മാമ ആഫ്രിക്ക (നോവൽ)
ടി.ഡി.രാമകൃഷ്ണൻ
ഡി സി ബുക്സ്
വില ₹ 430.
നോവലുകൾ ഇന്ന് പരീക്ഷണങ്ങളുടെ ഘട്ടത്തിലാണ് എന്നു കാണാം. നോവലുകളുടെ പശ്ചാത്തലങ്ങൾ മാറിമറിയുകയും വാസ്തവികതയുടെയും ഭാവനയുടെയും അയഥാർത്ഥ തലങ്ങളിലൂടെ സഞ്ചരിക്കുകയും ചെയ്യുന്ന കാഴ്ച വായനക്കാരിൽ സന്തോഷവും സന്താപവും സമ്മിശ്രമായി നല്കുന്ന ഒന്നാണ്.
അടുത്ത കാലത്ത് കൊട്ടിഘോഷിച്ചു വന്ന പല നോവലുകളും ഒടുവിൽ, വായന നല്കിയ വേദനയാൽ ശരിക്കും എഴുത്തുകാരുടെ ക്രൂരതയുടെ ഇരകളാകേണ്ടി വന്ന വായനക്കാരുടെ ഭൗർഭാഗ്യത്തെ മലയാള സാഹിത്യം കാണുന്ന ഒരു കാലഘട്ടമാണല്ലോ ഇത്.
വായനയിൽ പലപ്പോഴും അത്ഭുതങ്ങൾ സംഭവിക്കാറുണ്ട്. ടി.ഡി.രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോര വായിച്ചപ്പോൾ തോന്നിയ നെഗറ്റീവ് മൂഡ് കുറച്ചു കാലം കാഞ്ഞിരത്തിന്റെ കയ്പ് പോലെ ഓർമ്മയിൽ നിൽക്കുകയുണ്ടായി. ഈ ഒരു ഓർമ്മയിൽ നിന്നു കൊണ്ടാണ് മാമ ആഫ്രിക്ക എന്ന നോവൽ വായനയ്ക്കായി എടുക്കുന്നത്. ആമുഖമോ അവതാരികയോ പഠനങ്ങളോ ഒരു പുസ്തകവായനയിലും ആദ്യം വായിക്കാറില്ല. കാരണം പുസ്തകവായനയുടെ ഗതിയെ അത് മാറ്റും എന്ന ചിന്തയാൽ അത്തരം കാര്യങ്ങൾ അവസാനം മാത്രമാണ് വായിക്കാറുള്ളത്.
മാമ ആഫ്രിക്ക എന്ന നോവൽ എന്താണ് പറയുന്നത് എന്നറിയാൻ വേണ്ടി അകത്തേക്ക് പ്രവേശിച്ചു. താര വിശ്വനാഥ് എന്ന, ജന്മം കൊണ്ട് മലയാളിയായ ആഫ്രിക്കൻ എഴുത്തുകാരിയുടെ മകൾ സോഫിയ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വച്ചു ടി.ഡി.രാമകൃഷ്ണനെ വന്നു പരിചയപ്പെടുകയും തന്റെ അമ്മയുടെ പഴയ തൂലികാ സൗഹൃദമായ അദ്ദേഹത്തിന് താര മലയാളത്തിൽ എഴുതി വച്ചിരുന്ന കുറിപ്പുകൾ കൈമാറുകയും ചെയ്യുന്നു. ആ കുറിപ്പുകൾ വായിക്കുമ്പോൾ അവയിൽ കേരളത്തിൽ നിന്നും ആഫ്രിക്കയിലേക്ക് തൊഴിലാനായി കടന്നു ചെന്ന മലയാളികളുടെ പുതിയ തലമുറയിലെ താര മലയാളത്തെ എത്രകണ്ട് സ്നേഹിക്കുന്നു എന്ന അറിവ് ആശ്ചര്യജനകമാകുന്നു. തുടർന്നു താര എഴുതിയ മാമ ആഫ്രിക്ക എന്ന ആത്മകഥാംശമുള്ള കഥയും അവളുടെ ആത്മകഥയുടെ രണ്ടാം ഭാഗത്തിനെയും കുറച്ചു കവിതകളെയും വായിച്ചു എഡിറ്റ് ചെയ്ത് ടി.ഡി. നോവൽ രൂപത്തിൽ പ്രസിദ്ധീകരിക്കുന്നു.
