Tuesday, September 4, 2018

കനൽ

കനൽ
...........
നിന്നിലേക്ക് ഞാൻ നടന്നടുക്കുമ്പോഴേക്കും
നീ മറ്റൊരു വിരൽ പിടിച്ചു നടന്നു തുടങ്ങിയിരുന്നു.
വഴിവക്കിൽ ഞാൻ മാത്രമായി.
ഉച്ചിമേൽ പൊള്ളുന്ന സൂര്യനും.
ഞാനറിയുന്നില്ല ചൂട് തെല്ലും.
കാരണം ഞാൻ കനലാണല്ലോ.
ചാരം മൂടിയ കനൽ!
നിന്റെ ഓർമ്മകൾ നല്കുന്ന
ചെറുകാറ്റിൽ പോലും
ജ്വലിച്ചു തുടങ്ങുന്ന കനൽ.
രാത്രിയുടെ മധ്യാഹ്നങ്ങളിൽ പോലും
തണുക്കാതെ തിളക്കമാർന്നത്.
യാത്ര തുടങ്ങും മുന്നേ
നിനക്കത് പറയാമായിരുന്നു.
ഇല്ല , നിനക്കതറിയുമായിരുന്നു.
കനലുകൾക്ക് ഹൃദയമില്ലെന്ന്.
നീയുപേക്ഷിച്ചു പോയ ചിലതുണ്ട്.
അണയാതെ ജ്വലിച്ചു നില്ക്കാനും
അതിവേഗം ചാരമാകാനും
അതെന്നെ സഹായിച്ചിരുന്നുവെങ്കിൽ.
നോക്കൂ
കനലാകുന്നത് എളുപ്പമാണ്.
കരിക്കട്ടയാകാനും ...
........ബി.ജി.എൻ വർക്കല

No comments:

Post a Comment