Friday, January 27, 2023

റോസമ്മ......... നീതു പോൾസൺ

റോസമ്മ(നോവൽ), 
നീതു പോൾസൺ,
ചിത്രരശ്മി ബുക്സ്, 
വില: ₹ 100.00



യത്ര നാര്യസ്തു പൂജ്യന്തരമണേ തത്ര ദേവത. നാമൊക്കെ കുട്ടിക്കാലം മുതൽ കേട്ടു വളർന്ന മനുസ്മൃതിയിലെ ഒരു വാചകമാണിത്. ഇതു പോലെ മറ്റൊരു വാചകമാണ് പിതാവും പതിയും പുത്രനും മൂന്നു കാലങ്ങളിലും സംരക്ഷിക്കാനുള്ളതിനാൽ ഭാഗ്യവതിയായ സ്വാതന്ത്ര്യത്തിൻ്റെ ആവശ്യം തന്നെയില്ലാത്ത സ്ത്രീയെക്കുറിച്ച്. നൂറ്റാണ്ടുകളായി ഇവ വായിച്ചും പങ്കുവച്ചും ജീനിൽ കടന്നു കൂടിപ്പോയ ഒരു സംസ്കാരമാണ് സ്ത്രീയെ സംരക്ഷിക്കേണ്ടത് എക്കാലത്തും പുരുഷൻ്റെ ധർമ്മമാണ് എന്നത്. ലോകത്തുള്ള എല്ലാ ദൈവ നിയമങ്ങളിലും, ഉദാരമതിയായ ദൈവം ഈ ഒരു കാര്യം പാറയിൽ കൊത്തിവയ്ക്കും വിധം ആവർത്തിച്ചുറപ്പിക്കുന്നുമുണ്ട്. ഇതൊരു ദയയായും സൗഭാഗ്യമായും കരുതുകയും അതിനെ സന്തോഷത്തോടെയും ഭക്തിയോടും സ്വീകരിച്ച്, ആസ്വദിച്ച് അംഗീകരിച്ച് വളരുകയും വളർത്തുകയും ചെയ്യുന്നു ഭൂരിഭാഗം സ്ത്രീകളും. ഇതിനെ എതിർക്കുന്ന സ്ത്രീകളെ അതിനാൽത്തന്നെ അവർ കൂടിച്ചേർന്ന് പുരുഷനൊപ്പം ആക്രമിക്കുകയും അവഹേളിക്കുകയും ചെയ്യുന്നു. എല്ലാത്തിന്നും ജീനിൽ അടിഞ്ഞുകൂടിയ സംസ്കാരം തന്നെ കാരണം. ആധുനിക കാലത്ത് സ്ത്രീകൾ പ്രതിഷേധിക്കുന്നതിൽ കൂടുതൽ സഹകരണവും ഐക്യവും നല്കുന്നത് പുരുഷനാണ്. കാരണം അവൻ്റെ ഉള്ളിലെ തെറ്റിൻ്റെ കുറ്റബോധം അവനെ അതിന് പ്രേരിപ്പിക്കുന്നതാകാം. ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, ജയ ജയജയ ജയ ഹേ പോലുള്ള പുതിയ കാല മലയാള ചിത്രങ്ങൾ സധൈര്യം ഈ സ്ത്രീ സ്വാതന്ത്ര്യത്തെ അഡ്രസ് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. അതേ പോലെ നവ സാഹിത്യത്തിൽ സ്ത്രീയുടെ വ്യക്തിത്വവും സ്വത്വവും വളരെ നല്ല ആഴത്തിലും പരപ്പിലും പടർന്നു തുടങ്ങിയിട്ടുമുണ്ട്.

നീതു പോൾസൺ എന്ന എഴുത്തുകാരിയുടെ രണ്ടാമത്തെ പുസ്തകമാണ് റോസമ്മ എന്ന നോവൽ. ജിമിക്കി എന്ന കഥാസമാഹാരം ഇതിനു മുമ്പ് ഇറക്കിയിട്ടുണ്ട്. പരസ്പരം മാസിക ഏർപ്പെടുത്തിയ ഗോപി കൊടുങ്ങല്ലൂർ പുരസ്കാരം ഈ എഴുത്തുകാരിക്ക് ലഭിച്ചിട്ടുണ്ട്. സിനിമ സംവിധായകൻ ജിയോബേബിയുടെ അവതാരികയോടെയാണ് റോസമ്മ എന്ന നോവൽ തുടങ്ങുന്നത്. ഈ നോവലിൻ്റെ ഇതിവൃത്തം റോസമ്മ എന്ന സ്ത്രീയുടെ ജീവിതത്തിൻ്റെയാണ്. വളരെ യാഥാസ്തികരായ ഒരു ക്രിസ്ത്യൻ കുടുംബത്തിൽ, യോഹന്നാൻ എന്ന ഭർത്താവും നാൻസി, ജിത്തു എന്നീ രണ്ടു മക്കളുമൊപ്പം ജീവിക്കുന്ന നാല്പതു കഴിഞ്ഞ സ്ത്രീ. ആദ്യ ഗർഭത്തോടെ അധ്യാപക വേഷം അഴിച്ചു വച്ച് കുടുംബിനിയായ റോസമ്മ വിവാഹ ജീവിതത്തിൻ്റെ സുഖമോ സംതൃപ്തിയോ അറിഞ്ഞവളല്ല. വിവാഹ രാത്രി മുതൽ ഈ നാല്പതുകളിലും ഒരു ചുംബനമാേ തലോടലോ ലഭിക്കാതെ ഒരു സെക്സ് ടോയ് പോലെ ചലന രഹിതയായി കിടന്നു കൊടുക്കുന്ന ഒരുവൾ. ചെറുതും വലുതുമായ ഒരു പാട് കാര്യങ്ങൾ എന്നുമുണ്ടാകും യോഹന്നാന് പാത്രങ്ങൾ വലിച്ചെറിയാനും, തെറികൾ വിളിക്കാനും , വലിച്ചു വാരിയിട്ട് ചവിട്ടിക്കൂട്ടാനും. എങ്കിലും റോസമ്മ ഒരിക്കലും അയാളെ വിട്ടു പോകാതെ പതി ഭക്തയായ ഒരു വിശ്വാസിയായി കഴിച്ചുകൂട്ടുന്നു. പക്ഷേ തൻ്റെ അവസ്ഥ തൻ്റെ മക്കൾക്ക് വരരുതെന്ന് കരുതുന്ന റോസമ്മ അതിനാൽത്തന്നെ മകളെ സുരക്ഷിതയാക്കാൻ ശ്രമിക്കുന്നു. അതിൻ്റെ പേരിൽ കൊടിയ മർദ്ധനം ഏറ്റുവെങ്കിലും പ്രതികരിക്കാത്ത അവൾ പക്ഷേ തൻ്റെ മകനെ തല്ലും എന്ന ഘട്ടം വരുമ്പോൾ പ്രതികരിക്കുന്നു. അള മുട്ടിയാൽ ചേരയും കടിക്കും എന്ന തത്വം പോലെ യോഹന്നാൻ്റെ കണ്ണിൽ പൊന്നീച്ച പറപ്പിക്കുന്ന റോസമ്മ ആദ്യമായ് തല ഉയർത്തി നില്ക്കുന്നു. അയാൾ വീടു വിട്ട് പോകുന്നു. അവൾ സധൈര്യം കുടുംബം രക്ഷപ്പെടുത്തുന്നു. ശേഷം.... അതറിയാൻ നിങ്ങൾ ആ നോവൽ വായിക്കുക തന്നെയാണ് വേണ്ടത്.

