രണ്ടാമൂഴം (നോവല്‍ )
എം . ടി . വാസുദേവന്‍ നായര്‍
കറന്റ് ബുക്സ്
വില : 100 രൂപ
ആത്മകഥയുടെ ആവിഷ്കാരം, അതിന്റെ ഭംഗി ഇവയൊക്കെ അനുഭവിക്കുവാന്‍ അത് എഴുതുന്നതും അതേ വ്യക്തി തന്നെയാകണമില്ല എന്ന് തോന്നും ചില എഴുത്തുകള്‍ വായിച്ചാല്‍ . അതെ, അത്തരത്തില്‍ ഒരു കൂടുമാറ്റത്തിലൂടെ എക്കാലത്തെയും നല്ലൊരു ആത്മകഥയാണ് രണ്ടാമൂഴം എന്ന് കരുതുന്നതില്‍ തെറ്റില്ല . മഹാഭാരതകാലത്ത് നിന്നും ഭീമസേനന്‍ നേരിട്ട് വന്നു തന്റെ മനസ്സ് തുറക്കുന്ന ഒരു അനുഭൂതി വായനയില്‍ നിറയ്ക്കുന്ന ഒരു കൃതിയാണ് എം ടി യുടെ രണ്ടാമൂഴം എന്ന് നിസ്സംശയം പറയാന്‍ കഴിയും . "ഞാന്‍ പലരുടെ ജീവിതത്തെപ്പറ്റിയും എഴുതിയിട്ടുണ്ട് അവയില്‍ വളരെ പഴയ ഒരു ജീവിതത്തെ കുറിച്ച് പറയുന്നു എന്ന് കരുതിയാല്‍ മതിയെന്ന " എഴുത്തുകാരന്റെ വാക്കുകള്‍ ശരിക്കും ശരി വയ്കുന്ന രീതിയില്‍ ആണ് രണ്ടാമൂഴം വായനക്കാരനെ സമീപിക്കുന്നത് .
കൈ തൊട്ടാല്‍ പൊള്ളുന്ന വിഷയങ്ങള്‍ ആണ് ഇന്ന് പുരാണ കഥകളും വ്യക്തികളും . അവരുടെ പേരോ ജീവിതമോ വിമര്‍ശനത്തിനു പാത്രമാകുകയോ ആചാരങ്ങള്‍ക്കോ ചിന്തകൾക്കോ ഒരു മറുപക്ഷ ചിന്ത ഉണ്ടാകുകയോ ചെയ്‌താല്‍ അതിനെ നഖ ശിഖാന്തം എതിര്‍ക്കാനും, കഴിയുമെങ്കില്‍ ആ ശബ്ദത്തെ നിഷ്കാസനം ചെയ്യാനോ ഇന്ന് ഒരു മടിയുമില്ലാത്ത ഒരു ജനതയാണ് വളര്‍ന്നു വരുന്നതും . മുന്‍പെങ്ങുമില്ലാത്ത വണ്ണം ദൈവങ്ങളും ഇതിഹാസ നായകന്മാരും പ്രവാചകരും അസ്പ്രശ്യരായി നില്‍ക്കുമ്പോള്‍ എം ടി തന്റെ രണ്ടാമൂഴത്തിലൂടെ ഭീമസേനനെയും മറ്റു പാണ്ഡവരെയും കൃഷ്ണനെയും ഒക്കെ പച്ച മനുഷ്യരായി മുന്നില്‍ നിര്‍ത്തുന്നു . ഒരുപക്ഷെ ഇന്ന് മലയാളത്തില്‍ അത് കഴിയുമോ എന്ന് സംശയമാണ് . മലയാളിക്ക് മാത്രമാണ് ഈ അസഹിഷ്ണുത എന്നതിന് വ്യക്തമായ ഉദാഹരണമാണ് അമീഷിന്റെ ശിവ പുരാണവും രാമായണ സീരീസും . അത് മലയാളത്തില്‍ ആയിട്ടും ഒരു ഭക്തരുടെയും വികാരം മുറിപ്പെടാഞ്ഞത് അവര്‍ക്കത് ആഴത്തില്‍ മനസ്സിലാകാതെ പോയതിനാല്‍ മാത്രമാകണം . നിര്‍മ്മാല്യം എന്ന ചിത്രത്തിലെ വെളിച്ചപ്പാട് വിഗ്രഹത്തിലേക്ക് തുപ്പുന്ന രംഗം ഇന്ന് പുനർസൃഷ്ടിക്കാന്‍ കഴിയുമോ എന്ന വെല്ലുവിളി ഉയര്‍ത്തുന്ന കാലഘട്ടം കൂടിയാണല്ലോ മുന്നില്‍ .
