കിന്‍സുഗി
- ഹൃദയം പുണരുന്ന മുറിവുകള്‍ (കവിതകള്‍ )
രഞ്ജിത്ത്
കണ്ണന്‍കാട്ടില്‍
സായാഹ്ന
ഫൌണ്ടേഷന്‍
നാളെ-പ്പുലരുവാനുള്ള
കാലത്തികവിനെ
തലയില്‍
വേവിച്ചു പൊള്ളിനില്‍ക്കാറുള്ള
തെരുവുതെണ്ടികള്‍, സമരസഖാക്കള്‍ക്ക്
തരിക, നിങ്ങളാല്‍ കാണാത്തിടങ്ങളെ
(കറുത്ത നില്‍പ്പ്)
കവിതയുടെ
കറുത്ത വരകളാല്‍ കാലത്തെ അടയാളപ്പെടുത്തുന്ന കവികള്‍ ജീവിതത്തിലെ നനുത്ത
പ്രതലങ്ങളെ പ്രണയത്തോടെ തൊടുമ്പോള്‍ ഭൂമിയില്‍ വസന്തം വിരിയും. കവിതകള്‍ പലപ്പോഴും
ജീവിതത്തിനെ സ്വരം ആകുന്നതും ചിലപ്പോഴൊക്കെ സമൂഹത്തിന്റെ നാവാകുന്നതും ചരിത്രം
എന്നും സാക്ഷിയായിട്ടുള്ള കാര്യങ്ങള്‍ ആണ്. പക്ഷെ ഇന്നിന്റെ കാലത്തില്‍ നമുക്ക്
നഷ്ടമാകുന്നത് കവിതയാണ് എന്ന് പറഞ്ഞാല്‍ മുഖം ചുളിക്കേണ്ടതില്ല തെല്ലും. കാലങ്ങള്‍
ആയി പരിഷ്കാരം പ്രതീക്ഷിച്ചു കിടന്ന ഒരു സാഹിത്യ ശാഖയാണ് കവിത. കനകചിലങ്ക
കിലുക്കി കിലുക്കി അതങ്ങനെ നാലുകെട്ടുകളില്‍ തളച്ചിടപ്പെട്ടിരുന്ന കാലം. ആസ്വാദനം
എന്നത് ഒരു കൂട്ടം ആള്‍ക്കാരുടെ കുത്തകയായിരുന്ന കാലം കൂടിയായിരുന്നു. പണിയിടങ്ങളില്‍
ആയാസരഹിതമായി പണി നടക്കാന്‍ പാടിയിരുന്നു നാടന്‍ വരികള്‍ക്ക് കീഴാള നാവിന്റെ, ഉപ്പു പുരണ്ട
ശബ്ദമായിരുന്നതിനാല്‍ അതിനെ അംഗീകരിക്കാന്‍ ആര്‍ക്കും കഴിയുമായിരുന്നുമില്ല. ഒരു
പ്രസംഗത്തില്‍ കവി കുരീപ്പുഴ പറഞ്ഞത് ഇത്തരുണത്തില്‍ പ്രസക്തമായ വാക്കുകള്‍ ആണ്.
പാടവരമ്പുകളില്‍ അമ്മമാര്‍ തങ്ങളുടെ കുട്ടികളെ ഈണത്തില്‍ പാടിയുറക്കിയ എത്രയോ താരാട്ടുപാട്ടുകള്‍ ഇന്നും നമുക്കിടയില്‍
തുടരുന്നുണ്ട് എഴുതിയത് ആരെന്നറിയാതെ വാമൊഴികളിലൂടെ പടര്‍ന്നു പടര്‍ന്നങ്ങനെ.
പക്ഷെ അതിനെ ആസ്വദിക്കുന്നതിലും കൂടുതല്‍ ആവേശം ഇരയിമ്മന്‍ തമ്പിക്ക് ലഭിക്കുന്നത്
എന്തുകൊണ്ടാണ് എന്ന് ചിന്തിക്കുന്നിടത്ത് കവിതകള്‍ എങ്ങനെയാണ് ഒരു സമൂഹത്തില്‍
പ്രചരിച്ചിരുന്നത് എന്നും അവയെ ആസ്വദിച്ചിരുന്നത് എന്നും മനസ്സിലാക്കാം
നക്സല്‍
ബാരിയുടെ പ്രഭാവത്തിന്‍ കീഴില്‍ നില്‍ക്കുന്ന ബസ്തറില്‍ ഇരുന്നുകൊണ്ട് രഞ്ജിത്ത് കണ്ണന്‍കാട്ടില്‍
എന്ന മലയാളിയായ കവി, കവിതകള്‍ എഴുതുകയാണ്. ഭാഷയുടെ മനോഹരമായ വിന്യാസങ്ങളില്‍ കൂടി
നാല്പത് കവിതകളുടെ ഒരു സമാഹാരം . “കിന്‍സുഗി – ഹൃദയം പുണരുന്ന മുറിവുകള്‍.” ഈ
കവിതകളില്‍ രാഷ്ട്രീയം ഉണ്ട്. സാമൂഹികമായ അപചയങ്ങള്‍ ഉണ്ട് . ആധുനിക ഇന്ത്യയുടെ
മുഖം ഉണ്ട് . ജീവിതത്തിന്റെ കറുത്ത നിറങ്ങള്‍ ഉണ്ട്. ഇവയൊക്കെ കവിയില്‍ കൂടി
അറിയാതെ പ്രവഹിക്കുന്ന ഒരു അവസ്ഥയാണ് കവിതകള്‍ നല്‍കുന്ന വായനാനുഭവം എന്ന്
പറയുന്നതില്‍ ഒട്ടും അതിശയോക്തി തോന്നുന്നില്ല.
“തരിക, നിറമറ്റ മോഹവാസന്തത്തിന്‍
പൂങ്കുയില്‍
നാദമില്ലാത്ത തെരുവുകള്‍” എന്ന കവിയുടെ ആവശ്യം വര്‍ത്തമാനകാലം ഇനിയും മറക്കാത്ത , മാറാത്ത സാമൂഹികമായ ഒരു
കാഴ്ച്ചയുടെ നൊമ്പരം തരുന്നുണ്ട് നെഞ്ചില്‍. ഓരോ തെരുവുകളും നനഞ്ഞു നില്‍ക്കുകയാണ്
ചോര കട്ടപിടിച്ച ഓടകളില്‍ രൂക്ഷഗന്ധം കെട്ടിക്കിടക്കുന്നു. നമ്മള്‍ പുരോഗതിയെ
നഗരങ്ങളുടെ വര്‍ണ്ണക്കടലാസ് കൊണ്ട് പൊതിഞ്ഞു പിടിക്കുന്നു. നമുക്ക് മുന്നില്‍ ഇന്ത്യ വളരുകയാണ്. കൊടികളുടെ വര്‍ണ്ണങ്ങള്‍ മാറുന്നു .
മനസ്സുകളിലെ മന്ത്രങ്ങള്‍ മാറുന്നു . പക്ഷെ ഗ്രാമങ്ങളുടെ ഹൃദയം തേങ്ങുന്നത്
ആരറിയുന്നു.
“ശ്രീ
കോവിലിലെ എണ്ണയും വെളിച്ചവും കൊണ്ട്
ഈ
പെണ്ണിനൊരു തീയുടുപ്പ് തുന്നാന്‍” ആരോടാണ് കവിത പറയുന്നത് . ബധിരലോകത്തിനോടോ.
ചവിട്ടിപ്പിടിച്ച് കഴുത്തെല്ലിന്റെ കശേരുക്കള്‍ ഒടിച്ചു മരണത്തിലേക്ക് പറഞ്ഞുവിടപ്പെടുന്ന
കുഞ്ഞു പെണ്ണിന്റെ ഉയിരില്‍ നോക്കി നില്ക്കുമ്പോൾ ഓരോ കവിതയും പേറുന്ന നൊമ്പരങ്ങൾ വിവിധങ്ങൾ ആകുന്നെങ്കിലും അവയിൽ തെളിയുന്ന ചിത്രങ്ങൾക്ക് ഒരു സാർവ്വജനികത തോന്നിപ്പിക്കുന്നുണ്ട് . സമകാലീനലോകത്തിന്റെ
നെടുവീര്‍പ്പുകള്‍ വരികളില്‍ വായിക്കാന്‍ കഴിയുന്നത് കവിതയുടെ സാര്‍വ്വ ദേശീയതയെ
സൂചിപ്പിക്കുന്നു. ഒറ്റയ്ക്കൊറ്റയ്ക്ക് നില്‍ക്കുമ്പോള്‍ ഓരോ സാമ്രാജ്യം കാണുകയും
ഒന്നിച്ചു നില്‍ക്കുമ്പോള്‍ ഒരു ജീവിതം കാണുകയും ചെയ്യുന്നതാകണം കവിത എന്ന് കവി
പഠിപ്പിക്കുന്നുണ്ട് ഈ സമാഹാരത്തിലെ കവിതകളില്‍ കൂടി. മുന്‍പൊരു കവിതയില്‍ കെ ആര്‍
രഘു സ്ത്രീയുടെ അടിയുടുപ്പിന്റെ മോഷണത്തെ കുറിച്ച് പറഞ്ഞിരുന്നത് ഓര്‍ത്തുപോയി
മുലക്കച്ച എന്ന കവിതയുടെ വരികളില്‍ കൂടി കടന്നു പോകുമ്പോള്‍ . അത് പോലെ എന്നല്ല
പക്ഷെ അതിനെ മറ്റൊരു ആംഗിളില്‍ കൂടി അവതരിപ്പിച്ച മേന്മയില്‍ ആണ് ഈ വരികളെ കാണാന്‍
കഴിഞ്ഞത് . മുലക്കച്ചയുടെ വിവിധ ഭാവാന്തരങ്ങളെ അവതരിപ്പിക്കുമ്പോഴു ഒടുവില്‍
ഗത്യന്തരമില്ലാതെ സമൂഹത്തിലെ ചിലര്‍ക്ക് നേരെ കവി ഇങ്ങനെ രോക്ഷം കൊള്ളുന്ന കാഴ്ച
സ്വാഭാവികമായ പെണ്‍ പ്രതിരോധം തന്നെയാണ് .