ഈ നോവൽ വായിക്കുമ്പോൾ പഴയ കാല നോവലുകളിലെ, സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങളെ ഓർമ്മ വരുന്നുണ്ട്. അവസാനങ്ങളിൽ പുതിയ കാല കഥകളുടെ ,സിനിമകളുടെ ഓർമ്മയും. ഗ്രാമീണതയെയും ബന്ധങ്ങളുടെ ഭിന്ന മുഖങ്ങളെയും വളരെ ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്നുണ്ട് എഴുത്തുകാരി. ചെറിയ നോവലാണെങ്കിലും ഭംഗിയായ അവതരണം തന്നെയാണ്, ഭാഷ തന്നെയാണ് ഉള്ളത്. നോവലിലെ പോരായ്മയായി കണ്ടത് ജീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലെ പക്വതയില്ലായ്മയാണ്. പുരോഗമന ചിന്ത എന്നാൽ സ്വതന്ത്രരതിയാണ് എന്നൊരു കാഴ്ചപ്പാട് സമൂഹത്തിൽ ഇപ്പോഴും നിലനില്ക്കുന്നുണ്ട്. പണ്ട് ഫെമിനിസ്റ്റ് എന്നാൽ വലിയ കണ്ണടയും സ്ലീവ്ലെസ് ബ്ലൗസും ഒക്കെയായിരുന്ന സ്ത്രീകൾ എന്ന പോലെയാണ് ഇന്ന് പുരോഗമന സ്ത്രീകൾ എന്നാൽ പാൻ്റും ഷർട്ടും ധരിക്കുന്ന , മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ബോയ് ക്കട്ട് ചെയ്ത സ്ത്രീകൾ എന്ന ചിത്രവത്ക്കരണവും. ഈ സ്ത്രീകൾ ഒക്കെ പുരുഷന്മാരുടെ കൂടെ നടക്കുന്ന ,ഒന്നിച്ചു ഒരു കട്ടിലിൽ കൂട്ടമായി ഉറങ്ങുന്ന തോന്നുന്നവരോടൊത്ത് സെക്സ് ചെയ്യുന്ന സ്ത്രീകൾ ആണെന്നും ഇത് നമ്മുടെ സംസ്കാരത്തിന് (?) എതിരാണെന്നും ഉള്ള ചിന്താഗതിയുള്ളവരാണ് ഇന്നുള്ള ഭൂരിഭാഗസമൂഹവും. സ്വന്തം കാലിൽ നില്ക്കുക എന്നതാണ് സ്വാതന്ത്ര്യം എന്നു വാദിക്കുമ്പോഴും, റോസമ്മയെപ്പോലെ, അമ്പിളിയെപ്പോലെ, ആൻസിയെപ്പോലെ ഭർത്താവിനെ കൈവിടാത്തവരാകണം സംസ്കാരമുള്ള സ്ത്രീകൾ എന്ന് പറയാതെ പറഞ്ഞു പോകുകയാണ് എഴുത്തുകാരി ഈ നോവലിൽ. ആ കാഴ്ചപ്പാടിനോട് വിയോജിപ്പു തോന്നിയെന്നുള്ള ഒരു പോരായ്മ വായനയിൽ ഉണ്ടായി. കൂടുതൽ വായനകളും ചർച്ചകളും സംഭവിക്കാൻ ഇത്തരം എഴുത്തുകൾ കാരണമാകട്ടെ എന്നും, കൂടുതൽ മികവുള്ള, തെളിഞ്ഞ നിലപാടുകളും സന്ദേശങ്ങളുമുള്ള എഴുത്തുകൾ ഉണ്ടാകട്ടെ എന്നുമാശംസിക്കുന്നു.
@ബിജു ജി.നാഥ് വർക്കല

No comments:

Post a Comment