ഭീമന്‍ എന്ന മനുഷ്യനിലൂടെ , മഹാ പ്രസ്ഥാനം എന്ന സ്വര്‍ഗ്ഗയാത്രയുടെ ആരംഭത്തിലൂടെ തുടങ്ങുന്ന നോവല്‍ അവസാനിക്കുന്നത് പൂര്‍ത്തിയാകാത്ത കടമ നിര്‍വ്വഹിക്കാന്‍ ഒരു യഥാര്‍ത്ഥ പോരാളിയുടെ മടക്കയാത്രയില്‍ ആണ് . ഈ കഥയില്‍ കുന്തിക്ക് ദിവ്യ ഗര്‍ഭങ്ങള്‍ ഒന്നും തന്നെ ഉണ്ടാകുന്നില്ല . രാക്ഷസര്‍ ഒന്നും അമാനുഷികര്‍ ആകുന്നില്ല . കൃഷ്ണന്‍ എന്ന യാദവ നായകനും സംഘവും അമാനുഷികര്‍ ആകുന്നില്ല . സ്വന്തമല്ലാത്ത ഒരു രാജ്യത്തിന് വേണ്ടി , ആ കാലത്ത് നിലനിന്ന അച്ഛന്‍ എന്ന ലേബല്‍ അതിലുപരി ഭര്‍ത്താവ് എന്ന ലേബലിനു താഴെ ഉണ്ടാകുന്ന കുട്ടികള്‍ക്കെല്ലാം ആ ലേബല്‍, ഉടമയും അയാളുടെ അനന്തര സ്വത്തുകള്‍ക്ക് അവകാശവും സംഭവിക്കുന്ന വ്യവസ്ഥിതിയില്‍ മരിച്ചു പോയ പാണ്ഡുവിന്റെ ഭാര്യയും അഞ്ചു കുട്ടികളും അവകാശമുന്നയിക്കുകയും അത് അനുവദിച്ചു കൊണ്ട് പാതിരാജ്യം ലഭിക്കുകയും അഞ്ചു പേരില്‍ മൂത്തവന്‍ അത് ചൂതാട്ടം കൊണ്ട് നഷ്ടപ്പെടുത്തുന്നതും വീണ്ടും തിരികെ അത് ചോദിച്ചു പതിനാലു കൊല്ലം കഴിഞ്ഞു വരുമ്പോള്‍ കൊടുക്കില്ല എന്നാ വാക്ക് കേട്ട് കൗരവരാജ്യത്തിനോട് എതിര്‍പ്പുള്ള സ്വന്തബന്ധുക്കളുമായി ചേര്‍ന്ന് ഒരു യുദ്ധത്തിലൂടെ മുഴുവന്‍ രാജ്യവും സ്വന്തമാക്കുന്നതും ആണ് മഹാഭാരത കഥ .