“പറമ്പിലെ
അയയില്‍ തൂങ്ങുമ്പോള്‍
ചില
പൊലയാടിമക്കള്‍
മുളകുപൊടി
തൂവിപ്പോയിട്ടുണ്ട്
മറ്റു
ചിലവന്മാര്‍ കട്ടോണ്ട് പോയി
അവരുടെ
........”
പ്രണയത്തെ
മനോഹരമായി അവതരിപ്പിക്കുന്ന ലോകത്തെ ഒരേ ഒരു വര്‍ഗ്ഗം കവികള്‍ ആകും. അവരില്ലങ്കില്‍
പ്രണയം എന്ത് ചെയ്തേനെ എന്ന് തോന്നിപ്പോകാറുണ്ട് ചിലപ്പോഴൊക്കെ. പക്ഷെ വളരെ
മനോഹരമായി ജീവിതത്തിലെ കറുത്ത നിമിഷങ്ങളെ മാത്രം പറയുന്ന കവിയില്‍ നിന്നും
തീക്ഷ്ണമായ വരികള്‍ പെയ്തിറങ്ങുമ്പോഴും പ്രണയം അന്തര്‍ലീനമായ ഒരു വികാരമായി പോലും പ്രസരിപ്പിക്കുന്നില്ല.
നിര്‍മ്മാണ തൊഴിലാളികളുടെ ജീവിതത്തെ വരച്ചു കാട്ടുമ്പോഴും, സമൂഹത്തില്‍ കീഴാളനായത് കൊണ്ട് മാത്രം
അനുഭവിക്കുന്ന മനുഷ്യരുടെ ഉള്ളുരുക്കങ്ങള്‍ പറയുമ്പോഴും കവി നിസംഗമായ ഒരു മൗനം
സൂക്ഷിക്കുന്നുണ്ട്. ടീച്ചറുടെ മനയിലെ പറമ്പില്‍ കത്തിയമരുന്ന സാരി, ദളിതനായ കുട്ടിയുടെ
മൂക്കള പറ്റിയെന്ന ഒറ്റ പാപം മാത്രം വഹിക്കുന്നതു പറയുമ്പോള്‍ കവി അനുഭവിക്കുന്ന
മാനസിക സംഘര്‍ഷം മറ്റൊരിടത്ത് വായിക്കുമ്പോള്‍ മനസ്സിലാകുന്നതാണ് .
“ഞാനൊരു
വരമ്പാണ് .
മഴക്കൂത്തില്‍
മദിച്ചാടവേ ഇടിഞ്ഞു പോയ വരമ്പ്”. എന്ന് കവിയുടെ മനസ് രേഖപ്പെടുത്തുന്നു മറ്റൊരിടത്ത്.
തികച്ചും സ്വാഭാവികമായ പ്രതികരണങ്ങള്‍ ആണ് എന്ന് കരുതുമെങ്കിലും അതില്‍ ഉറഞ്ഞു
കിടക്കുന്ന വേദനയും രോക്ഷവും കാലാതീതമായ ഒരു സമസ്യക്കുള്ള ഉത്തരം തേടലുകള്‍ ആണ്.
കമ്മ്യൂണിസത്തെ കവിയുടെ വരികള്‍ ആശ്ലേഷിക്കുമ്പോഴും കാലാതീതമായ പരിഷ്കരണങ്ങള്‍
വരാതെ പോകുന്നതില്‍ ഖിന്നന്‍ ആകുന്നതും വായിക്കാന്‍ കഴിയും.
തീക്കനല്‍
പോലുള്ള യുവതയുടെ സ്വരമാണ് ഈ കവിതകള്‍ നല്‍കുന്ന
വായനാനുഭവം. സ്ഥിരം ഫോര്‍മാറ്റുകള്‍ക്കുള്ളില്‍ ഒതുങ്ങാന്‍ നില്‍ക്കാത്ത ഒരു കുതറിമാറല്‍
വരികളിലൂടെ കവി പങ്കു വയ്ക്കുന്നുണ്ട്. കവിതകളുടെ രസാവഹമായ ഒരു ലോകം പങ്കു
വയ്ക്കുന്നു എന്നല്ല കവിതയിലൂടെ പൊള്ളിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു
എന്നതാണ് ഈ കവിതകള്‍ നല്‍കുന്ന വായന. നാളെയുടെ അടയാളപ്പെടുത്തലുകളില്‍
എത്തിച്ചേരേണ്ട ശബ്ദം ആകും എന്നൊരു ശുഭ പ്രതീക്ഷ നല്‍കുന്നുണ്ട് ഈ കവി. ആശംസകളോടെ
ബി.ജി.എന്‍ വര്‍ക്കല
No comments:
Post a Comment