Saturday, September 15, 2018

ഞാനിപ്പോഴും യാത്ര പോകാറുണ്ട്

ഞാനിപ്പോഴും യാത്ര പോകാറുണ്ട്.
.........................................................
ഓർമ്മകളിലേക്ക്  തിരികെ നടക്കുന്ന പകലിൽ
ഒരു തീവണ്ടി സ്വരമുണ്ട്.
യാത്രയുടെ ആലസ്യമുണ്ട്.
കാത്തു നില്പിന്റെ ആകാംഷയും.
വിടർന്നു മലർന്ന കീഴ്ച്ചുണ്ടിൽ
അമർന്നുചുവന്ന ചിന്തകളുണ്ട്.
റബ്ബർ മരങ്ങൾ കൈ പിടിച്ചു നില്ക്കുന്ന
വിജന വഴിയോരങ്ങൾ ഉണ്ട്.
(സ്വപ്നങ്ങളിൽ റബ്ബർ മരങ്ങൾക്ക്
ഫർ മരങ്ങളോ
കാറ്റാടി മരങ്ങളോ ആകും ചേർച്ചയെങ്കിലും.)
നിന്റെ മുടിയെണ്ണ മണക്കുന്ന രക്ഷാകവചം ചൂടി
തണുത്ത ചെറിയ കൈപ്പത്തി തോളിലമരുന്ന
സുഖമറിഞ്ഞ യാത്രയുടെ ചൂടുണ്ട്.
ഓർക്കാപ്പുറത്ത് ബ്രേക്ക് നല്കി
നിന്റെ മാർച്ചൂടും മാർദ്ദവവും ഏറ്റുവാങ്ങും
കുസൃതികളുണ്ട്.
റിയർ മിററിൽ നിന്റെ ഭാവങ്ങളെ കണ്ടിരുന്നു കൊണ്ട്
യാത്രയുടെ സുഖമറിയുന്നുണ്ട്.
ഇടക്കെപ്പോഴൊ വയറിൽ ചുറ്റിപ്പിടിച്ചു
തോളിൽ മുഖമമർത്തുമ്പോൾ
തുടിച്ചുയരുന്ന വികാരമുണ്ട്.
യാത്രകൾക്ക് എന്നും നിന്റെ ഗന്ധമാണ്.
നീ പിറകിലുണ്ടെന്ന ഓർമ്മയാണ്
ഓരോ യാത്രയും.
മറന്നു പോയേക്കുമെന്നു തോന്നുമ്പോഴൊക്കെ
ഞാനിപ്പോഴും യാത്ര പോകാറുണ്ട്.
സ്വപ്നമാണെന്നറിയുമ്പോഴും
ഒരിക്കലെങ്കിലും നീ കൂടെയുണ്ടാകുമെന്ന കരുതലിൽ
ഞാനിപ്പോഴും യാത്ര പോകാറുണ്ട്.
ഒറ്റയ്ക്കാണെങ്കിലും
ഒറ്റയല്ലെന്നു തോന്നിപ്പിക്കാതിരിക്കാൻ
നിന്നെയും കൂട്ടിയുള്ള യാത്രകൾ.
...... ബി.ജി.എൻ വർക്കല

No comments:

Post a Comment