Sunday, February 3, 2019

ചില മനുഷ്യര്‍

ചില മനുഷ്യര്‍
.....................
ചിലരങ്ങനെയാണ്....
തങ്ങളില്‍ ചെറുതാകും അവര്‍ക്കെല്ലാവരും.
ഉയരങ്ങള്‍ അവര്‍ സൃഷ്ടിക്കും സ്വയം.
പങ്കാളിയുടെ ബിനാമിയായോ
നികുതി വെട്ടിപ്പിന്റെ ഭാഗമായോ ഒക്കെയാകാം
അടുക്കളയിലിരുന്നും
ലക്ഷങ്ങളുടെ വരുമാനമുള്ളവരാകും അവര്‍.
പെട്ടെന്നാകും അവര്‍ക്ക് അവര്‍ വലുതായി തോന്നുക.
ജീവകാരുണ്യത്തിനൊക്കെ കൈയ്യയച്ചു നല്‍കിയും 
പദ്ധതികള്‍ക്ക് ഫണ്ട് രൂപീകരിച്ചും
അവര്‍ക്ക് സ്വയം പൊങ്ങാതെ തരമില്ല.
ചിലപ്പോള്‍ അവര്‍ നാടുകാണാന്‍ ഇറങ്ങും .
പണ്ട് താന്‍ മൂക്കള ഒലിപ്പിച്ചു നടന്ന വഴികളില്‍
ഈച്ചയാര്‍ക്കാത്ത കുഞ്ഞുങ്ങളെ കണ്ടാല്‍,
പിസ്സയുടെയോ കെ എഫ് സി യുടെയോ റാപ്പര്‍ കണ്ടാല്‍
അവര്‍ അറിയാതെ ആശ്ചര്യപ്പെടും.
നെറ്റില്‍ നിന്നും തല ഉയര്‍ത്താത്ത കൗമാരത്തെ നോക്കി
അവര്‍ മൂല്യച്യുതിയെക്കുറിച്ച് ആശങ്കപ്പെടും.
വസ്ത്രങ്ങളുടെ ആധുനികതയും,
ഈച്ചയരിക്കാത്ത അടുക്കളയും,
സാങ്കേതികതയുടെ കടന്നു വരവ് കണ്ടും
"ഓ ഈ നാട്ടിന്‍പുറം പരിഷ്കരിച്ചു പോയി "
എന്നൊരു പോസ്റ്റ്‌ ഇട്ട് നെടുവീര്‍പ്പിടും.
സമ്മാനങ്ങളുടെ വിലയും മൂല്യവും നോക്കിയും,
മുഖം നോക്കിയും വിലയിടും .
തനിക്ക് പോന്നവന്‍ തന്നെങ്കില്‍ സ്വീകരിച്ചും
തനിക്ക് താഴെയെങ്കില്‍, 
പുറംപണിക്ക് വരുന്നന്നവർക്ക്  ദാനം നല്‍കിയും
(ജോലിക്കാർ എന്ന് പറഞ്ഞാലേ സ്റ്റാറ്റസ് ശരിയാവൂ)
സമ്മാനങ്ങളെ തരാതരം തിരിക്കും. .
ഒരു പരിഷ്കാരിയാകാന്‍
ഇനിയുമെന്തൊക്കെ ചെയ്യണം ?
തങ്ങളെ അസഭ്യം പറയുന്നവരെ
മൈക്കിലും സോഷ്യല്‍ മീഡിയകളിലും
ഞങ്ങളെ 'വെടികള്‍' എന്ന് വിളിക്കരുതെന്നു ഓര്‍മ്മിപ്പിച്ചും,
തങ്ങളുടെ എതിരാളികളെ 
സ്വന്തം ചിന്താഗതികൾക്കനുസരിച്ചു
തോന്നും പോലെ പേരുകള്‍ ചാര്‍ത്തിയും,
തരം പോലെ വേഷങ്ങള്‍ അണിയും.
താനാണ് ശരിയെന്ന ബോധത്താൽ
ഒരുക്കിയെടുക്കുന്ന ആരാധകവൃന്ദത്തിനെ ചേർത്ത് നിർത്തി
സോഷ്യൽ സാമ്രാജ്യങ്ങൾ സൃഷ്ടിച്ചു കൊണ്ട്
ഈ രാജ്യത്ത് -
സ്റ്റാറ്റസിന് കോട്ടം തട്ടാതെ ജീവിക്കാന്‍
എന്തൊക്കെയാണാവോ വേണ്ടത്.?
---------ബിജു.ജി.നാഥ് വര്‍ക്കല

No comments:

Post a Comment