Saturday, July 7, 2018

ശിവപുരാണം ............അമീഷ്


ശിവപുരാണം
(മെലൂഹയിലെ ചിരന്ജീവികള്‍,നാഗന്മാരുടെ രഹസ്യം,വായുപുത്രന്മാരുടെ ശപഥം)
അമീഷ്
വിവര്‍ത്തനം : രാജന്‍ തുവ്വര
പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്



             ചരിത്രം പഠിക്കുന്നതും ചരിത്രത്തിനു ഒപ്പം നടക്കുന്നതും വളരെ സന്തോഷമുള്ള കാര്യങ്ങള്‍ ആണ് . നമ്മുടെ പൂര്‍വ്വകാലം തിരയുന്നതും അറിയുന്നതും നല്ലതാണല്ലോ . കലര്‍പ്പില്ലാത്ത , അതിഭാവുകത്വം ഇല്ലാത്ത ചരിത്രത്തെ വളച്ചൊടിക്കാത്ത ചരിത്രപഠനം പക്ഷെ വളരെ വളരെ കുറവാണ് എന്നതാണ് ഇവിടെ അന്വേഷകരെ കുഴപ്പിക്കുന്ന ഒരു വസ്തുത . ഇന്ന് ചരിത്രത്തെ വളച്ചൊടിക്കുകയും ജനതയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന അധികാരത്തിന്റെ കാലം കൂടിയാണ് .

          അമീഷ് തന്റെ ശിവപുരാണം മൂന്നു വാല്യങ്ങളിലൂടെ മുന്നോട്ടു വയ്ക്കുന്നത് ചരിത്രത്തില്‍ കൂടി ശിവന്‍ എന്ന ദൈവസമവാക്യത്തെ മനുഷ്യമുഖം നല്‍കി സാധാരണക്കാരില്‍ ഇന്നത്തെ ചുറ്റുപാടിലും ചിന്തയിലും നിന്നുകൊണ്ട് അവരെ വിശ്വസിപ്പിക്കുകയും അതുവഴി തങ്ങള്‍ വിശ്വസിച്ചു പോന്ന ദൈവ മഹിമകള്‍ പുതുതലമുറയ്ക്ക് കൂടി മറ്റൊരു വിധത്തില്‍ പകര്‍ന്നു കൊടുത്തുകൊണ്ട് അവരെ തങ്ങളുടെ വിശ്വാസങ്ങളിലേക്ക് കൊണ്ട് വരികയും ചെയ്യുക എന്ന ഗൂഡതന്ത്രം ആണ് . ശിവന്‍ എന്നൊരു മനുഷ്യന്‍ ജീവിച്ചിരുന്നു എന്നും ശിവന്റെ ജീവിത കഥകള്‍ പറയുന്ന സംഭവങ്ങള്‍ മനുഷ്യഭാവനയ്ക്ക് അതീതമായതുകൊണ്ടാണ് അവ ഇന്നത്തെ കാലം തള്ളുന്നത് എന്നുമുള്ള കാഴ്ചപ്പാടിലേക്ക് കൊണ്ട്  അതല്ല ആ മനുഷ്യനായി നിന്നുകൊണ്ട് മഹത്തായ ഭാരതസംസ്കാരത്തെ സംരക്ഷിക്കുന്ന കുറച്ചു പേര്‍ ഇല്ലായിരുന്നെങ്കില്‍ ഭാരതം നശിച്ചുപോയേനെ എന്നുള്ള കാഴ്ചപ്പാടിനെ അമീഷ് മുന്നോട്ടു വയ്ക്കുന്നു . ശിവന്‍ , കാളി , സീത , ഗണപതി , കാര്‍ത്തികേയന്‍ , നന്ദി , ദക്ഷന്‍ , ബ്രഹസ്പതി , രാമന്‍ , പരശുരാമന്‍ , ഭ്രുഗു തുടങ്ങി ഒട്ടെല്ലാ പുരാണ കഥാപാത്രങ്ങളെയും മനുഷ്യരായി നിര്‍ത്തിക്കൊണ്ട് അമാനുഷികതകള്‍ ഇല്ലാതെ പുരാണ കഥയെ പുതിയ തലത്തില്‍ അവതരിപ്പിക്കുന്നു .

