടുത്തുക എന്നത് വളരെ സാഹസമുള്ള ഒരു ജോലിയാണ് . പ്രത്യേകിച്ച് അതൊരു മനുഷ്യന്റെ ജീവിതം മറ്റൊരാള്‍ പകര്‍ത്തുക എന്നത് . കാരണം അതൊരു പരകായപ്രവേശമാണ് . മറ്റൊരാള്‍ ജീവിച്ച ജീവിതത്തെ അയാളില്‍ നിന്നുകൊണ്ട് പറയുക . അയാളുടെ മാനസികവ്യാപാരങ്ങളെ പകര്‍ത്തുക . അയാള്‍ അനുഭവിച്ച നോവുകള്‍ , സന്തോഷങ്ങള്‍ , വികാരങ്ങള്‍ ,അങ്ങനെ അങ്ങനെ എല്ലാം. പലപ്പോഴും അതിനാല്‍ തന്നെ ജീവചരിത്രങ്ങള്‍ക്ക് ആത്മകഥയുടെ ചൂടും ചൂരും ഉണ്ടാകുകയില്ല . മറ്റൊരാളാകാന്‍ കഴിയാതെ പോകുന്നത് തന്നെയാണ് അതിനു പ്രധാനമായും കാരണമായി പറയാന്‍ ഉണ്ടാകുക .
                     
                         ‘ഷാബു കിളിത്തട്ടില്‍ എന്ന എഴുത്തുകാരന്റെ നിലാച്ചോറ് എന്ന കൃതി ഇത്തരത്തില്‍ ഒരു പരകായ പ്രവേശത്തിന്റെ വെളിപാടുകള്‍ ആണ് . ഉമാപ്രേമന്‍ എന്ന ജീവകാരുണ്യ പ്രവര്‍ത്തകയുടെ ജീവിതത്തെ ഉമയുടെ ശബ്ദത്തില്‍ അവതരിപ്പിക്കുവാന്‍ ആണ് ഷാബു ഇതില്‍ ശ്രമിക്കുന്നത് . നിരവധി പുരസ്കാരങ്ങള്‍ ലഭിച്ച ഒരു വ്യക്തിയാണ് ഉമാ പ്രേമന്‍. പ്രശസ്തിയും ഉപഹാരങ്ങള്‍ക്കും അപ്പുറം പ്രവര്‍ത്തികൊണ്ട് ജീവിച്ചു കാണിക്കുന്ന ഒരാള്‍ എന്ന് പറയുന്നതാകും ശരി . സ്വന്തം വൃക്ക തികച്ചും അപരിചിതനായ ഒരു വ്യക്തിക്ക് ഒരു പ്രതിഫലവും വാങ്ങാതെ പങ്കു വച്ചുകൊണ്ട് തന്റെ ആത്മാര്‍ത്തത തെളിയിച്ച ഉമാ പ്രേമന്റെ ജീവിതം വളരെ സംഭവബഹുലവും അപ്രതീക്ഷിതങ്ങളും നിറഞ്ഞതാണ്‌ .

