കാത്തിരിക്കുന്നതാര്‍ക്ക് വേണ്ടി?
-------------------------------------------------
പോയിടുക നീയനന്തമാം
സ്നേഹമതിന്‍ താഴ്വരയിലേക്കതിവേഗം.
ഇല്ലില്ലെനിക്കിറ്റു നേരവും വൃഥാ
പങ്കിടുവാനീ കലുഷലോകത്തില്‍ നിനക്കായ്.
കണ്ടു നില്‍ക്കുവതെങ്ങനെ ഞാനിന്നീ
കുഞ്ഞു പൂവുകള്‍ ഞെരിഞ്ഞുവീഴുമ്പോഴും
ഇണ്ടലില്ലാതെ നിന്നുടെ മേനിതന്‍
നിമ്നോന്നതങ്ങള്‍ ആസക്തിയോടങ്ങ്.
കേട്ട് നില്‍ക്കുവതെങ്ങനെ ഞാനീ
സഹജീവികള്‍ തല്ലേറ്റു ചാവുമ്പോള്‍
മധുരവാണികള്‍ കൊണ്ട് നീയേകും
ഹൃദയഗീതങ്ങള്‍ ആസ്വദിച്ചങ്ങനെ.
പത്രവാര്‍ത്തകള്‍ നിത്യവും കാണുന്നു
കല്‍ത്തുറുങ്കില്‍ നാവുകള്‍ ബന്ധിപ്പൂ
ഇല്ല സമയമൊ.ട്ടുമേ ഇല്ലെനിക്കാ-
പൂവധരങ്ങള്‍ ചുംബിച്ചു നില്‍ക്കുവാന്‍.
പ്രളയമാണെന്‍റെ ചുറ്റിനുമെങ്കിലും
ഒഴുകിപ്പോകുന്നതൊട്ടുമേയില്ല കളകള്‍!
ദൈന്യ ജീവിതമാകെയും കവര്‍ന്നു
ഭൂമിപോലും നീതി നല്‍കുന്നില്ല.
ശീതമുറികളില്‍ നല്‍കുന്ന ചിന്തകള്‍
ശീതവാതം പോലെ പകര്‍ന്നിട്ടു,
കേമമോതുന്ന ചങ്ങാതിമാര്‍ തിന്ന
ജങ്ക്ഫുഡിലോ ദാരിദ്ര്യം ചുവയ്ക്കുന്നു.
ഇന്ത്യഎന്നൊരു രാജ്യത്ത് ജീവിക്കുവാന്‍
ഇന്ന് മനുഷ്യര്‍ക്ക് ജാതിയുണ്ടാകണം
കന്നുകാലികള്‍ തന്നുടെ കാഷ്ഠങ്ങള്‍
ഭക്തിയോടവര്‍ ചുമക്കണം തോളിലും.
ഇല്ല കലുഷിതമാമീ ലോകത്തില്‍
നല്‍കുവാന്‍ തെല്ലു പ്രണയവും കാമവും
വിപ്ലവത്തിന്‍ മണിമുഴക്കം കേട്ട്
കട്ടിലടിയില്‍ ഉറങ്ങുവാന്‍ വയ്യല്ലോ.
പോരുവിന്‍ പ്രിയ ദേശമേ, മിത്രമേ
കാത്തു നില്‍ക്കണ്ട തെല്ലുമേ ആരെയും.
നായകര്‍ വേണ്ട കൊടിയുമേ വേണ്ട
ജീവനില്‍ കൊതി ഒട്ടുമേ കരുതണ്ട.
നാളെ നമ്മുടെ വരും തലമുറകള്‍ക്ക്
ഭയമരുതാതെ ജീവിതം നുകരുവാന്‍
ഇന്ന് നാമുള്ളില്‍ കരുതിടാം കവി വാക്യം
‘ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
വേഗേന നഷ്ടമാമായുസ്സുമോര്‍ക്ക നീ
വഹ്നി സന്തപ്ത ലോകസ്താംമ്പു ബിന്ദുനാ
സന്നിഭം മര്‍ത്യജന്മം ക്ഷണഭംഗുരം.’
----------ബിജു ജി നാഥ് വര്‍ക്കല
No comments:
Post a Comment