വെയിലിൽ
ഒരു കളിയെഴുത്തുകാരി (കഥകള്‍)
സിതാര
എസ്.
മാതൃഭൂമി
ബുക്സ്
വില 75 രൂപ
പെണ്ണെഴുത്തു
എന്നൊന്നില്ല എന്നു ഭംഗിക്കു പറയുന്നതാണെങ്കിലും അതൊരു വാസ്തവികതയല്ലെന്ന് പലപ്പോഴും
വായനയിൽ തടയാറുണ്ട്. പെണ്ണിന്റെ മനസ്സ്,
ചിന്ത അങ്ങിനൊന്നുണ്ട് എന്നു തോന്നിപ്പിക്കാറുണ്ട്. അത്
വേറിട്ടതാണെങ്കിലും വേദനിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമാണെന്നു കാണാനും
അനുഭവിക്കാനുമാകുന്നുണ്ട്.
സിതാരയെ
അറിയുന്നത് ബലാത്സംഗിയെ സ്നേഹിച്ചവൾ എന്ന കഥാവിപ്ലവ ചിന്തയിലൂടെയാണ്. എന്നാൽ ‘സിതാര’യുടെ
“വെയിലിൽ ഒരു കളിയെഴുത്തുകാരി” എന്ന
കഥക്കൂട്ടിലെ ഒൻപത് കഥകൾ വായനയിലെ ഒമ്പത് അനുഭവങ്ങൾ തന്നെയാണ്.
രതിയുടെ നിലയ്ക്കാത്ത നിലവിളികൾ അല്ല അമർത്തിവച്ച വിങ്ങലുകളാണ്
കഥാപാത്രങ്ങളുടെ മൗനം പകർന്നു നല്കുന്നത്. വെറും എഴുത്തുകളായി ചിലവ
വായിക്കപ്പെടുമ്പോൾ ആകാശത്തോളം ദൂരത്തിൽ കാഴ്ച പോകുന്നവയും എത്തുന്നുണ്ട്.
വെയിലിൽ
ഒരു കളിയെഴുത്തുകാരിയെന്ന ശീർഷകകഥയിലൂടെ സഞ്ചരിക്കുമ്പോൾ,
ഉപയോഗിച്ചു
വലിച്ചെറിയുന്ന പെൺശരീരങ്ങളുടെ, പുരുഷമനസ്സിനൊപ്പം നില്ക്കുന്ന സ്ത്രീ ചിന്തകൾ
കാണാനാകും.. കഥയെഴുത്തിന്റെ പുറംലേബലിലൂടെ എഴുത്തുകാരിയെ ഉപയോഗിക്കുന്ന പത്രാധിപരും അവൾ മറ്റു
കാമുകരിൽ ശരീരാലസ്യം തേടുമ്പോൾ അവളെന്ന എഴുത്തുകാരിയെ നിശബ്ദനാക്കുന്ന അയാളും
എഴുത്തുകാരികളെ സൃഷ്ടിക്കുന്ന പത്രാധിപ ലോകത്തിന്റെ ഇരുണ്ട കഥ പറയുന്നു. പുരുഷന്‍ എന്നും സ്വാര്‍ത്ഥതയുടെ പര്യായം ആണെന്നും അവന്‍ എത്ര സ്ത്രീകളെ തേടി പോയാലും തന്റെ സ്ത്രീ ഒരിക്കലും ആരെയും
തേടരുത് എന്നാഗ്രഹിക്കുന്നവന്‍ എന്ന കാഴ്ചപ്പാടിനെ നന്നായി പറയുന്നു ഈ കഥയിലെ
പത്രാധിപരിലൂടെ. അതുപോലെ കഥയെഴുത്തിലെ കളിയെഴുത്തുകള്‍ വളരെ മനോഹരമായി ചിലതൊക്കെ
പറയാന്‍ ആവശ്യമാണെന്ന് എഴുത്തുകാരി തെളിയിക്കുന്നുണ്ട്. വളരെ നല്ല വായനയായിരുന്നു
ഈ കഥ തുടര്‍ന്ന് വന്ന ചാന്തുപൊട്ട് സ്ത്രീയായി ജീവിക്കാൻ കഴിയാത്ത സ്ത്രീ
മനസ്സുള്ള പുരുഷജീവിതങ്ങളുടെ കഥ പറയുന്നു. അവന്റെ ജീവിതവും ദാരുണമാകുന്ന മരണവും പറയുന്നു. ട്രാൻസ്ജന്റേഴ്സ് ജീവിതം വെറും
രതിബന്ധമായ ഒരു ലോകം മാത്രമാണെന്ന പൊതുകാഴ്ചപ്പാടിനെ ശരിവയ്ക്കുന്ന കഥപറച്ചിലിൽ
കൂടി മനുഷ്യജീവിതത്തിലെ പ്രധാന വസ്തുത ലൈംഗികത മാത്രമാണ് എന്നു
വായിക്കപ്പെടുന്നുണ്ട്. സമൂഹം സ്വവര്‍ഗ്ഗാനുരാഗികളെയും
ട്രാന്‍സ്ജെന്‍റെഴ്സിനെയും കാണുന്ന കാഴ്ചപ്പാടിന്റെ പഴയ ഭാഷ്യമാണ് ഇപ്പോഴും
നമുക്ക് പഥ്യം എന്ന് തോന്നിക്കുന്ന ഒരു ശൈലി ഉടനീളം അതില്‍ നിറയുന്നുണ്ട്.
