എന്നെ നോക്കുമ്പോള്‍,
സഹതാപത്തിന്റെ പരാഗങ്ങള്‍
സഹാനുഭൂതിയുടെ മധുലേപനം
കരുണയുടെ നീള്‍മിഴികള്‍
ഒന്നും അരുതരുതു ....
നഷ്ടങ്ങള്‍ എന്റേതാണ്.
ജീവിതം ഞാന്‍ പുനര്‍ നിര്‍മ്മിക്കുകയാണ്
എന്നെ സഹായിക്കേണ്ടത്
എന്നോട് സഹതപിച്ചിട്ടല്ല
എന്നെ ജീവിക്കാന്‍ അനുവദിച്ചുകൊണ്ടാണ്.
എന്റെ വഴികളില്‍ തടസങ്ങള്‍ ആകാതെ
ആവശ്യങ്ങളില്‍ വിലപേശാതെ
ഏകാന്തതയ്ക്ക് കൂട്ടു വാഗ്ദാനം ചെയ്യാതെ
സ്വതന്ത്രയായി ജീവിക്കാന്‍ അനുവദിച്ചുകൊണ്ടാണ്.
ഇന്നലെവരെ എനിക്ക് കൂട്ടുണ്ടായിരുന്നു.
വച്ചു വിളമ്പുകയും
തൂത്തു തുടയ്ക്കുകയും
കിടന്നുകൊടുക്കുകയും ചെയ്യാന്‍
ഞാന്‍ *വിലകൊടുത്തു വാങ്ങിയൊരാള്‍.
എനിക്ക് ഉണ്ണാനും
ഉടുക്കാനും
എന്റെ ആവശ്യങ്ങള്‍ നിറവേറ്റാനും
ബാധ്യസ്ഥനെന്നു ഭാവിച്ചൊരാള്‍.
ഇന്ന് എനിക്കതില്ല .
പക്ഷെ ഞാന്‍ അബലയല്ല
അനാഥയും.
എനിക്കറിയാം ജീവിക്കാന്‍
നിങ്ങള്‍ എന്നെ ജീവിക്കാന്‍ അനുവദിച്ചാല്‍ മതി
എനിക്ക് വേണ്ടതതു മാത്രം.
*സ്ത്രീധനം
(ഫേബിയന്‍ ബുക്സിന്റെ നൂറു കവികള്‍ ഇരുന്നൂറു കവിതകള്‍ എന്ന കവിതാ സമാഹാരത്തില്‍ ഉള്‍പ്പെട്ട കവിത )
(ഫേബിയന്‍ ബുക്സിന്റെ നൂറു കവികള്‍ ഇരുന്നൂറു കവിതകള്‍ എന്ന കവിതാ സമാഹാരത്തില്‍ ഉള്‍പ്പെട്ട കവിത )
No comments:
Post a Comment