Tuesday, February 5, 2019

അധികാരം...................വി കെ എന്‍


അധികാരം (നോവല്‍ )
വി കെ എന്‍
ഡി സി ബുക്സ്
വില 70 രൂപ



അധികാരം ഒരു ഭ്രമം ആണ് . അധികാരത്തിന്റെ രസം അറിയുന്നവര്‍ ഒരിക്കലും അത് ഉപേക്ഷിക്കുകയില്ല. പരമ്പരകള്‍ കൈമാറി അത് കൈവശം വയ്ക്കാന്‍ അധികാരം ലഭിച്ചവര്‍ ശ്രമിക്കുന്നത് അതിനോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് മാത്രമാണ് . ലോകത്ത് നടന്നിട്ടുള്ള പ്രധാന യുദ്ധങ്ങളും കൊലപാതകങ്ങളും പരിശോധിക്കുകയാണെങ്കില്‍ അവയില്‍ അധികാരത്തിന്റെ ഈ ഒരു അഭിനിവേശത്തിന്റെ നിഴല്‍ പ്രത്യക്ഷത്തിലും പരോക്ഷത്തിലും കാണുവാന്‍ കഴിയുന്നതാണ് . ഈ ഒരു യാഥാര്‍ത്ഥ്യത്തിന്റെ മുന്നില്‍ നിന്നുകൊണ്ടാണ് വി കെ എന്‍ എന്ന ആക്ഷേപഹാസ്യത്തിന്റെ അധികാരം എന്ന നോവല്‍ വായിക്കുന്നത് . തമാശയും വാസ്തവികതയും ഇടകലര്‍ത്തി ഒഴുക്കോടെ പറഞ്ഞു പോകുന്ന ഒരു ചെറു നോവല്‍ ആണ് ഇത് . ഇതിലെ രാഷ്ട്രീയം ചിലപ്പോഴൊക്കെ ദേശീയമാകുന്നു ചിലപ്പോള്‍ അത് പ്രാദേശികം ആകുന്നു മറ്റു ചിലപ്പോള്‍ അതിനു ആഗോള തലം കൈ വരുന്നു . പൊതുവില്‍ ഒരു ഫോര്‍മാറ്റില്‍ ഒതുങ്ങാത്ത ഒരു രാഷ്ട്രീയ തലത്തില്‍ നിന്നുകൊണ്ടാണ് വി കെ എന്‍ ഈ നോവല്‍ രചിച്ചിരിക്കുന്നത്. രാജാവും മന്ത്രിയും പഴയകാലത്തില്‍ നിന്നും പുതിയ കാലത്തിലേക്ക് കടന്നുവരുമ്പോഴും മാറ്റങ്ങള്‍ ഇല്ലാതെ തുടരുന്ന മാമൂലുകളെ നല്ല രീതിയില്‍ വി കെ എന്‍ ഇതില്‍ പരാമര്‍ശിക്കുന്നുണ്ട് . പയ്യന്‍ കഥകളിലൂടെ പ്രശസ്തനായ വി കെ എന്നിലെ രാജാവും പയ്യന്‍ തന്നെയാണ് . അധികാരത്തിന്റെ ഇടനാഴികളിലെ കുതികാല്‍ വെട്ടലുകളും , വടം വലികളും , മണ്ടത്തരങ്ങളും ഒക്കെ ഹാസ്യരൂപേണ പറഞ്ഞു പോകുന്ന ഈ നോവല്‍ വി കെ എന്‍ പ്രിയരെ സംതൃപ്തരാക്കും എങ്കിലും സാധാരണ വായനക്കാരില്‍ ആ ഒരു ഉന്മേഷവും സന്തോഷവും നല്‍കുമോ എന്നത് സംശയകരമാണ് . കാരണം ഭാഷയും അതിലെ പ്രയോഗങ്ങളും സാധാരണക്കാരന്റെ ആകുമ്പോഴും അതിനെ പിന്തുടരാനോ അതിലെ ഹാസ്യവും യാതാർത്ഥ്യവും ഇഴപിരിച്ചെടുക്കാൻ ബൗദ്ധികമായ ഒരു വായനയുടെ തലം കൂടി ആവശ്യപ്പെടുന്നതിനാല്‍ തന്നെ സാധാരണക്കാരനില്‍ വലിയ ഓളങ്ങള്‍ ഒന്നും തന്നെ വി കെ എന്ന് സമ്മാനിക്കാന്‍ കഴിയുന്നുണ്ട് എന്ന് തോന്നുനില്ല . പറയാനുള്ളത് നേരെ പറയുമ്പോള്‍ ഉള്ള സന്തോഷം അത് വളച്ചു കുത്തി പറയുമ്പോള്‍ ലഭിക്കുമെന്നത് തെറ്റായ ധാരണയാണ് . എഴുത്തിലെ വ്യത്യസ്തത കൊതിക്കുന്നവരുടെ കഴിവ് തെളിയിക്കാനുള്ള ഭാഗമാണോ എന്നറിയില്ല പലപ്പോഴും വായനയില്‍ തുടര്‍ച്ചകള്‍ നഷ്ടമാകുകയോ പല ഇടങ്ങളില്‍ മുറിഞ്ഞു പോകുന്നതോ ആയി അനുഭവപ്പെട്ടു . വിരസതയാണ് ഹാസ്യം വായിക്കുമ്പോള്‍ ലഭിക്കുന്നത് എന്നൊരു അവസ്ഥ ഉണ്ടായത് ഈ വായനയില്‍ ആണ് എന്നത് ഒരു പക്ഷെ വി കെ എന്‍ ഭാഷയിലെ പയ്യന്‍ ലോകത്ത് നിന്നും പുറത്തു കടന്നു രാഷ്ട്രീയം ഉള്‍ക്കൊള്ളുമ്പോള്‍ ഉണ്ടാകുന്ന കല്ല്‌ കടിയാകം എന്ന് കരുതുന്നു . എന്തായാലും മുഷിവു തന്നൊരു വായനയാണ് അധികാരം എന്ന് സമ്മതിക്കാതെ വയ്യ . അതിനു കാരണം തുടര്‍ച്ച കിട്ടായ്മയാണ് എന്നതും വായിച്ചു കഴിയുമ്പോള്‍ കഥയോ കഥാപാത്രങ്ങളോ വായനക്കാരനെ സ്പര്‍ശിക്കാതെ പോയത് ഒരു പോരായ്മയായി തോന്നിയതും ആകാം.
ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

No comments:

Post a Comment