തുടര്‍ന്ന്
വരുന്നത് കന്യക എന്ന കഥയാണ്. പലായനങ്ങളുടെയും അധിനിവേശങ്ങളുടെയും നാടിനെ
പരിചയപ്പെടുത്തുന്ന വ്യത്യസ്ഥമായ
സമീപനം. ആദ്യമായി അവസാനമായും ഒരു പുരുഷനെ കാണുകയും അറിയുകയും ചെയ്യുന്നവൾ. മതവും
സംസ്കാരവും പുരുഷനും സ്ത്രീക്കും ഇടയിൽ സൃഷ്ടിച്ച കടുത്ത വേലിക്കെട്ടിനെ
അതിശക്തമായി വിമർശിക്കുന്ന എഴുത്ത്. ഒരു പുരുഷനെന്നാൽ എന്ത് എന്നറിയുന്നതും അയാൾ
അവളെ ഒരിക്കലും മറക്കാതിരിക്കാൻ ഓർമ്മിപ്പിക്കുന്ന അവള്‍ നല്കുന്ന ഉമ്മയും എത്ര
വലിയ അർത്ഥം പേറുന്ന സൂചനകളാണ് എന്നത് ഈ കഥയിലെ ഹൈലൈറ്റാണ്. അറേബ്യന്‍ മരുഭൂമിയിലെ
ചില പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളെ തുറന്നു കാട്ടുന്നു ഈ കഥ. അടുത്തതായി വായിച്ചത് പലതരം
കവിതകൾ എന്ന കഥയായിരുന്നു . ഇതും മരുഭൂമിയുടെ വിയര്‍പ്പില്‍ പൊതിഞ്ഞതായിരുന്നു. ദേശങ്ങളിലെ,
മതങ്ങളിലെ വൈവിദ്ധ്യങ്ങളിലൂടെ സഞ്ചരിക്കുന്ന എൻജിയുടെ ജീവിതം.
മുറിവേൽക്കപ്പെടുന്ന സ്ത്രീത്വത്തെ അർഹമായ അവഗണനയോടെ മറക്കാനും പ്രണയ വഞ്ചനയുടെ
കഴുത്തിൽ കത്തി തറപ്പിക്കാനും അവൾക്കു കഴിയുന്നത് അതിജീവനത്തിന്റെയും
പലായനത്തിന്റെയും പലസ്തീൻ സംസ്കാരമോ കവിതയുടെ കാല്പനികതയിലൂടെ കടന്നുപോകുന്ന കേരളരക്തമോ
എന്നു വേർതിരിക്കാൻ കഴിയാത്ത ഒരു സങ്കര കാലത്തിൽ സ്വന്തം വ്യക്തിത്വത്തെ
ഉയർത്തിപ്പിടിക്കുന്ന സ്ത്രീയായതിനാലാണെന്ന് അടയാളപ്പെടുത്തുന്നു..
