Monday, February 11, 2019

ഭാര്‍ഗവീനിലയം.................... വൈക്കം മുഹമ്മദ്‌ ബഷീര്‍



ഭാര്‍ഗവീനിലയം(തിരക്കഥ)
വൈക്കം മുഹമ്മദ്‌ ബഷീര്‍
ഡി സി ബുക്സ്
വില 195 രൂപ



ശൈശവത്തില്‍ യക്ഷിക്കഥകളും മാന്ത്രികകഥകളും ഒക്കെ കേട്ടു വളര്‍ന്ന ഒരു തലമുറ ഇന്ന് ഉണ്ടാകുവാന്‍ സാധ്യത വളരെ വളരെ കുറഞ്ഞു വരുന്നൊരു കാലഘട്ടത്തില്‍ ആണ് നാം ജീവിക്കുന്നത്. വൈദ്യുതിയുടെ വരവോടെ നാട്ടില്‍ നിന്നും എന്നെന്നേക്കുമായി ഓടി രക്ഷപ്പെടേണ്ടി വന്ന യക്ഷി , ഗന്ധര്‍വ , പ്രേതങ്ങളും ഒടിയനും മറുതയും ഒക്കെ ഇന്ന് പഴയ മനസ്സുകളില്‍ മാത്രം ഭയവും ഓര്‍മ്മകളും ആയി നിലനില്‍ക്കുന്നു . കൃഷി കുറഞ്ഞതോടെ വീടുകളില്‍, പറമ്പുകളില്‍ വാഴകള്‍ ഇല്ലാതായതോടെ നിലാവത്ത് മുടിയഴിച്ചിട്ട് നില്‍ക്കാന്‍ കഴിയാത്ത പോയ യക്ഷികള്‍ ഇന്ന് തമിഴ് നാട്ടിലെ പനകളിലേക്ക് ചേക്കേറിയിരിക്കാന്‍ ആണ് സാധ്യത. കാരണം കേരളത്തില്‍ പനകളും ഇല്ലാതായി. ഗ്രാമങ്ങളില്‍ പോലും ടെറസ്സ് കെട്ടിടങ്ങള്‍ വന്നതോടെ മച്ചിലും, ഓടിന്റെ മുകളിലും കല്ല്‌ വാരിയെറിയാന്‍ കഴിയാതെ ചാത്തന്മാര്‍ വിഷമിക്കുന്നു. കിണറുകള്‍ മറയുന്നതിനാല്‍ കിണറ്റിന്‍ ഉള്ളില്‍ ഒന്നും പറക്കി ഇട്ടും ഭയപ്പെടുത്താന്‍ കഴിയുന്നില്ല. വഴിവിളക്കുകള്‍ നിയോണ്‍ വെട്ടത്തില്‍ കണ്ണ് തുറന്നു നില്‍ക്കുന്നതിനാല്‍ ഒടിയന്മാര്‍ക്ക് കൂടി രക്ഷയില്ല. ഭയന്ന് വിറച്ചു ഇരുട്ടത്ത് ഇറങ്ങാന്‍ പേടിച്ചു മുത്തശിയുടെയും മറ്റും മടിയില്‍ അഭയം തേടിയിരുന്ന പഴയ മനസ്സുകള്‍ക്ക് ഇപ്പോഴും പക്ഷെ ആ ഓര്‍മ്മകള്‍ യാഥാര്‍ത്ഥ്യം മാത്രമാണ് . സുനില്‍ പരമേശരനിലും മറ്റും വന്നു നില്‍ക്കുന്ന മലയാള വാരികകളിലെ മാന്ത്രിക കഥകള്‍ക്കും , ടി വീ , സിനിമ മേഖലയില്‍ അപൂര്‍വ്വം ആയി വരുന്ന വെള്ള വസ്ത്രക്കാരായ യക്ഷികള്‍ക്കും ഇന്നും ആരാധകര്‍ ഉണ്ടാകുന്നത് കെട്ടുകഥകള്‍ക്ക് എന്നും പ്രിയമുള്ള മനുഷ്യര്‍ ഉണ്ട് എന്നതുകൊണ്ട്‌ മാത്രമാണ് . അടുത്തിടെ ഒരു സോഷ്യല്‍ മീഡിയയിലെ എഴുത്തുകാരിയില്‍ നിന്നും അത്തരം ഒരു മാന്ത്രികകഥ വായിക്കാന്‍ കഴിഞ്ഞ ഓര്‍മ്മ ഉണ്ട്. അത് മഹത്തരം എന്ന് പറയുന്നവരും ഉണ്ടായിരുന്നു ഈ ഇടങ്ങളില്‍ എന്നതിനാല്‍ സമൂഹത്തില്‍ ഇന്നും ഇത്തരം കഥകള്‍ക്ക് ആരാധകര്‍ ഉണ്ട് എന്നത് സംശയമില്ലാത്ത കാര്യം തന്നെ. അന്നുമിന്നും  ഇത്തരം കഥകള്‍ക്ക് പ്രിയം ഏറെ ഉണ്ടാകുന്നത്  അതിലെ ചിത്രങ്ങളിലെ നഗ്നതകളും എഴുത്തിലെ എരിവും കൊണ്ടാണെന്നതും ഒരു വാസ്തവികതയാണ്.
