Monday, July 9, 2018

പുരുഷ വേശ്യ

സുഖദമാമൊരു രാവെനിക്കേകിയോൻ നീ
ഹൃദയമറിയും കാമുകൻ !
കയറിവന്നൊരുനാളെൻ ജീവിത-
വഴിയിലൊരു നിമിത്തമായ് നീ.
പലകുറി എന്നിലെ വ്യഥിതമാം ചിത്ത-
ത്തെയറിയുവാൻ ശ്രമിച്ചു
സമയമില്ലാത്തൊരെൻ പതിയുടെ
പ്രണയ വേഷം നീ കട്ടെടുക്കുന്നു.
കണ്ണുനീർ തുടച്ചെനിക്കമ്മയും
വാത്സല്യത്തോടണച്ചച്ഛനും
കുസൃതിക്കുറുമ്പുകളിലൂടുണ്ണിയും
സഹായഹസ്തം നീട്ടിയേട്ടനും
ഉപദേശപുസ്തകം തുറന്നമ്മാവനും
കൂട്ടുകൂടിയെൻ പ്രിയ കൂട്ടുകാരനും.
അറിവില്ലായ്മകൾ ചൂണ്ടി ഗുരുവും
അരുതായ്കകൾക്കു വൈദ്യനുമായ്
ഇടവും വലവും മുന്നിലും പിന്നിലും
ഇടവേളയില്ലാതെ നീ പ്രദക്ഷിണം ചെയ്യവേ
ഒരു നാൾ ഞാൻ ക്ഷണിച്ചതോർക്കുന്നു
മമ ശയ്യയിലെന്നുടെ പുതപ്പാകുവാൻ.
ഹൃദയം കൊതിച്ചപോൽ നീയെന്റെ
തനുവിനെ പുളകിതമാക്കിയ നിമിഷങ്ങൾ.
അറിയാതെ പോകും ഞാനെന്നു നിനച്ച
രതിശൈലങ്ങൾ നിന്നിലൂടെ കടക്കവേ ,
വേഷങ്ങളൊക്കെയും ആടിത്തിമർത്ത നീ
ജീവന്റെ ജീവനായെന്നിൽ പടരുന്നു.
ഭൂലോകമൊക്കെയും വിട്ടു ഞാൻ നിന്നിൽ
മൃത്യുവരിക്കും വരേക്കും കഴിഞ്ഞിടാൻ
അത്യധികമാമുത്സാഹമോടെ നിനയ്ക്കവേ,
അറിയുന്നു ഞാൻ നിനക്കൊരുവൾ മാത്രം.
നിന്റെ കാമിനിമാരിൽ പ്രഥമയല്ലിവൾ !
ഒരുപാടുപേരുണ്ട് നിന്നുടെ ജീവിത-
സരണിയിൽ നീയവർക്കെല്ലാമെനിക്കു പോൽ.
എങ്കിലും ഞാൻ കൊതിക്കുന്നു പ്രിയ,
നിൻ മനതാരിൽ ഞാൻ മാത്രമായിരുന്നെങ്കിൽ!
........ ബി.ജി.എൻ വർക്കല

No comments:

Post a Comment