പിന്നെ വായിച്ചത് ഗോസ്റ്റ് റൈറ്റർ ആയിരുന്നു. മറ്റൊരാളിനു വേണ്ടി എഴുതേണ്ടി
വരികയെന്നത് സ്വന്തം അസ്ഥിത്വം പണയം വയ്ക്കലാണ്. ആ അവസ്ഥയിലും ഒരു എഴുത്തുകാരിയുടെ
ചാപല്യങ്ങളെയും മാനസികവ്യാപാരങ്ങളെയും മറയില്ലാതെ പറയുവാൻ കഴിയുന്നുണ്ട്
എഴുത്തുകാരിക്ക്.ഒടുവിൽ തന്റെ വരികൾക്ക് വേണ്ടി കാത്തിരിക്കുന്ന ഒരാൾ ഉണ്ട് എന്ന
തിരിച്ചറിവിൽ സ്വപ്ന സാഫല്യത്തിന്റെ മൂർച്ഛയിൽ അവൾ എഴുത്തു നിർത്തുന്നു. ഒരു സാധാരണ
എഴുത്തുകാരിയുടെ മനോഭാവങ്ങളെയും ജീവിതത്തെയും വളരെ നന്നായി തന്നെ ഇതില്‍ പറഞ്ഞിരിക്കുന്നു.
ഇതിനെ തുടര്‍ന്ന് വരുന്ന കഥയാണ് രതിനിർവേദം. കൂട്ടുകാരോട് പന്തയം വച്ചു ശ്വേത
മേനോന്റെ രതിനിർവ്വേദം കാണാൻ വരുന്ന മൂന്നു പെൺകുട്ടികൾ. അവർക്കു നേരെ
പുരുഷസമൂഹത്തിന്റെ നിസ്സഹായ നിലപാടുകൾ. അവർക്കിടയിലേക്ക് കടന്നു വരുന്ന വൃദ്ധയായ
സ്ത്രീ. പപ്പുമോന്റെ വേർപാടിലിന്നും പിടയ്ക്കുന്ന മനസ്സോടെ പാതി മുറിഞ്ഞ രതിയുടെ
നിർവ്വികാരതയോടെ അവർ നടന്നു നീങ്ങുന്നു. മരണത്തിനും ജീവിതത്തിനും ഇടയിലൂടൊരു യാത്ര
ഇരുട്ടിലേക്ക്. അവസാനരംഗങ്ങള്‍ എത്ര ഹൃദയാര്‍ദ്രമായി അടയാളപ്പെടുത്തി എന്നത് കഥയെ
വേറിട്ട് നിര്‍ത്തുന്നു. അടുത്ത കഥ പുതിയ നാവികയുടെ പാട്ട് ആയിരുന്നു . ചാറ്റ്
റൂമുകളിലെ ഫ്ലർട്ടിംഗിന്റെ സഭ്യമായ ഒരാവിഷ്കാരം. കുലവധൂ ബോധം അലട്ടാറുള്ള പുതിയകാല
സോഷ്യൽ മീഡിയ ചാറ്റു പ്രിയകളുടെ മനസ്സിനെ വളരെ നന്നായി അവതരിപ്പിക്കുന്നു. ഉപയോഗിച്ച് വലിച്ചെറിയുന്ന പ്രൊഫൈലുകള്‍ വസ്ത്രം മാറുന്നത് പോലെ ഒരു
സാധാരണ സംഭവം ആകുന്നതും നിമിഷ നേരത്തെ രതിയുടെ നീലപുതപ്പണിയുന്നതിന്‍റ കൗതുകവും
നിര്‍വ്വികാരതയും പറയുന്ന കഥയായിരുന്നത്
ചില
പേരില്ലായ്മകൾആയിരുന്നു അടുത്ത കഥ .സ്ത്രീകൾക്ക് മാത്രമായി ഒരു മാഗസിൻ തുടങ്ങുന്ന നായികയെ
നിരുത്സാഹപ്പെടുത്തുന്ന കൂട്ടുകാരനും
അവന്റെ കള്ളക്കളികൾ കണ്ടെത്തുന്ന അവളുടെ പ്രതികരണവും പ്രമേയമായ കഥ. വളരെ കാലികമോ
പ്രസക്തമോ ആയ ഒരു നിലപാട് കൈക്കൊള്ളാന്‍ കഥയ്ക്കോ കഥാപത്രങ്ങൾക്കോ കഴിഞ്ഞില്ല.
