Wednesday, July 11, 2018

ഗുരുസാഗരം........................... ഒ വി വിജയന്‍


ഗുരുസാഗരം (നോവല്‍)
ഒ വി വിജയന്‍
ഡി സി ബുക്സ്
വില: 125 രൂപ


        രചനാപരമായി അധികം സവിശേഷതകള്‍ ഇല്ലാത്ത അനവധി നോവലുകളും കഥകളും കവിതകളും വായനക്കാരുടെ വായനാസുഖത്തെ ഉപദ്രവിച്ചുകൊണ്ട് കടന്നു പോകാറുണ്ട് . പലപ്പോഴും വിരസതയുടെ മൂടുപടം ധരിച്ചുകൊണ്ട് അവയൊക്കെ വലിച്ചെറിയപ്പെടുന്നു പാതിവഴിയില്‍. ഇത്തരം അപൂര്‍ണ്ണ വായനകള്‍ നല്‍കുന്ന രചനകളെ വായനക്കാര്‍ക്ക് ഒരിക്കലും സന്തോഷത്തോടെ സ്വീകരിക്കാന്‍ കഴിയില്ലല്ലോ. ഇന്ന് സോഷ്യല്‍ മീഡിയയും ഓണ്‍ലൈന്‍ ബ്ലോഗുകളും സജീവമായിരിക്കുന്ന ഈ കാലത്ത് ഇഷ്ടപ്പെട്ടത് തിരഞ്ഞെടുക്കാന്‍ വായനക്കാരന് എളുപ്പം കഴിയുന്നു എന്ന് മാത്രമല്ല അവയൊക്കെ വാങ്ങി സൂക്ഷിച്ചു സമയം പണം സ്ഥലം എന്നിവ നഷ്ടപ്പെടാതെ കഴിച്ചുകൂട്ടാനും സാധിക്കുന്നു .

            ഒ.വി.വിജയന്‍റെ എഴുത്തുകള്‍ എല്ലാം തന്നെ തത്വചിന്താപരമായ ഒരു തലത്തെ ബൗദ്ധികവും ഭൗതികവുമായ മിശ്രണങ്ങൾ കൂട്ടി ചാലിച്ച് പതിപ്പിക്കുന്ന ചിത്രങ്ങള്‍ ആണ് എന്ന് തോന്നാറുണ്ട് . ഖസാക്കിലെ  ഇടവഴികള്‍ പോലും സുപരിചിതമാകുന്ന ആ ഒരൊറ്റ ഇതിഹാസം മാത്രം മതി   വിജയനെ അടയാളപ്പെടുത്താന്‍. "ഗുരു സാഗരം " എന്ന നോവല്‍ പക്ഷെ വിചിത്രമായ മറ്റൊരു വഴിയിലൂടെ ഉള്ള സഞ്ചാരമായി കാണാന്‍ കഴിയുന്നു . ആത്മീയതയുടെ അന്തര്‍ധാരയില്‍ നിറഞ്ഞു നില്‍ക്കുന്ന രചന ശാന്തിഗിരിയിലെ കരുണാകര ഗുരുവിന്റെ അടുത്തുള്ള സന്ദര്‍ശനവും പരിചയവും മൂലം എഴുതപ്പെട്ട ഒരു നോവല്‍ ആണെന്ന് എഴുത്തുകാരന്‍ തന്നെ ആമുഖത്തില്‍ പറയുന്നുണ്ട് . യുദ്ധവും വിഭജനവും പോളണ്ടും ബംഗ്ലാദേശും കല്‍ക്കട്ടയും തൂതപ്പുഴയും ഇടകലര്‍ന്ന ഒരു വായന . നോവിന്റെ മാനസിക സഞ്ചാരങ്ങളെ, ആന്തരിക സംഘര്‍ഷങ്ങളെ വളരെ വാചാലമായി പറഞ്ഞു പോകുന്ന ഒരു നോവല്‍ ആണിത് . കുഞ്ഞുണ്ണി എന്ന കേന്ദ്ര കഥാപാത്രത്തിലൂടെ സഞ്ചരിക്കുന്ന നോവലില്‍ രാഷ്ട്രീയവും സാമൂഹികവും ആയ തലങ്ങള്‍ വിഭജന കാലവും ലോക മഹായുദ്ധ കാലവും ആണ് . അത് ഇന്ദിരയില്‍ അടിയന്തിരാവസ്ഥയില്‍ വന്നവസാനിക്കുന്നു . ആ കാലഘട്ടം വരെയുള്ള സാമൂഹ്യ പശ്ചാത്തലം ആണ് നോവല്‍ വികസിക്കുന്ന പ്രതലം .      

           ബോധപൂര്‍വ്വം നേരെ പറയാതെ ചുരുക്കി പറയുന്ന സാമൂഹിക വിപ്ലവങ്ങള്‍ , യുദ്ധം , രാഷ്ട്രീയം എന്നിവ ഒരു കൈയ്യടക്കമുള്ള എഴുത്തുകാരന് മാത്രം കഴിയുന്ന ശൈലിയാണ് . വിജയന്‍ ഈ കഴിവ് നന്നായി പ്രകടിപ്പിക്കുന്നുമുണ്ട് . വളരെ ലളിതമായി  വലിയ യുദ്ധങ്ങളും ദുരിതങ്ങളും കണ്ട ഒരു പട്ടാള ഉദ്യോഗസ്ഥന്‍, തന്റെ ജീവിതത്തില്‍ പരാജയപ്പെടുകയും തന്റേത് എന്ന് കരുതുന്ന കുഞ്ഞു തന്റേതല്ല എന്നറിയുമ്പോള്‍ ഉണ്ടാകുന്ന മാനസിക വിഷമതകളും ജീവിതത്തെ ആത്മീയതയുമായി കൂട്ടിയിണക്കി ദിവസങ്ങളെ അലയാന്‍ വിടുന്നതും പറഞ്ഞു തീര്‍ക്കാവുന്നതാണ് . പക്ഷെ അവ അപ്പോള്‍ ഒരു സാധാ പൈങ്കിളി നോവല്‍ ആയി മാറുകയേ ഉള്ളൂ . എന്നാല്‍ ഇതേ വിഷയം വിജയന്‍ തന്റെ ശൈലിയില്‍ അവതരിപ്പിച്ചപ്പോള്‍ അതിനു വളരെ വലിയ മാനങ്ങള്‍ കൈവരികയും അതൊരു നല്ല വായനയുടെ തലത്തിലേക്ക് വളരുകയും ചെയ്തു .

       വിഷയവൈവിധ്യമല്ല ഇതില്‍ പ്രകടമായ വ്യത്യാസം . അത് കൈകാര്യം ചെയ്ത രീതിയാണ് . ആ രീതികൊണ്ട് മാത്രമാണ് ഈനോവലിനു ജീവന്‍ ഉണ്ടായത് എന്ന് വായന അടിയുറപ്പിച്ചു പറയുന്നു . മനുഷ്യമനസ്സിന്റെ ചിന്തകളെയും വ്യാപാരങ്ങളെയും തനത് ശൈലിയില്‍ പ്രകടിപ്പിക്കുകയും ചിത്രീകരിക്കുകയും ചെയ്യുന്നതില്‍ ഉണ്ടാകുന്ന ആവര്‍ത്തനവിരസത അതുകൊണ്ട് തന്നെ ഇതില്‍ അനുഭവപ്പെടുന്നില്ല . സംഭാഷണങ്ങളുടെ അസ്വാഭാവിക ചലനങ്ങള്‍ മാത്രമാണ് ഒരു അസ്വാരസ്യമായി തോന്നുന്നത് . പക്ഷെ ഒരു ചട്ടക്കൂട്ടില്‍ നിര്‍ത്തി വായിക്കുക എന്നതുകൊണ്ട്‌ സംഭവിക്കുന്നതാകാം അത് എന്ന് തോന്നുന്നു . കാരണം എഴുത്തുകാരന്‍ തന്നെ തുടക്കത്തില്‍ പറയുന്നുണ്ട് സംഭാഷണങ്ങള്‍ മറ്റു ഭാഷക്കാരുടെ കൂടി മനോവ്യാപാരങ്ങള്‍ പ്രകടിപ്പിക്കുന്നത് കൊണ്ട് തനതു ശൈലിയുടെ തനിമ ചിലപ്പോള്‍ ലഭിക്കില്ല എന്നൊരു സൂചന .

      നല്ലൊരു വായനയായിരുന്നു എങ്കിലും സമകാലിക വിവാദങ്ങളില്‍ സക്കറിയ ഉയര്‍ത്തിയ വിജയനിലെ മൃദുഹിന്ദുത്വചലനങ്ങള്‍ കരുണാകര ഗുരു നല്‍കിയ സ്വാധീനവും ഗുരുസാഗരത്തിലെ ഭാഷയും പശ്ചാത്തലവും ചേര്‍ത്തു വായിക്കപ്പെടേണ്ടതാണ് എന്ന് തോന്നുന്നു . ഒരു കണക്കിന് അത് ശരിയാണ് എന്ന് തന്നെ മനസ്സിലാക്കാനും കഴിയുന്നു. ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല


No comments:

Post a Comment