ഇത് അക്ഷരാർത്ഥത്തിൽ താരയുടെ ജീവിതമാണ്. ആഫ്രിക്കൻ ജീവിത പശ്ചാത്തലം, കുപ്രസിദ്ധനായ ഈദി അമീൻ എന്ന ഭരണാധികാരിയും താര വിശ്വനാഥുമായുള്ള ബന്ധം. താര അഭിമുഖീകരിക്കേണ്ടി വരുന്ന വേദനാഭരിതമായ ദുരിതപർവ്വങ്ങൾ. FGM (Female Genital Mutilation) പോലുള്ള പ്രാകൃത ഗോത്രാചാരത്തിന് വിധേയയാകേണ്ടി വരുന്നതും ലൈംഗികമായ ആക്രമണങ്ങൾ കറുത്ത വർഗ്ഗക്കാരിൽ നിന്നും ഏൽക്കേണ്ടി വരുന്നതും ഒക്കെ വായനക്കാർക്ക് വളരെ ദുഃഖത്തോടെ മാത്രം കാണേണ്ടി വരുന്ന വസ്തുതകൾ ആണ്. താര പക്ഷേ ഇന്നിന്റെ പെണ്ണാണ്. അവശ്യകതയനുസരിച്ചു കാര്യങ്ങളെ അഭിമുഖീകരിക്കാനും പ്രവർത്തിക്കാനും കഴിവുള്ളവൾ. അതിനാൽ തന്നെ സദാചാര നിഷ്ഠയുടെ മഞ്ഞക്കണ്ണുകളിൽ അവൾ നികൃഷ്ടയാണ്.
ഈ ദുരിതങ്ങൾ ഒക്കെ മറികടക്കുന്ന താര ഒടുവിൽ എയിഡ്സ് എന്ന മാരകരോഗത്താൽ ഈ ലോകത്തോട് വിട പറയുകയാണ്.
ആഫ്രിക്കയുടെ ഭൂപ്രത്യേകതകളും, പ്രകൃതി വിഭവങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും ഒക്കെ ഒരു ചെറിയ പരിധിയിൽ എങ്കിലും വിശദീകരിക്കാൻ താരയ്ക്ക് കഴിയുന്നുണ്ട്. ആത്മീയതയും കമ്യൂണിസവും ആഭിചാരവും രതിയും ഒക്കെക്കൂടി ചേർന്ന ഒരു മുൾക്കാടാണ് താരയുടെ ജീവിതഗന്ധിയായ ഈ എഴുത്തുകൾ. ഒരു സ്ത്രീയുടെ ചിന്താഗതികളിൽ നിന്നു കൊണ്ടതിനെ കഴിവതും പ്രകടമാക്കാൻ ശ്രമിക്കുന്ന ഈ നോവൽ ആത്മവിശ്വാസത്തിന്റെയും സാഹസികതയുടെയും സ്വതന്ത്ര രതിയുടെയും പ്രണയത്തിന്റെയും സമന്വയം കൂടിയാണ്.
വായനയുടെ ഒടുവിൽ താര വിശ്വനാഥ് ഒരു കഥാപാത്രം മാത്രമാണ് എന്ന എഴുത്തുകാരന്റ മുഖക്കുറിപ്പ് തിരികെ വന്നു വായിക്കവേ പൊടുന്നനവേ അമ്പരപ്പു നിറയുകയാണുണ്ടായത്. മഞ്ഞവെയിൽ മരണങ്ങളും സമുദ്രശിലയും വായിച്ചതിന്റെ കൂട്ടത്തിൽ ഇതാ മറ്റൊന്ന്. പക്ഷേ ഇതവയെ കവച്ചുവയ്ക്കുന്ന നിർമ്മിതി എന്നു വായന മുഴുമിക്കുമ്പോൾ മനസ്സിൽ തോന്നിയെങ്കിൽ, ആമുഖ വായന ഈ ധാരണയെ പാടേ തിരുത്തിക്കളഞ്ഞു. ഒരു പരകായ പ്രവേശം പോലെ വായനക്കാരനെ കബളിപ്പിച്ചു കൊണ്ട് അറിയപ്പെടാത്ത ഒരു ഭൂമികയുടെ പശ്ചാത്തലത്തിൽ ചരിത്രത്തെ കൂട്ടുപിടിച്ചു മറ്റൊരാളുടെ ഡയറിക്കുറിപ്പുകൾ പോലെ എഴുതിയ അതി മനോഹരമായ ഒരു നോവലാണിത്. കാല്പനികതയും ഫാന്റസിയും റിയലിസവും ഒക്കെ കൂട്ടിച്ചേർത്ത് മനോഹരമാക്കിയിരിക്കുന്ന ഈ നോവൽ തികച്ചും വായനയെ സംതൃപ്തിപ്പെടുത്തി എന്നു തന്നെ പറയാം.
ഇട്ടിക്കോര നല്കിയ മുഷിവ് മറികടക്കാൻ മാമ ആഫ്രിക്ക സഹായിച്ചിരിക്കുന്നു. തീർച്ചയായും വായനക്ക് സുഖാനുഭൂതി നല്‌കാൻ പര്യാപ്തമായ ഒരു നോവലായി എനിക്ക് അടുത്തിടെ വായിച്ചവയിൽ തോന്നിയ ഒരു നോവലാണിത്.
ആശംസകളോടെ
ബിജു. ജി.നാഥ്
വർക്കല.
02/09/2019
No comments:
Post a Comment