ഫെമിനിസവും സ്വവര്‍ഗ്ഗ ലൈംഗികതയും കഥയ്ക്ക് പ്രമേയമായി എന്നത് പോലും മുഴച്ചു നിന്നതു
പോലെ അനുഭവപ്പെട്ടു.
ഉറങ്ങിക്കിടന്ന
ഒരു കാറ്റ് ആയിരുന്നു അവസാന കഥ. സ്ത്രീയെ എത്ര പരിശുദ്ധവും മാന്യവുമായാണ് ഒരു ജനത
കാണുന്നത് എന്നു പറയുവാൻ ശ്രമിക്കുന്ന കഥ. ശ്രീലങ്കയും അഫ്ഗാനും തമ്മിൽ
പങ്കുവയ്ക്കുന്ന രാജ്യങ്ങളുടെ ഭൂപടത്തിൽ നിന്നും മാച്ചുകളയപ്പെടുന്ന ആകുലതക്ക്
നേരെ ഒരു ചിന്തയാണിത്. ഇണയുടെ മാത്രം കണ്ണുകളിലേക്ക് നോക്കുകയുള്ളു എന്ന അഫ്ഗാനി പുരുഷ
ചിന്തയും അധ്യാപിക എന്നതിൽ നിന്നും സാധാരണ സ്ത്രീയിലേക്ക് പരകായ പ്രവേശം നടത്തുന്ന
ശ്രീലങ്കക്കാരിയും പങ്കുവയ്ക്കുന്ന ധൈഷണികതയെ നല്ലൊരു കഥയാക്കി മാറ്റുന്ന കാഴ്ച.
ദേശങ്ങളും ഭാഷയും ജീവിതവും കഥയ്ക്ക് ഒരു പ്രത്യേക മാനറിസവും പുതുമയും നല്‍കുന്നുണ്ട്.
ജിവിതം
എന്നത് ലൈംഗികതയുമായി ചുറ്റുപിണഞ്ഞു കിടക്കുന്ന കുറെ അനുഭങ്ങള്‍ മാത്രമാണ് എന്നൊരു ചിന്താധാരയില്‍ നിന്നാകണം മിക്ക
കഥകളിലും അറിയാതെയും ബോധപൂര്‍വ്വവും അവ കടന്നുകൂടുന്നത്. പക്ഷെ അവയ്ക്ക് നിയതമായ
ഒരു ഘടന നല്‍കാനോ അവയിലെ പുതുമയെ
മുന്നോട്ടു കൊണ്ട് വരാനോ കഴിയാതെ മാമൂലുകളുടെ ഗന്ധം പേറുന്ന കാഴ്ച ചിലപ്പോഴൊക്കെ
അലോസരപ്പെടുത്തുന്നുണ്ട് . വിചിത്രമയതൊന്നും ഇല്ലാതെ തന്നെ എല്ലാം
വിചിത്രമാക്കുന്ന വായനകള്‍ ആണല്ലോ ഇന്നിന്റെ പ്രത്യേകത. സിതാരയുടെ കഥകളിലെല്ലാം ജീവന്‍ ഉണ്ട് . പെണ്ണിന്റെ മൗനമല്ലാത്ത പ്രതിരോധങ്ങള്‍ ഉണ്ട് . അവയുടെ തീക്ഷ്ണതയുടെ
ചൂടും അനുഭവിക്കാം . അപ്പോഴും അവയ്ക്ക് പുതുമ അവകാശപ്പെടാന്‍ കഴിയാതെ അവയെ
പിന്നോക്കം വലിക്കുന്ന എന്തോ ഒരു അദൃശ്യമായ ചരട് ഓരോ കഥയുടെയും അവസാനം
വായനക്കാരന് അനുഭവിക്കാന്‍ കഴിയുന്നു . തീര്‍ച്ചയായും നാളെയുടെ അക്ഷരങ്ങളില്‍
അവഗണിക്കാന്‍ കഴിയാത്ത ഒരു സാന്നിധ്യം തന്നെയാണ് അത്തരം കുതറിമാറലിന്റെ രസതന്ത്രങ്ങളിലൂടെ
സിതാര പ്രകടിപ്പിക്കുന്നത്. ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല
No comments:
Post a Comment