        ആയുധങ്ങളെയും യുദ്ധ തന്ത്രങ്ങളെയും, യന്ത്രങ്ങള്‍, ഫാക്ടറികള്‍ , ശാസ്ത്രചിന്തകള്‍ , നിര്‍മ്മിതികള്‍ എന്നിവയെ കടമെടുത്തു അവയെ ആ കാലത്തേക്ക് സന്നിവേശിപ്പിച്ചു അമീഷ് എഴുതുന്ന തിരക്കഥ ഒരു പക്ഷെ സമകാലിക 'അശാസ്ത്ര'ചിന്തകളുടെ ഭാഗമായ ഒരു അധ്വാനം ആയി മാത്രമേ കാണാന്‍ കഴിയുകയുള്ളൂ .

         തിബത്തില്‍ നിന്നും വരുന്ന ഗോത്ര മനുഷ്യന്‍ ശിവന്‍ . ശിവനെ മെലൂഹ എന്ന ദക്ഷന്റെ രാജ്യത്തേക്ക് കൊണ്ട് വരുന്നത് നീലകണ്ഠന്‍ എന്ന രക്ഷകനെ ശിവനില്‍ കണ്ടിട്ടാണ് . മെലൂഹയില്‍ വച്ച് നല്‍കുന്ന അമൃത് കഴിക്കുന്നതോടെ ശിവന്റെ കഴുത്തു നീലയാകുകയും അതോടെ നീലകണ്ഠന്‍ എന്ന രക്ഷകനെക്കുറിച്ചുള്ള മെലൂഹന്‍ ഐതിഹ്യം ശരിയാവുകയും ചെയ്യുന്നു . മെലൂഹ തിന്മയെ നശിപ്പിക്കാന്‍ വേണ്ടിയാണ് ശിവനെ കൊണ്ട് വരുന്നത് . അവര്‍ തിന്മ എന്ന് കരുതുന്നത് നാഗന്മാര്‍ എന്ന വിഭാഗത്തെയാണ് . നാഗന്മാര്‍ എന്നാല്‍ ശരീര വൈകൃതത്തോടെ ജനിക്കുന്നമനുഷ്യര്‍ . ഇവരുടെ റാണി ആണ് ദക്ഷന്റെ മകളും വിരൂപയും ആയ കാളി . കാളിയുടെ സഹോദരിയാണ് സതി . സതിയുടെ ആദ്യ മകന്‍ ആണ് ഗണപതി . ഗണപതിയും നാഗന്‍ ആണ് . ഇവരെ ദക്ഷന്‍ നാടുകടത്തിയതിനാല്‍ സതിയ്ക്കും ഇവര്‍ക്കും തമ്മില്‍ ഒരു ബന്ധവും ഇല്ല . മാത്രവുമല്ല സതിയുടെ ആദ്യ വിവാഹത്തില്‍ (നൂറു കൊല്ലം മുന്പ് ആണത്) ജനിച്ച വികൃതക്കുഞ്ഞാണ് ഗണേശന്‍ . സതിയോടു ആ കുഞ്ഞു മരിച്ചു എന്ന് പറഞ്ഞു ദക്ഷന്‍ നാഗന്മാര്‍ക്ക് കൊടുത്തതാണ് ആ കുഞ്ഞിനെ . ഈ നാഗന്മാരെ നശിപ്പിക്കാന്‍ വേണ്ടിയാണ് ശിവനെ കൊണ്ട് വരുന്നത് . ശിവന്‍  സതിയെ ഇഷ്ടപ്പെടുകയും ദക്ഷന്‍ ശിവനെ നഷ്ടമാകാതിരിക്കാന്‍ വിവാഹം കഴിച്ചു കൊടുക്കുകയും ചെയ്യുന്നു . ഇതിനെ തുടര്‍ന്ന് ശിവന്‍ നാഗന്മാരെ തേടിപ്പോകുകയും ഒടുവില്‍ നാഗന്മാരുടെ രഹസ്യം കണ്ടെത്തി  കാളിയും ഗണപതിയെയും കൂടെ കൂട്ടുകയും അവരല്ല തിന്മ മറിച്ചു അമൃതാണ് തിന്മ എന്ന് തിരിച്ചറിയുകയും ചെയ്യുന്നു . അമൃത് നിര്‍മ്മിക്കുന്നത് മൂലം സരസ്വതി നദി മലിനമാകുകയും അത് മറ്റു നദികളെ മലിനമാക്കി ചിലരാജ്യങ്ങളുടെ ജനങ്ങളില്‍ അര്‍ബുദവും മറ്റും ഉണ്ടാക്കുകയും ചെയ്യുന്നു എന്ന കണ്ടുപിടിത്തം മൂലം ശിവന്‍ വിഷ്ണുവിന്റെ സ്വന്തം ആള്‍ക്കാരായ ഒരു കൂട്ടം സന്യാസിമാരുമായി ചേര്‍ന്ന്, അമൃത് നിര്‍മ്മാണ കമ്പനി തകര്‍ക്കുകയും നദികളെ രക്ഷിക്കുകയും ചെയ്യാനുറച്ചു ദക്ഷനോട് യുദ്ധത്തിനു പുറപ്പെടുന്നു . ഈ യുദ്ധത്തിനു വേണ്ട ആയുധം തിരഞ്ഞു അവര്‍ ശിവന്റെ സ്വന്തം ആള്‍ക്കാരായ വായുപുത്രന്മാരുടെ അടുത്തു ചെല്ലുകയും അവിടെ നിന്നും പാശുപതാസ്ത്രം എന്ന ലക്ഷ്യവേധ മിസൈലുമായി തിരികെ വരികയും ചെയ്യുന്നു .