ഈ കഥയിലെ സ്ത്രീകള്‍ എല്ലാം തന്നെ കുന്തിയും ദ്രൗപതിയും പറയുമ്പോലെ അന്ധകളും ഊമകളും ബധിരകളും ആയവര്‍ ആണ് . സന്താനോത്പദനോന്മുഖമായ ബാധ്യതകള്‍ മാത്രമാണ് സ്ത്രീകള്‍. പക്ഷെ യുദ്ധവും പങ്കുവയ്ക്കലുകളും അന്യബന്ധങ്ങളും അവരില്‍ തന്നെ ലയിപ്പിച്ചിരിക്കുകയും ചെയ്യുന്നുണ്ട് . പക്ഷെ അത്തരം ബന്ധങ്ങള്‍ക്ക് ആ കാലഘട്ടം നല്‍കിയിരുന്നത് അവഹേളനമല്ല മറിച് സ്വീകാര്യതകള്‍ ആയിരുന്നു എന്നും കാണാം . എല്ലാര്‍ക്കും എല്ലാം അറിയാം എങ്കിലും ആര്‍ക്കും അതില്‍ ബുദ്ധിമുട്ടുകള്‍ ഇല്ല എന്നതാണ് ശരി . ഇന്നത്തെ കാലത്ത് ഇല്ലാതെ പോകുന്നതും അത് തന്നെയാണ് .
പൊതുവേ മന്ദന്‍ എന്ന പേരുള്ള ഭീമന്‍ , ശക്തനും ഏതൊരു കാര്യത്തിലായാലും മുന്നില്‍ ചങ്കുറപ്പോടെ നിന്ന സ്നേഹമയനായ ഒരു സഹോദരനും മകനും ഭര്‍ത്താവും ആയിരുന്നു എന്ന് കാണാന്‍ കഴിയുന്നുണ്ട് ഈ വായനയില്‍ . മണ്ണിന്റെ മണമുള്ള , വികാരങ്ങള്‍ ഉള്ള പച്ചയായ ആ മനുഷ്യന് ദ്രാവിഡന്റെ പൈതൃകം അതുകൊണ്ട് തന്നെ പ്രകൃത്യാ ലഭിച്ച ഒരു കഴിവായി വെളിവാക്കുന്നു . വീര്യമുള്ള മകനു വേണ്ടി കാട്ടില്‍ പായ് വിരിച്ച കുന്തിക്ക് കാറ്റുപോലെ കടന്നു വന്നു തന്നെ ആകെ ഉഴുതുമറിച്ചു പോയ കാട്ടാളന്റെ മുഖം ഓര്‍മ്മയില്ല എങ്കിലും നിറത്തില്‍ മാത്രം കാട്ടാളന്‍ അല്ലാതിരുന്ന ഭീമന്‍ ജീവിതത്തില്‍ ഒരിക്കലും തന്മയത്ത്വം വിട്ടുള്ള ഒരു പെരുമാറ്റമോ പ്രകൃതമോ കൈകൊണ്ടതായി കാണാന്‍ കഴിയില്ല . വിധേയത്വം കൊണ്ടും സ്നേഹം കൊണ്ടും കോപം കൊണ്ടും മനുഷ്യത്വം കൊണ്ടും വീര്യം കൊണ്ടും പാണ്ഡവരില്‍ മുന്നില്‍ തന്നെയായിരുന്നു ആ മന്ദന്‍ . തീര്‍ച്ചയായും വായിക്കുംതോറും വീണ്ടും വീണ്ടും വായിക്കാന്‍ തോന്നുന്ന രണ്ടാമൂഴം വായനയില്‍ ഒരു സന്തോഷം തന്നെയാണ് . മനോഹരമായ ഭാഷയും മുഴച്ചു നില്‍ക്കാത്ത പാത്രസൃഷ്ടിയും ഈ നോവല്‍ മികച്ചതാക്കുന്നു . ഇതിനു വേണ്ടി എഴുത്തുകാരന്‍ നടത്തിയ പഠനം , എഴുതി തീര്‍ക്കാന്‍ എടുത്ത കാലം ഒക്കെയും എഴുത്തിനോടുള്ള സത്യസന്ധതയും സന്ധിയില്ല സമരവും വെളിവാക്കുന്നു .
വായിച്ചിരിക്കേണ്ട വ്യത്യസ്തത ഉള്ള നോവല്‍ തന്നെയാണ് രണ്ടാമൂഴം . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല
No comments:
Post a Comment