              തമിഴ്നാട്ടിലെ സിന്താമണി എന്ന ഗ്രാമത്തില്‍  ജനിച്ചു പില്‍ക്കാലത്ത്‌ തൃശൂരില്‍ ജീവകാരുണ്യ പ്രവർത്തനത്തിൽ എത്തിച്ചേർന്ന ആ ജീവിതം ഏതൊരു മനുഷ്യന്റെയും മനസ്സിനെ ഒരു നിമിഷമെങ്കിലും വേദനിപ്പിക്കാതെ കടന്നു പോകുന്നു എങ്കില്‍ നിസ്സംശയം പറയാം അയാള്‍ ഒരു മനുഷ്യസ്നേഹിയല്ല . സഹജീവി സ്നേഹവും സേവനതല്പരതയും ഉള്ള ബാലന്റെയും, ഒരു സാദാ വീട്ടമ്മയായ തങ്കമണിയുടെയും മകളായാണ് ഉമ പിറന്നത് . കുട്ടിക്കാലത്തു തന്നെ അച്ഛനൊപ്പം യാത്രകള്‍ ചെയ്യുകയും ആതുര സേവനം കണ്ടു മനസ്സിലാക്കുകയും ചെയ്തിരുന്ന ഒരു കൊച്ചു പെണ്‍കുട്ടി . ആ കുട്ടിയുടെ മുന്നോട്ടുള്ള ജീവിതം കണ്ടുമറന്ന പഴയകാല സിനിമകളെ അനുസ്മരിപ്പിക്കുന്ന ഒന്നായിരുന്നു . അമ്മയുടെയും രണ്ടാനമ്മയുടെയും മാനസിക ശാരീരിക പീഡനങ്ങള്‍. ബാല്യത്തിലെ തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ ( അനുജനെ നോക്കലും വീടുപണിയും പഠനവും ) ഏറ്റെടുക്കേണ്ടി വരുന്ന അവൾ വളർന്നു കഴിയുമ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായി മദര്‍ തെരേസയെ കാണുകയും അവരുടെ ആശീര്‍വാദത്തോടെ സ്വന്തം നാട്ടില്‍ തന്നെ അതിനു ശ്രമിക്കുകയും ചെയ്യുന്നതും അമ്മയുടെ സ്വാര്‍ത്ഥത മൂലം വേശ്യാ വൃത്തിക്ക്  ആളെ സപ്ലൈ ചെയ്യുന്ന ഒരാളുടെ കൈകളില്‍ പെട്ട് മുംബയില്‍ എത്തുകയും അവിടെ നിന്നും പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ട് തിരികെ വരുന്നതും അമ്മയുടെ മറ്റൊരു പരിചയക്കാരനായ, തന്റെ അച്ഛന്റെ പ്രായം ഉള്ള ഒരു ധനികനായ മനുഷ്യന്റെ കൈകളില്‍ പെടുകയും അയാള്‍ അവളെ തന്റെ നാലാമത്തെ ഭാര്യയായി കൂടെ കൂട്ടുന്നതും തികഞ്ഞ മദ്യപാനിയും രോഗിയും ആയ അയാളില്‍ നിന്നും ഒരു കുട്ടിയുണ്ടാകുകയും പിന്നീടയാൾ മരിക്കുകയും ശേഷം അയാള്‍ നല്‍കിയ വീടും സഹായധനവുമായി തന്റെ ആഗ്രഹപ്രകാരമുള്ള ജീവിതം കരുപ്പിടിപ്പിക്കുകയും ചെയ്യുന്ന ഉമാദേവി. ഉമാബാലനില്‍ നിന്നും ഉമാ പ്രേമനി ലേക്കുള്ള ആ യാത്രയുടെ കഥയാണ് ഈ പുസ്തകം സമ്മാനിക്കുന്നത് . ഒരു സിനിമയുടെ വിഷ്വല്‍ പോലെ ഇതിനെ ചിത്രീകരിക്കാന്‍ ഷാബു ശ്രമിച്ചിട്ടുണ്ട് . തുടക്കത്തിലേ ആദിവാസി ഊരിലെ ഉമാ പ്രേമന്റെ പ്രവര്‍ത്തികളില്‍ നിന്നും ക്യാമറ തിരിയുന്നത് ഉമ എന്ന കൊച്ചു പെൺകുട്ടിയിലേക്കാണ് .  പിന്നെ അതു അവസാനിക്കുന്നത് ഉമാ പ്രേമന്റെ ഇന്നത്തെ ജീവിതത്തിലേക്ക് ആണ് . അവിടെ ഉമാ പ്രേമന്‍ എന്ന മനുഷ്യ സ്നേഹി സ്വന്തം വൃക്ക തികച്ചും അപരിചിതനായ ഒരാള്‍ക്ക് സൗജന്യമായി നല്‍കിക്കൊണ്ട് അവയവ ദാനത്തിന്റെ ഉദാഹരണം ആകുകയും രോഗികള്‍ക്കും മറ്റും വൈദ്യ സഹായവും അവയവ ദാനവും ലഭ്യമാക്കുന്നതിനുള്ള സേവനങ്ങള്‍ നല്‍കുന്ന ശാന്തി ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സംരംഭത്തിന്റെ അമരക്കാരിയും ആണ് . അവരുടെ ജീവിതം അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലെ സേവനങ്ങളില്‍ കൂടി വ്യാപിച്ചിരിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് ഈ ജീവചരിത്രപരമായ നോവല്‍ അവസാനിക്കുന്നു .  

