നാടന്‍ പ്രേമം (നോവല്‍)
എസ് കെ പൊറ്റക്കാട്
മാതൃഭൂമി ബുക്സ്
പഴയകാല രചനകളെ വായിക്കുന്നതിലെ സുഖം കവിത വായിക്കുന്നത് പോലെ ഒഴുക്കോടെ രസാവഹമായി ജീവിതത്തെ പറഞ്ഞു പോകുന്നു എന്നതാണ്. സംഭാഷണങ്ങള്‍,സംഭവങ്ങള്‍,പ്രകൃതി, സംസ്കാരം എന്നിവയൊക്കെ വളരെ ഒഴുക്കോടെ വായിച്ചറിയുവാനും അനുഭവിക്കാനും കഴിയും. എത്ര തന്നെ കണ്ടും കേട്ടും മറന്നതാണെങ്കിലും അവയ്ക്കൊക്കെയും ഒരു സുഗന്ധവും സുഖാനുഭൂതിയും നല്‍കാന്‍ കഴിയും. പഴയകാല സിനിമകളും നോവലുകളും ഒരേ ശൈലിയില്‍ ഒരേ വിഷയം തന്നെ കൈകാര്യം ചെയ്യുമ്പോഴും അവയിലൊക്കെയും നവ്യമായ ഒരു അനുഭൂതി ദര്‍ശിക്കുന്നത് ഭാഷയെ കൈകാര്യം ചെയ്യുന്ന വ്യത്യസ്തതകള്‍ കൊണ്ട് മാത്രമാണ്. ആധുനിക നോവല്‍ സാഹിത്യത്തില്‍ പക്ഷെ ഈ ഒഴുക്ക് അനുഭവിക്കാന്‍ കഴിയുകയില്ല. പറയാനുള്ളത് അതുപോലെ തുറന്നു പറയുക എന്നതിനപ്പുറം കാവ്യനീതി എന്നൊന്ന് അതില്‍ ഉണ്ടാകണമെന്നില്ല. പ്രണയമായാലും ജീവിതമായാലും അതിനു ഒരു പരുക്കന്‍ പ്രതലമാണ് ഉണ്ടാവുക. സാഹിത്യത്തിലെ രണ്ടു തലമുറയെ ഇതിലൂടെ വായനക്കാര്‍ക്ക് അനുഭവിച്ചറിയാന്‍ കഴിയുന്നു. പഴയ ശൈലിയെ സ്നേഹിക്കുന്നവര്‍ക്ക് പുതിയ രീതിയും പുതിയ രീതിയെ സ്നേഹിക്കുന്നവര്‍ക്ക് പഴയ രീതിയും അനുഭവിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നത് അതിനാലാണ്.
‘എസ്.കെ.പൊറ്റക്കാടി’ന്റെ യാത്രാവിവരണങ്ങള്‍ വായിച്ചു തുടങ്ങിയപ്പോള്‍ തന്നെ ഭാഷയിലെ പ്രയോഗങ്ങളെ വളരെ സന്തോഷത്തോടെ കാണാന്‍ കഴിഞ്ഞിരുന്നു. അതിനാല്‍ തന്നെ അദ്ദേഹത്തിന്‍റെ നോവല്‍ വായിക്കുമ്പോള്‍ മനസ്സില്‍ ഒരു മഞ്ഞു തുള്ളി വീഴുന്ന അനുഭവം ആണ് ലഭിക്കുന്നത്. ‘നാടന്‍ പ്രേമം’ എന്ന നോവല്‍ നാം കണ്ടു മറന്ന സാദാപ്രണയ കഥകള്‍ പോലെ ഒന്ന് അത്രയേ ഉള്ളൂ . അതിനപ്പുറം കാലികമായ ഒന്നും തന്നെ അവകാശപ്പെടാന്‍ ഉണ്ടാകുകയുമില്ലതില്‍. വായന തുടങ്ങുമ്പോള്‍ തൊട്ടു അത് അവസാനിക്കുമ്പോള്‍ വരെ അതില്‍ നസീര്‍ , ശാരദ , ജയഭാരതി , ജയന്‍ , ഉമ്മര്‍ തുടങ്ങി കുറെ മുഖങ്ങള്‍ നമുക്ക് ദര്‍ശിക്കാന്‍ കഴിയും . കാരണം ആ കാലഘട്ടവും കഥകളും പരസ്പരം ഇങ്ങനെ ഒരു കൊടുക്കല്‍ വാങ്ങല്‍ ബന്ധം ഉള്ളതുകൊണ്ട് തന്നെ. നായകന്‍ പട്ടണക്കാരന്‍. എല്ലാ സുഖ സൗകര്യങ്ങളും ഉണ്ട് . സുന്ദരന്‍, ലക്ഷപ്രഭു. ജീവിതത്തെ വളരെ തമാശയോടെ സമീപിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന യൗവ്വനകാലം . പട്ടണജീവിതത്തിന്റെ വിരസത അകറ്റാന്‍ നാട്ടിന്‍ പുറത്തേക്ക് വരുന്നു. അവിടെ തനി നാടന്‍ ശീലുകള്‍ ചേര്‍ത്ത് വിളക്കിയ ഒരു നായിക. അവള്‍ പൊതുവേ നിഷ്കളങ്കയും പെട്ടെന്ന് പ്രണയത്തില്‍ വീഴുന്നവളും ഒക്കെയാകും . നായകന്‍ തന്റെ അവധിക്കാലം നായികയുടെ നിഷ്കളങ്കത മുതലെടുത്ത് നന്നായി ആസ്വദിച്ചു അവളെ ഗര്‍ഭിണിയാക്കി തിരിച്ചു പോകുന്നു. അടയാളമായി മോതിരമോ മറ്റെന്തെങ്കിലുമോ നല്‍കുന്നു. നായിക ഗര്‍ഭം തിരിച്ചറിയുന്നതോടെ ഇനി മരണം എന്ന് കരുതുന്നു. ആത്മഹത്യയില്‍ നിന്നും നാട്ടിലെ നിഷ്കളങ്കനും സാധുവും പരോപകാരിയുമായ ഒരു യുവാവ് രക്ഷപ്പെടുത്തുന്നു . ഗര്‍ഭവും നായികയും അയാള്‍ ഏറ്റെടുക്കുന്നു. വര്‍ഷങ്ങള്‍ കഴിയുന്നു നായകന്‍ തന്റെ അടിച്ചുപൊളി ജീവിതം അവസാനിപ്പിച്ചു കഷണ്ടി കയറി മധ്യവയസ്സില്‍ എത്തി നില്‍ക്കുമ്പോള്‍ പുത്രദുഃഖം കലശലാകുന്നു. ഭാര്യമാരെ രണ്ടു പേരെ മാറി മാറി കെട്ടിയെങ്കിലും കുട്ടികള്‍ മാത്രം ഇല്ല. അതോടെ ഒരു ദിവസം പഴയ ഗ്രാമത്തിലേക്ക് ഭാര്യയുമായി എന്തെങ്കിലും ഒരാവശ്യത്തിന് എത്തുന്നു . വഴിയിലൊരു കൊച്ചിനെ കാണുന്നു അവനെ ഓമനിക്കുന്നു ഇഷ്ടം തോന്നുന്നു . എന്തോ മുജ്ജന്മ ബന്ധം തോന്നുന്നു. നായിക കൊച്ചിനെ വിളിച്ചുകൊണ്ടുപോകുന്നു . നായകന്‍ രോഗ ശയ്യയില്‍ ആകുന്നു . കൊച്ചിനെ നായികയും ഭര്‍ത്താവും കൂടെ കൊണ്ടുവന്നു തിരികെ കൊടുക്കുന്നു . തിരികെ പോയ നായികയും ഭര്‍ത്താവും ആത്മഹത്യ ചെയ്യുന്നു . കുട്ടിയും നായകനും സസുഖം വാഴുന്നു . ഭാവിയില്‍ അവര്‍ ഗ്രാമത്തില്‍ വരുമ്പോള്‍ ഓര്‍മ്മകള്‍ രണ്ടുപേരിലും വരുന്നു .
നാഗരികതയുടെ മുന്നില്‍ ഗ്രാമീണതയുടെ വിശുദ്ധി എങ്ങനെ നഷ്ടപ്പെടുന്നു അല്ലെങ്കില്‍ ചൂഷണം ചെയ്യപ്പെടുന്നു എന്നത് ഒരു കാലത്തെ ജീവിതത്തിന്റെ പ്രധാനമായ ഒരു ഭാഗമായിരുന്നു. നഗരം പണം കൊണ്ട് വിലയ്ക്ക് വാങ്ങിയ ഗ്രാമീണ ശാലീനതകള്‍ അതിന്റെ വിവിധ ഭാവങ്ങള്‍ രസതന്ത്രങ്ങള്‍ ഇവയൊക്കെ ഈ നോവലില്‍ നന്നായി വായിച്ചെടുക്കാന്‍ കഴിയും.
തോപ്പില്‍ ഭാസി ഇത് സിനിമയാക്കിയപ്പോള്‍ മധു ഉമ്മര്‍ ഷീല തുടങ്ങിയവര്‍ അതില്‍ തങ്ങളുടെ ഭാഗങ്ങള്‍ നന്നായി അവതരിപ്പിക്കുകയും ഉണ്ടായി.
ഇത്രയൊക്കെ മതി ഒരു തട്ടുപൊളിപ്പന്‍ നോവല്‍ ഉണ്ടാകാന്‍ ഒരു കാലത്ത്. സിനിമയും അതെ.. ഇത്രയൊക്കെയേ പൊറ്റക്കാടും എഴുതിയിട്ടുള്ളൂ. എങ്കിലും ഗ്രാമീണതയുടെ ഇന്ന് കാണാന്‍ കഴിയാത്ത സൗന്ദര്യവും സന്തോഷവും പച്ചപ്പും വായനയില്‍ നല്‍കുന്നൊരു സുഖമുണ്ട്. അതിനു കൃത്രിമമായ ഒരു ഗന്ധം നല്‍കാന്‍ കഴിയില്ല. പറഞ്ഞു പോകലല്ല അത്, അനുഭവിക്കലാണ്. അതൊക്കെക്കൊണ്ട് ആകണം ഒരു കാലത്തെ നോവലുകളും നോവലിസ്റ്റുകളും മലയാളി ഇന്നും അഭിമാനവും സന്തോഷവും ഒക്കെയായി ചുമലേറ്റി ആരാധിക്കുന്നത്. ഇന്നത്തെ നോവലിസ്റ്റുകളില്‍ അവര്‍ തേടുന്നതും അതൊക്കെയാണ് . ഒരു പക്ഷെ നാളത്തെ കാലം ഇവരെയാകാം ആരാധിക്കുക . അവരുടെ വായനയില്‍ പഴമയുടെ ഗന്ധം പഠനങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു വഴിപാട് മാത്രമാകാം. എങ്കിലും വായിക്കുമ്പോള്‍ സുഖമുണ്ടാകുന്ന അനുഭവങ്ങള്‍ക്ക് ഇത്തരം ചെറു നോവലുകള്‍ തങ്ങളുടേതായ പ്രത്യേകകഴിവും സന്തോഷവും നല്‍കുന്നുണ്ട്.
ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല
No comments:
Post a Comment