Saturday, February 9, 2019

അസുരവിത്ത്‌ ................ എം ടി വാസുദേവന്‍ നായര്‍


 അസുരവിത്ത്‌ (നോവല്‍)
എം ടി വാസുദേവന്‍ നായര്‍
ഡി സി ബുക്സ്
വില : 250 രൂപ


മേച്ചില്‍ സ്ഥലങ്ങള്‍ ഇവിടെ ആരംഭിക്കുന്നു അഴുക്കു ചാലുകളും ഇളം കാലടികള്‍ക്കു തട്ടിത്തെറിപ്പിക്കാന്‍ വെള്ളമൊരുക്കി നില്ക്കുന്ന പുല്‍ത്തണ്ടുകളും മേഞ്ഞു നടക്കുന്ന കാലിക്കൂട്ടങ്ങളും ഇപ്പോഴും ബാക്കി നില്പുണ്ട്. നടുവില്‍, കടന്നു പോയവരുടെയെല്ലാം കാല്പാടുകളില്‍ കരിഞ്ഞ പുല്ലുകള്‍ നിര്‍മ്മിച്ച ഒറ്റയടിപ്പാത നീണ്ടു കിടക്കുന്നു. പ്രിയപ്പെട്ടവരെ, തിരിച്ചു വരാന്‍ വേണ്ടി യാത്ര ആരംഭിക്കുകയാണ്!”