വൈക്കം മുഹമ്മദ്‌ ബഷീര്‍ എഴുതിയ ഒരു തിരക്കഥ ഇന്ന് വായിക്കുകയുണ്ടായി . ഭാര്‍ഗ്ഗവീനിലയം. വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് എപ്പോഴോ കണ്ടു മറന്ന ഒരു സിനിമ അതിനെ ഒന്നുകൂടി ഓര്‍മ്മയില്‍ കൊണ്ട് വന്നു. നസീറും മധുവും വിജനിര്‍മ്മലയും അഭിനയിച്ച ആ ചിത്രത്തിന്‍റെ ഓര്‍മ്മ മാത്രമല്ല ബഷീറിന്റെ തൂലികയുടെ നര്‍മ്മരസമുള്ള വായനയും മധുരമായി അനുഭവപ്പെട്ടു. ഭാര്‍ഗ്ഗവീ നിലയം ചിത്രീകരണം നടന്നത് വര്‍ക്കല വച്ചിട്ടാണ് എന്നു കേട്ടിട്ടുണ്ട്. ആ വീട് പാപനാശം കടലിനു സമീപം സ്കൂളില്‍ പഠിക്കുന്ന കാലത്ത് കൂട്ടുകാര്‍ കാട്ടിത്തന്നിട്ടും ഉണ്ട്. പഴയ ഓര്‍മകളില്‍ സഞ്ചരിക്കാന്‍ പലപ്പോഴും ചില വായനകള്‍ക്ക് കഴിയും എന്നതും ഒരു രസംതന്നെയാണ്. ഭാര്‍ഗ്ഗവി എന്ന കാമുകിയും ശശികുമാര്‍ എന്ന കാമുകനും വെള്ള വസ്ത്രങ്ങള്‍ മാത്രം ഇഷ്ടപ്പെട്ടിരുന്ന രണ്ടു പേര്‍. അവര്‍ക്കിടയില്‍ വില്ലനായി വരുന്ന പൂച്ചക്കണ്ണന്‍ നാണുക്കുട്ടന്‍. ഇവരുടെ കഥയാണ് ഭാര്‍ഗവി നിലയം. ആരും താമസിക്കാന്‍ ഇല്ലാതെ ഭയവും ഏകാന്തതയും കൂടു കൂട്ടിയ ഒരു വീട്ടിലേക്ക്, ഒരു സാഹിത്യകാരന്‍ താമസിക്കാന്‍ വരുന്നതോടെ കഥ ആരംഭിക്കുന്നു. അയാളിലെ ധൈര്യവും നര്‍മ്മ കുശലതയും ബഷീറിന്റെ ഭാഷയുടെ മധുരങ്ങള്‍ ആണ് . അയാളെ ഉപദ്രവിക്കാത്ത ഭാര്‍ഗ്ഗവിയുടെ പ്രേതത്തോടു അവളുടെ കഥ എഴുതി പറഞ്ഞു കേള്‍പ്പിക്കുന്ന സാഹിത്യകാരന്‍ ബഷീര്‍ തന്നെയാണ് എന്ന് വായനയില്‍ ഉടനീളം  അനുഭവപ്പെടും. ഭാര്ഗ്ഗവിയുടെ കത്തുകളും കൂട്ടുകാരിലൂടെയും മറ്റും അന്വേഷിച്ചു അറിയുന്ന അവളുടെ ജീവിതവും ഒരു കുറ്റാന്വേഷണ കഥയുടെ സ്വഭാവത്ത്ല്‍ നില്‍ക്കുന്ന കഥയായി അനുഭവിപ്പിക്കുന്നുണ്ട് .  പ്രേതങ്ങള്‍ കെട്ടുകഥകള്‍ ആണ് എന്ന് സ്ഥാപിക്കുന്ന അതെ നിമിഷം തന്നെ അതല്ല എന്ന് കാണിച്ചുകൊണ്ട് ബഷീര്‍ ഇതില്‍ ഒരു കണ്ണുകെട്ടി കളി കളിക്കുന്നുണ്ട്. യുക്തിബോധവും മാനസികഭ്രമങ്ങളും ഒരുപോലെ സന്നിവേശിപ്പിക്കുന്ന ഈ കഥ അതുകൊണ്ട് തന്നെ എല്ലാവരെയും ഒരുപോലെ സന്തുഷ്ടരാക്കും. എം ടി ഇതിനു നല്‍കിയ കുറിപ്പില്‍ പറയും പോലെ ബാഗ്ദാദിന്റെ തെരുവില്‍ കഥ പറഞ്ഞിരിക്കുന്നവരുടെ പരമ്പരയില്‍ ഈ കഥാകാരന്റെ വേരുകള്‍ കിടപ്പുണ്ട് . അത്ര മനോഹരമായി തന്നെയാണ് ഈ കഥ ബഷീര്‍ അവതരിപ്പിച്ചിരിക്കുന്നത്. വെറും ഒരു പ്രണയവും ദുരന്തവും പറഞ്ഞു തീര്‍ക്കാവുന്ന ചെറുകഥയെ മനോഹരമായ സങ്കേതങ്ങളില്‍ കൂടി നടത്തി വളരെ നല്ലൊരു ദൃശ്യബോധം നല്‍കുന്ന ബഷീറിന്റെ എഴുത്ത് ശൈലി തികച്ചും പഠനം ആക്കേണ്ട ഒരു വസ്തുത കൂടിയാണ് . വല്ലഭനു പുല്ലും ആയുധം എന്നതുപോലെയാണ് പ്രതിഭാശാലിയായ ഒരു എഴുത്തുകാരനില്‍ ഒരു കഥാ ബീജം മുളപൊട്ടുക. അത് വളര്‍ന്നു പടര്‍ന്നു പന്തലിച്ചു ഒരു വന്മരമായി നില്‍ക്കുമ്പോള്‍ ആ മരത്തിന്റെ ചുവട്ടില്‍ അതിന്റെ ഫലം ഭക്ഷിച്ചു അതിന്റെ തണലില്‍ മയങ്ങി പോകാന്‍ വായനക്കാരന് കഴിയണം . അത്തരം കഴിവുകള്‍ ഉള്ളവര്‍ നമുക്കെത്ര പേര്‍ ഉണ്ടാകും സാഹിത്യത്തില്‍ എന്ന് തിരക്കുന്നത് ഒരുപക്ഷെ ഭാഷയുടെ ഇന്ന് സംഭവിച്ചിരിക്കുന്ന അപചയത്തിനും എഴുത്തില്‍ ഇന്ന് കടന്നുകൂടുന്ന കൃത്രിമത്വത്തിനും നേരെയുള്ള ഒരു അന്വേഷണവും ചര്‍ച്ചയും ആകും.
നമുക്കില്ലാത്തത് വായനയും സര്‍ഗ്ഗ ശേഷിയെ ശരിയായ രീതിയില്‍ പ്രയോഗിക്കാന്‍ കഴിയുന്ന എഴുത്തുകാരാണ്. എങ്ങനെയും എവിടെയെങ്കിലും എത്തിച്ചേരുക. പത്തു പേര്‍ അറിയപ്പെടുന്ന എഴുത്തുകാരന്‍ ആകുക. അതിനുള്ള പൊടിക്കൈകള്‍ പ്രയോഗിച്ചും പണം ഉപയോഗിച്ച് കുറച്ചു പുസ്തകങ്ങള്‍ ഇറക്കിയും പ്രശസ്തര്‍ക്ക് ചില്ലറകള്‍ കൊടുത്ത് അതിനെ മനോഹരം എന്ന് രണ്ടു വാക്ക് പറയിച്ചും എഴുതിച്ചും ഒന്നോ രണ്ടോ അവാര്‍ഡുകള്‍ തരം പോലെ തരപ്പെടുത്തിയും പ്രശസ്തരാകുന്ന എഴുത്തുകാരുടെ ഭൂരിപക്ഷം ഉള്ള ഒരിടത്തില്‍ ആണ് ഇന്ന് നാം വായനയെ തേടുന്നത് ഇന്ന്. നിങ്ങള്‍ എഴുതുന്നത് ഞങ്ങള്‍ എന്തിനു വായിക്കണമെന്ന വായനക്കാരുടെ ചോദ്യത്തെ നേരിടാന്‍ ഓരോ എഴുത്തുകാരനും ബാധ്യസ്ഥരാണ്. പരസ്പരം സുഖിപ്പിക്കുന്ന പുസ്തക ചര്‍ച്ചകള്‍ക്ക് പകരം നിശിതമായ വിമര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളും പഠനകളരികളും ആണ് വേണ്ടത് സാംസ്കാരിക ഇടങ്ങളില്‍ എന്ന തോന്നല്‍ ശക്തമാകുന്നത് ഇന്നത്തെയും ഇന്നലത്തേയും എഴുത്തുകള്‍ വായിക്കുമ്പോള്‍ ആണ്. ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല  

No comments:

Post a Comment