ആരും സനാഥരല്ല
............................
ചുറ്റുമെല്ലാവരും ഉണ്ടുവെന്നാകിലും
ഒറ്റയായ് പോകുന്നതെന്ത് ചില ജന്മങ്ങൾ?
ഉള്ളിൽ കരഞ്ഞുകൊണ്ടെന്തു കൊണ്ടാമവർ
ചെമ്മേ ചിരിക്കുന്നതിങ്ങനെ പാരിലായി.
ഉള്ളു കാണാനുള്ളൊരുള്ളമില്ലാത്തവർ
ഉണ്ടു കൂടെയെന്നാകുമോ കാരണം.
എന്റെയെന്റെയൊന്നൊറ്റയാം ചിന്തയാൽ
കണ്ടു, കാണാത്തപോൽ പോകുന്നതാവുമോ ?
വേണ്ടതെന്തെന്ന് കേട്ടു കേട്ടെല്ലാർക്കും
വേണ്ടതെല്ലാം നല്കി സ്നേഹമുറപ്പിക്കാേർ
ഒട്ടുമറിയില്ല തങ്ങൾക്ക് വേണ്ടത്
കിട്ടുമവർ തൻ പുറംപുഞ്ചിരിയല്ലാതെ.
ഉണ്ട് ഞാനെന്ന് ചൊല്ലുവാൻ കൂടെയായ്
ഇല്ല നിഴൽ പോലും വെളിച്ചവുമില്ലെങ്കിൽ
കൂടെയുണ്ടാകുവാൻ തേടുന്നതെന്തിനായ്
മറ്റൊരാളെയീ ക്രൂരമാം വിപിനത്തിൽ മാനവാ.
..... ബിജു.ജി.നാഥ് വർക്കല
No comments:
Post a Comment