            ഈ സമയം ശിവനെ ചതിയിലൂടെ കൊല്ലാന്‍ വേണ്ടി ദക്ഷന്‍ തന്റെ പടനായകനുമായി ചേര്‍ന്ന് ഈജിപ്തില്‍ നിന്നും വാടകക്കൊലയാളികളെ കൊണ്ടുവരികയും ശിവന് വേണ്ടി വച്ച കെണിയില്‍ സതി അകപ്പെടുകയും സതി അതി ക്രൂരമായി വധിക്കപ്പെടുകയും ചെയ്യുന്നു . ശിവനും കൂട്ടരും പകയോടെ ദക്ഷനെയും കൂട്ടരെയും മിസൈല്‍ ഇട്ടു കൊല്ലുകയും അതോടെ അമൃതഫാക്ടറി തകരുകയും ഭാരതം രക്ഷപ്പെടുകയും ചെയ്തു . ശിവന്‍ കാളിയും ഗണപതിയും കാര്‍ത്തികേയനുമായി തിബത്തില്‍ തിരികെ പോകുകയും അമൃത് അല്പം മാത്രം നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ അവിടെ ചില ഏര്‍പ്പാടുകള്‍ ഉണ്ടാക്കുകയും അതിനു കാവലായി ലാമ എന്ന വിഭാഗം മനുഷ്യരെ തയ്യാര്‍ ചെയ്യുകയും ചെയ്തു . പിന്നെ ശിവനും കൂട്ടരും കൈലാസത്തില്‍ പോയി ശേഷം ജീവിതം ധ്യാനവും സതിയുടെ ഓര്‍മ്മയും ആയി കഴിച്ചു കൂട്ടുന്നു .

       അമീഷ് ഈ കഥയ്ക്ക് ശേഷം തുടങ്ങാന്‍ പോകുന്ന കഥയുടെ ത്രെഡ് കൂടി നല്‍കുന്നുണ്ട് . ഇനി വരിക 'യഥാര്‍ത്ഥ മഹാഭാരതകഥ' ആണെന്ന് ഉള്ള സൂചന തന്നിട്ടുണ്ട് . രാമായണം മൂന്നു ഭാഗങ്ങള്‍ ആയി എഴുതിക്കഴിഞ്ഞു . അങ്ങനെ സങ്കല്പ ചരിത്രം പുതിയ തലത്തില്‍ പുതിയ കാഴ്ചപ്പാടില്‍ വിശ്വാസികള്‍ക്ക് നല്‍കുവാന്‍ ഉള്ള അമീഷ് എന്ന ശിവഭക്തന്റെ ദൗത്യത്തില്‍ നിന്നും വളരെ വലിയൊരു സംഭാവനയാണ് ശിവപുരാണം .

       ഒരു കാര്യം സമ്മതിക്കാതെ വയ്യ . ഭാവനയും , കഴിവും ഒത്തിണങ്ങിയ ഒരു നല്ല എഴുത്തുകാരന്‍ ആണ് അമീഷ് . ആ രചനാശൈലിയും നിരീക്ഷണ,വ്യാഖ്യാന പാടവവും തികച്ചും അഭിനന്ദനീയമാണ് . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല  


No comments:

Post a Comment