1962 ല്‍ ആദ്യം പ്രസിദ്ധീകരിച്ച കാലം മുതല്‍ വായനക്കാരുടെ മനസ്സ് കവര്‍ന്നെടുത്ത കരുത്തുറ്റ ഒരു നോവല്‍ ആണ് എം ടി യുടെ അസുരവിത്ത്‌. പിന്നീടത് നസീര്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച ചിത്രമായും മലയാളികള്‍ ആസ്വദിക്കുകയുണ്ടായി. ഒരു പാട് പേര്‍ പറഞ്ഞതും എഴുതിയതുമായ ഒരു നോവല്‍ ആകണം അസുരവിത്ത്. കാലം തെറ്റി പെയ്യുന്ന മഴ പോലെ ഇന്നലെയാണ് അസുരവിത്തിനെ വായിക്കാനെടുത്തത്. ഒരു പക്ഷെ സിനിമ മനസ്സില്‍ ഉറയ്ക്കാത്ത കാലത്ത് കണ്ടിരുന്നതിനാലും വായന കുട്ടിക്കാലത്ത് കാര്യഗൗരവം ഉള്ളതല്ലായിരുന്നതിനാലും കണ്ണില്‍പ്പെടാതെ പോയവയൊക്കെ ഇന്ന് വായിച്ചുതീര്‍ക്കുകയാണ് ആര്‍ത്തിയോടെ എന്നതിനാല്‍ വളരെ സന്തോഷം നല്‍കിയ ഒരു അനുഭവം ആയിരുന്നു ഈ വായന.
നോവലിലുടനീളം പിന്തുടര്‍ന്ന ഗോവിന്ദന്‍കുട്ടിയെ ഒരുപാട് ശ്രമിച്ചിട്ടും വിടാന്‍ കഴിയാത്ത ഒരു മാനസികാവസ്ഥ പ്രദാനം ചെയ്യാന്‍ എം ടി ക്ക് കഴിഞ്ഞതില്‍ സന്തോഷം തോന്നി. രണ്ടാമൂഴത്തിലെ ഭീമനെ പോലെ മറ്റൊരു മനുഷ്യന്‍ കൂടി ഹൃദയത്തില്‍ കയറി ഇരുന്നു ഭാരം നല്‍കുന്നത് അനുഭവിക്കുന്നു . നായര്‍ മേധാവിത്വത്തിന്റെ പതനം എന്ന റോബിന്‍ ജെഫ്രിയുടെ പുസ്തകം വായിച്ച അനുഭവം / അറിവ് മനസ്സില്‍ കിടന്നത് കൊണ്ടാകണം ഈ നോവലിന്റെ സാമൂഹ്യ പശ്ചാത്തലം വളരെ വേഗം മനസ്സില്‍ പതിഞ്ഞത്. ക്ഷയിച്ചു പോയ നായര്‍ തറവാടുകളുടെ ദുരിതാവസ്ഥ നന്നായി തന്നെ ഈ നോവലില്‍ കാണാന്‍ കഴിയുന്നുണ്ട് . കഴിക്കാന്‍ ഒരു മണി വറ്റില്ലാത്തപ്പോഴും ജ്യാത്യാഭിമാനം കളയാത്ത മനുഷ്യരുടെ മാനസിക വ്യാപാരങ്ങളും സാമൂഹികകാഴ്ചപ്പാടുകളും ഇതില്‍ നന്നായി അവതരിപ്പിച്ചിട്ടുണ്ട് . അതുപോലെ ഇരുണ്ട ചുവരുകള്‍ക്കുള്ളില്‍ എരിഞ്ഞു തീരുന്ന സ്ത്രീ ജന്മങ്ങളും , നിലപാടുകളും , വ്യക്തിത്വവും കൊണ്ട് തലയുയര്‍ത്തി നില്‍ക്കുന്ന സ്ത്രീ കഥാപാത്രങ്ങളും ഇതില്‍ കാണാന്‍ കഴിയുന്നുണ്ട് . സ്വാതന്ത്ര്യത്തിനു മുന്‍പുള്ള കേരളത്തിന്റെ സാമൂഹ്യ പശ്ചാത്തലവും , രോഗം , പട്ടിണി , തൊഴിലില്ലായ്മയും, മത പരിവര്‍ത്തനവും മത്സരങ്ങളും ഒക്കെ ഈ നോവലില്‍ കാണാന്‍ കഴിയുന്നുണ്ട് .
കഥയുടെ പാതി വരെ ഗോവിന്ദന്‍ കുട്ടിയും പാതി കഴിയുമ്പോള്‍ അബ്ദുള്ളയും ആകുന്ന നായക കഥാപാത്രം ഏകാന്തതയുടെയും ദാരിദ്ര്യത്തിന്റെയും നിസ്സഹായതയുടെയും നേര്‍മുഖം കാട്ടുന്ന ഒരു പച്ചയായ മനുഷ്യന്റെ കാഴ്ച നല്‍കുന്നു. അധികാരവും പണവും കുലമഹിമയും മനുഷ്യരുടെ ജീവിതങ്ങളെ എങ്ങനെ ഒക്കെ വേട്ടയാടും എന്നൊരു പാഠം ഈ നോവലിന്റെ വായനയുടെ ചിന്താ പരിണിതമാകുന്നു. ഒരു കാലത്തിന്റെ പരിശ്ചേദമാണ് ഗോവിന്ദന്‍ കുട്ടി. തന്റെ ജീവിതം അഭിമാനബോധവും പട്ടിണിയും