ആലാഹയുടെ പെണ്മക്കള്‍ (നോവല്‍ )
സാറാ ജോസഫ്
കറന്റ് ബുക്സ്
വില : 150 രൂപ
ജീവിതത്തിന്റെ പച്ചയായ ആവിഷ്കാരം എന്നത് ഭാരിച്ച ഒരു ജോലിയാണ് ഒരു എഴുത്തുകാരനെ സംബന്ധിച്ച് . സത്യസന്ധമായി അത് നിർവ്വഹിക്കേണ്ടി വരിക എന്നത് വിരളമായി സംഭവിക്കുന്ന ഒന്നായതിനാല്‍ തന്നെ . പലപ്പോഴും മിക്ക എഴുത്തുകാരും യാഥാര്‍ത്ഥ്യങ്ങളെ സമീപിക്കുക അവരുടേതായ ഒരു കാഴ്ചപ്പാടില്‍ നിന്നായിരിക്കും . അവരുടെ ഭാഷയുടെ ശൈലിയും അവരുടെ ചിന്താധാരയും അറിഞ്ഞോ അറിയാതെയോ അവര്‍ അതിലേക്ക് സന്നിവേശിപ്പിക്കുന്നു. ഇന്ന് ഉപരിപ്ലവമായ കാഴ്ചകളും അറിവുകളും കൊണ്ട് ജീവിതത്തെ വരച്ചു ചേര്‍ത്തു ഇതാണ് സത്യം എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന എഴുത്തുകാര്‍ നിറഞ്ഞിരിക്കുന്നു . എത്രയും പെട്ടെന്ന് അത് നിര്‍വ്വഹിക്കുക , വായനക്കാരെ അത് വായിപ്പിക്കുക എന്നൊരു ധൃതി എഴുത്തുകാരില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട് . പ്രവാസികളെ കുറിച്ചുള്ള കാമ്പുള്ള കഥകള്‍ ഒന്നും തന്നെ വരാതെ പോകുന്നതിന്റെ പ്രധാന വിഷയവും ഇതുതന്നെയാണ് . നാട്ടില്‍ നിന്നും സന്ദര്‍ശന വിസയില്‍ എത്തി പ്രവാസികളുടെ ജീവിതം കണ്ടും കേട്ടും എഴുതുന്നവരും , ശീതികരിച്ച മുറികളില്‍ ഇരുന്നുകൊണ്ട് ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത മരുഭൂമിയുടെ ചൂടിനെ കുറിച്ചെഴുതി കൈയ്യടി നേടുന്ന പ്രവാസഎഴുത്താളികളും ഒരുപാട് നമുക്ക് ചുറ്റിലും ഉണ്ട് . ഒറ്റപ്പെട്ട ഉദാഹരണങ്ങള്‍ മാറ്റിവച്ചാല്‍ എല്ലാം ഇങ്ങനെ തന്നെയാണ് .
'സാറാജോസഫി'ന്റെ "ആലാഹയുടെ പെണ്മക്കള്‍" വായിക്കുമ്പോള്‍ തീര്‍ച്ചയായും കണ്മുന്നില്‍ ഒരു ജീവിതം തെളിഞ്ഞു വരും . ആരും പരിചയപ്പെടുത്താതെ തന്നെ അത് വായനക്കാരന് അനുഭവവേദ്യം ആകും . കാരണം അത് ഹൃദയംകൊണ്ട് എഴുതപ്പെട്ടതാണ് എന്ന് കാണാം . ആനിയുടെ കഥയാണ് ആലാഹയുടെ പെണ്മക്കള്‍ . ആനി എന്ന കൊച്ചു പെണ്‍കുട്ടിയിലൂടെ , അവളുടെ കണ്ണിലൂടെ വായനക്കാര്‍ കോക്കാഞ്ചിറ എന്ന ദേശവും അതിന്റെ നാള്‍വഴികളും അറിയുകയാണ് . ഇറ്റുകണ്ണീര്‍ കണ്‍കളില്‍ ഊറാതെ ആനിയെ വായിച്ചുതീര്‍ക്കാന്‍ കഴിയില്ല തന്നെ .
