ചാണകം ചുമക്കുന്നവര്‍
-----------------------------------
നമ്മള്‍ നിരന്തരം ചോദ്യങ്ങള്‍ ചോദിക്കുന്നു
ഭരണകൂടത്തിനോടുത്തരം കിട്ടാതെ.
നമ്മള്‍ നിരന്തരം വിരല്‍ ചൂണ്ടി നില്‍ക്കുന്നു
അധികാരവര്‍ഗ്ഗം ഭ്രാന്തെന്ന്
നിനയ്ക്കുന്നു .
വരുന്നതുണ്ടെന്നു കരുതുന്നു നാമിപ്പോള്‍
കറുത്ത ദിനം നമ്മെയൊന്നാകെ മൂടുവാന്‍ .
ഭയന്ന് നാം ശബ്ദം അടക്കി നില്‍ക്കുന്നു
കരുതിനില്‍ക്കുന്നു സുരക്ഷിതരെന്ന് നാം .
നോക്കൂ , ചോദ്യങ്ങള്‍ ഒരിക്കലും
തെറ്റല്ല
എന്തിനായി നിങ്ങള്‍ ഭയക്കുന്നു ചൊല്ലുക.
ബിരുദം എങ്ങെന്നു ചോദിച്ചാല്‍ ഉത്തരം
ഇരുണ്ട തടവിലായ് വയ്ക്കലെന്നല്ലല്ലോ.
എവിടെ വാഗ്ദാനപണമെന്നു ചോദിച്ചാല്‍
ബധിരനായി നില്‍പ്പതല്ലല്ലോ മറുപടി.
തരിക അമ്പത് ദിനമെന്നു ചൊല്ലി നീ
തിരികെ വന്നില്ല, തന്നില്ല മറുപടി
പോലുമേ
പറഞ്ഞുകൊണ്ടേയിരിക്കുന്നു നീ എന്നും
വരും അമ്പതു വർഷം നമുക്കായി.
ഇനിയുമെന്തിനു നല്‍കണം വര്‍ഷങ്ങള്‍
ഇനിയെന്ത് ബാക്കി നിനക്ക് ചുട്ടെടുക്കുവാന്‍
ഇവിടെ മനുഷ്യര്‍ ജീവിച്ചു പോകട്ടെ
മനസ്സില്‍ ഭാരതമെന്ന പൂണൂല്‍ ധരിച്ചങ്ങ്.
അരുത് അരിയരുതീ മൊട്ടുകള്‍ ഒന്നുമേ
അവര്‍ വളരട്ടെ വിവേചനമില്ലാതെ.
അരുത് കൊല്ലരുതീ മനുഷ്യരാരെയും
അവര്‍ കഴിക്കുന്ന ഭക്ഷണം നോക്കീട്ട്.
ഓര്‍ത്ത് നോക്കുക ചരിത്രമറിയുമെങ്കില്‍
വരത്തരാണ് നിങ്ങള്‍ പൈതൃകം തേടുക.
ഇതെന്റെ മണ്ണാണ് ഞാനാണധികാരി
പകുത്തുവയ്ക്കുവാന്‍ വഴിതെളിച്ചീടല്ലേ.
വന്നു ചേര്‍ന്നവര്‍ വീട്ടുകാരാകുന്ന
പഴയ കാലം മറന്നു കളഞ്ഞേക്കുക.
ഇവിടെയുണ്ട് ചില വിവരദോഷികള്‍
ചുവന്ന കുറിയൊന്നു നെറ്റിയില്‍ തൊട്ടും
മഞ്ഞച്ചരടൊന്നു കൈകളില്‍ കെട്ടിയും
വടക്ക് നോക്കി വെള്ളമിറക്കുന്നവര്‍
അബദ്ധ പഞ്ചാംഗ മനുഷ്യരാണവര്‍.
ഒരിക്കലവരും, അല്ലല്ലിന്നുമേ കേള്‍ക്കുന്നു
ഇരുണ്ട തൊലിയുള്ള രാക്ഷസര്‍
എന്നെങ്കിലും
ഉടുത്ത മുണ്ടഴിച്ചു കുനിഞ്ഞു നില്‍പ്പവര്‍.
വെളുത്ത ഗോസായിതന്നമേധ്യം ചുമക്കുവാന്‍.
തിരിഞ്ഞു നോക്കുവാന്‍ കഴിയത്തോരത്രയും
ചുമക്കുന്നുണ്ട് ചാണകം തലയിലായി
ഉദിക്കതെന്നിനി അവരുടെ തലയിലായി
അറിവിന്‍ നിലാവെളിച്ചം അറിയില്ലഹോ!
-----------ബിജു.ജി നാഥ് വര്‍ക്കല
No comments:
Post a Comment