                        ഈ ജീവിതത്തെ നന്നായി വരച്ചു കാണിക്കുന്നു ഷാബുവിന്റെ പുസ്തകത്തില്‍ . ഇതില്‍ പ്രധാനമായും കണ്ട ഒരു പോരായ്മ ഉമാ പ്രേമന്റെ ജീവിതത്തെക്കുറിച്ച് പറയാന്‍ എടുത്ത അത്രയും പേജുകളുടെ കാല്‍ഭാഗം പോലും അവരുടെ പ്രവര്‍ത്തങ്ങള്‍ക്ക് വേണ്ടി പറയാന്‍ എടുത്തില്ല എന്നുള്ളതാണ് . ആദിവാസികള്‍ക്കിടയിലെ അവരുടെ പ്രവര്‍ത്തനങ്ങളെ  സൂചിപ്പിക്കുന്ന ആമുഖം ഒരു അദ്ധ്യായം മാത്രമാണ് അതിന്റെ ഭാഗമായി ഉള്ളതു . പിന്നെ അവസാനഭാഗത്തുള്ള ആതുര സേവനത്തിന്റെ മാര്‍ഗ്ഗവും ജീവകാരുണ്യ പ്രവര്‍ത്തനവും . അതും അപൂര്‍ണ്ണം ആണ് തന്റെ പ്രവര്‍ത്തങ്ങളെ ഓടിച്ചു പറഞ്ഞു പോകുന്ന ഒരു ധൃതി അവിടെ നന്നായിഫീല്‍ ചെയ്തു . ഈ പുസ്തകം കേരള സര്‍ക്കാരിന്‍റെ  വിദ്യാഭ്യാസ വകുപ്പ് എട്ടാം ക്ലാസ്സിലെ കുട്ടികള്‍ക്ക്  ഇ ലേണിംഗ്  ഗ്രന്ഥമായി നല്‍കുന്നതിന്റെ വാര്‍ത്തകള്‍ വരികയുണ്ടായി . വളരെ നല്ല ഒരു കാര്യമായി അത് അനുഭവപ്പെട്ടു . കുട്ടികള്‍ക്കിടയില്‍ ജീവകാരുണ്യത്തിന്റെ സന്ദേശവും അവയവദാനത്തിനെക്കുറിച്ചുള്ള അവബോധവും നല്‍കാന്‍ അത് ഉപകരിക്കും പക്ഷെ അതിലേക്കുള്ള വിശദവിവരങ്ങള്‍ പുസ്തകത്തില്‍ കുറവാണ് എന്നത് മറച്ചു വയ്ക്കുന്നില്ല . ഷാബു കിളിത്തട്ടിലിന്റെ "കാലം കാവാലം " എന്ന കൃതി മുന്‍പ് വായിച്ചിരുന്നു . വളരെ നല്ലൊരു റഫറന്‍സ് ഗ്രന്ഥമായി അത്  അനുഭവപ്പെട്ടിരുന്നു. ഒപ്പം ഇപ്പോള്‍ ഈ പുസ്തകവും . തീര്‍ച്ചയായും നല്ല ഭാവിയുള്ള ഒരു മേഖലയാണ് ഷാബു  തിരഞ്ഞെടുത്തിരിക്കുന്നത് . മനോഹരമായ ഭാഷയും അറിവും അദ്ദേഹത്തിനു ഈ എഴുത്തുകളില്‍ സഹായകമാകുന്നത് വായനയില്‍  അനുഭവിക്കാന്‍ കഴിയും . തീര്‍ച്ചയായും കുട്ടികള്‍ക്ക് വായിക്കാന്‍ ഈ ഒരു പുസ്തകം നിര്‍ദ്ദേശിക്കുന്നതില്‍ സന്തോഷമാണ് . അത് അവരുടെ ജീവിതത്തെ സ്വാധീനിക്കുകയും അവരെ മനുഷ്യരായി വളരാന്‍ സഹായിക്കുകയും ചെയ്യും . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല


No comments:

Post a Comment