ഒരുപോലെ വേട്ടയാടുമ്പോള്‍ മാമൂലുകളെ എങ്ങനെ പൊട്ടിച്ചെറിയും എന്ന വേവലാതി അയാള്‍ എപ്പോഴും പങ്കു വയ്ക്കുന്നുണ്ട്‌. കൂട്ടത്തില്‍ നിന്നോടിയോളിക്കുന്ന അയാള്‍ എപ്പോഴും കേള്‍ക്കുന്ന വാക്കുകള്‍ അസുരവിത്ത്‌ എന്നൊരു അപവാദം മാത്രമാണ് . കുടുംബത്തിനു ദോഷകാലവും കൊണ്ടു വന്ന് പിറന്ന ആറാമന്‍. എല്ലാവരുടെയും കണ്ണില്‍ ഒരു ഗുണവും മണവും ഇല്ലാത്ത ജന്മം. അയാളിലെ നിസ്സഹായതയെ ചൂക്ഷണം ചെയ്യുന്ന പ്രതാപിയായ അളിയന്‍ ,അയാളുടെ മകനാല്‍ ഗര്‍ഭിണിയാക്കപ്പെട്ട വേലക്കാരിയെ ഗോവിന്ദന്‍ കുട്ടിയുടെ തലയില്‍ കെട്ടിവയ്ക്കുമ്പോള്‍ ആണ് അയാള്‍ ആദ്യമായി തന്റെ തന്റേടം പുറമേ കാട്ടുന്നത്. പക്ഷേ അതോടെ അയാളുടെ സ്വത്വം അയാള്‍ക്ക് നഷ്ടമാകുന്നു.. അയാളുടെ ജീവിതം അയാള്‍ പോലും അറിയാത്ത വീഥികളില്‍ കൂടി നടത്തപ്പെടുന്നു. നായന്മാരും മാപ്ലമാരും തമ്മിലുള്ള പകയ്ക്കും മത്സരത്തിനും ഇടയില്‍ അയാള്‍ മാപ്ലമാരുടെ കൂട്ടത്തിലേക്ക് ചേര്‍ക്കപ്പെടുന്നു. നാട്ടില്‍ തലയുയര്‍ത്തി നടക്കാന്‍, ജീവന്‍ നഷ്ടമാകാതിരിക്കാന്‍ അയാള്‍ക്ക് വാഗ്ദാനം ചെയ്യപ്പെടുന്ന അബ്ദുള്ള എന്ന വേഷം പക്ഷെ അയാളെ കൂടുതല്‍ വ്യസനത്തിലേക്കായിരുന്നു കൊണ്ടെത്തിക്കുന്നത്. ഒറ്റപ്പെടല്‍ കൂടുതല്‍ ഒറ്റപ്പെടലിലേക്കും പിന്നെ പൊതു ശത്രുവെന്ന തലത്തിലേക്കും അയാളെ കൊണ്ടെത്തിക്കുന്നു. മോഷണം ഒരിക്കല്‍ പോലും ചെയ്യാതെ തന്നെ മോഷ്ടാവ് എന്നൊരു പേരു കൂടി അയാള്‍ക്ക് കിട്ടുകയും ചെയ്യുന്നു. പിന്നെ അയാളെ കാണുന്നത് നാടാകെ പടരുന്ന രോഗവും മരണവും നല്‍കുന്ന ഭീകരതയിലേക്കാണ്. ആര്‍ക്കും വേണ്ടാതിരുന്ന അയാളെ ഇപ്പോള്‍ ആവശ്യക്കാര്‍ ശവങ്ങള്‍ ആണ് . ശവങ്ങള്‍ കുഴിമൂടി വെട്ടാന്‍ വേണ്ടി ഗ്രാമത്തില്‍ അയാള്‍ വെറുക്കപ്പെട്ടവന്‍ ആയിരിക്കുമ്പോഴും സമ്മതനാകുന്നു. രോഗത്തിന്റെയും മരണത്തിന്റെയും തേരോട്ടം നില്‍ക്കുമ്പോള്‍ ഇനിയാര്‍ക്കും ആവശ്യമില്ലാത്ത അയാള്‍ തിരികെ വരുമെന്ന ഉറപ്പിന്മേല്‍ അവിടം വിടുകയും ചെയ്യുന്നു.
നായക പ്രാധാന്യം ഉള്ള ഒരു നോവല്‍ ആണെങ്കിലും ഇതിലെ ഓരോ കഥാപാത്രവും മനസ്സില്‍ അതാതു സ്ഥാനം നല്‍കി തിളങ്ങി നില്‍ക്കുന്നുണ്ട് . കുഞ്ഞോരയ്ക്കാരും , കുമാരന്‍ നായരും , ശേഖരന്‍ നായരും , കുഞ്ഞ്യോപ്പോളും, മീനാക്ഷിയും തുടങ്ങി പറയാന്‍ എല്ലാ കഥാപാത്രങ്ങളെയും പറയേണ്ടി വരുന്ന അത്രക്ക് നല്ലൊരു പാത്രസൃഷ്ടിയാണ് ഈ നോവലിന്റെ വായന നല്‍കുന്നത്. ഭാഷയുടെ വള്ളുവനാടന്‍ മധുരവും , സാമൂഹ്യ പശ്ചാത്തലവും ചരിത്രത്തിന്റെ ശേഷിപ്പുകള്‍ തേടുന്നവര്‍ക്ക് വഴികാട്ടിയാകുന്ന ഒന്നാണ്. ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല


No comments:

Post a Comment