ഓരോ നഗരവും ഉയര്‍ന്നു വന്നിട്ടുള്ളത് ഒരുപാട് നന്മകളെ ഇല്ലായ്മ ചെയ്തുകൊണ്ടുതന്നെയാണ് . കോക്കാഞ്ചിറ എന്ന, സമൂഹത്തിനു മനസ്സില്‍ നിറയെ അറപ്പും വെറുപ്പും നിറഞ്ഞ അഴുക്കു ചാലില്‍ നിന്നും കാലാന്തരത്തില്‍ നഗരത്തിന്റെ പുറം ചട്ടകള്‍ വലിച്ചണിഞ്ഞു നില്‍ക്കുന്ന തലത്തിലേക്ക് വളര്‍ന്നു വരുമ്പോള്‍ കൊച്ചാനിക്ക് നഷ്ടപ്പെടുന്നത് അവളുടെ ആകാശമാണ് . അവള്‍ക്ക് ലഭിച്ചിരുന്ന കാറ്റും വെളിച്ചവും ആണ് നഗരം വിഴുങ്ങുന്നത് . ഒറ്റപ്പെട്ടവരുടെ ശബ്ദങ്ങളെ എത്ര എളുപ്പം നമുക്ക് നിശബ്ദമാക്കാന്‍ കഴിയും എന്നതിന് ഉദാഹരണം കൂടിയാണത് . ദേശത്തിന്റെ അഴുക്കുകള്‍ വൃത്തിയാക്കുവാന്‍ വന്നെത്തിയവര്‍ക്ക് താമസിക്കാന്‍ കിട്ടിയതും ആ അഴുക്കു ചാലുകള്‍ ഉപേക്ഷിക്കുന്നിടം തന്നെ . ചീഞ്ഞളിഞ്ഞ ശവങ്ങളും ദുര്‍ഗന്ധവും ഒക്കെ കൊണ്ട് മലീമസമായ ഒരു ഇടത്തെ പതിയെ പതിയെ താമസയോഗ്യമായ ഇടമാക്കി ഒരു ജനത മാറ്റുമ്പോള്‍ എല്ലാ കുടിയേറ്റക്കാര്‍ക്കും ഒടുവില്‍ സംഭവിക്കുന്നതുപോലെ അവര്‍ വീണ്ടും താമസയോഗ്യമല്ലാത്ത മറ്റിടങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്നകാഴ്ചകള്‍ സാധാരണ നാം മറക്കാന്‍ ശ്രമിക്കുകയാണ് പതിവ് . അവരെക്കുറിച്ച് സംസാരിക്കാന്‍ പോലും സമൂഹത്തിനു താല്പര്യം കുറവാണ് .
അത്തരം ഒരു ചുറ്റുപാടില്‍ നിന്നുകൊണ്ടാണ് സാറാ ജോസഫിന്റെ ഈ നോവല്‍ സംവദിക്കുന്നത് . തുറന്നു കിടന്ന പ്രദേശങ്ങള്‍ , മണ്ണെണ്ണ വിളക്കും പ്രേതങ്ങളും മാത്രം കൂട്ടുണ്ടായിരുന്ന രാത്രികള്‍ ഇവയിലേക്ക് വലിയ വീടുകള്‍ , അവയില്‍ വലിയ പട്ടിത്തമ്പ്രാക്കന്മാര്‍ , കുപ്പിഗ്ലാസ് പൊടിച്ചു കുത്തി നിര്‍ത്തിയ മതിലുകള്‍ , റൊട്ടിക്കടകള്‍ , ഇംഗ്ലീഷ് സംസാരിക്കുകയും, കത്തിയും മുള്ളും മാത്രം ഉപയോഗിച്ചു കഴിക്കുകയും ചെയ്യുന്ന കുഞ്ഞുങ്ങള്‍.... ഒക്കെ വിരുന്നു വരികയാണ് . ഒരരിക് പറ്റി മതത്തിന്റെ വളര്‍ച്ചയും കൂട്ടിനുണ്ട് . ഇവയ്ക്കിടയില്‍ ഇവയൊന്നും പരിചിതമല്ലാത്ത അമരവള്ളികള്‍ നിറഞ്ഞ കൊച്ചു വീട്ടകത്തില്‍ നിന്നും ആനിയും കുടുംബവും ചലിക്കുന്നത് തത്സമയ സംപ്രേക്ഷണം പോലെ വായനക്കാരന്‍ കണ്ടറിയും . സാധാരണക്കാരന്റെ ഭാഷയും പൊടിപ്പും തൊങ്ങലുകളും ഇല്ലാത്ത കഥാപാത്രങ്ങളും നിറഞ്ഞ ഈ നോവല്‍ വായനയില്‍ ഒരുപാട് തലങ്ങള്‍ കാട്ടിത്തരുന്നുണ്ട് . കമ്യൂണിസം , കോണ്ഗ്രസ് , പെന്തക്കോസ്റ്റ് മിഷന്‍ , തുടങ്ങി രാഷ്ട്രീയ സാമൂഹിക പരിവര്‍ത്തങ്ങളും , മാറ്റങ്ങളോടെ സമരസപ്പെടാന്‍ കഴിയാതെ പോകുന്ന സാധാരണ മനുഷ്യരുടെ വിചാര വിക്ഷോഭങ്ങളും പ്രണയവും മരണവും തുടങ്ങി എല്ലാ മേഖലയിലും ഈ നോവല്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നുണ്ട് . പാര്‍ശ്വവത്കരിക്കപ്പെട്ട ജനതയുടെ ശബ്ദമായി ഈ നോവല്‍ വായിക്കപ്പെടാന്‍ കഴിയും .
തീര്‍ച്ചയായും വായനയില്‍ സന്തോഷം നല്‍കിയ ഒരു അനുഭവമാണ് ഈ നോവല്‍ . എല്ലാ ആശംസകളോടും ബി.ജി.എന്‍ വര്‍ക്കല
No comments:
Post a Comment