Saturday, February 11, 2023

പൊക്കിള്‍ക്കൊടിയുടെ ഭൂപടം..............................ഇസ്മയില്‍ കൂളത്ത്

പൊക്കിള്‍ക്കൊടിയുടെ ഭൂപടം (കഥകള്‍ ) 
ഇസ്മയില്‍ കൂളത്ത് 
സൈകതം വില : ₹ 170.00


കഥകള്‍ ജീവിതഗന്ധികള്‍ ആയ പുഷ്പങ്ങള്‍ ആണ് . ചിലവ സുഗന്ധവാഹിയായി പരിലസിക്കും . ചിലവ അതീവ മനോഹരിയായി കാലങ്ങള്‍ വാഴ്ത്തും . ചിലവ അഴുക്കുചാലുകളിലേക്ക് പിന്തള്ളപ്പെടുകയും ചെയ്യും. ഇവ കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് വിധേയമാകുക പതിവാണ് . ചിലര്‍ മണ്‍മറഞ്ഞുപോയി വര്‍ഷങ്ങള്‍ക്കൊ നൂറ്റാണ്ടുകള്‍ക്കൊ ശേഷമാകും അവരുടെ രചനകള്‍ ലോകം വിലയിരുത്തുക പോലും ചെയ്യുക. സാംസ്കാരിക ലോകത്തിന് ഒരു വലിയ പോരായ്മ ഉണ്ട് . അവര്‍ ഒരിയ്ക്കലും ഒരു നല്ല എഴുത്താളിയെ അനുമോദിക്കുകയോ വളര്‍ത്തുകയോ ഇല്ല . അവര്‍ ഓരോ കോക്കസുകളില്‍ പെട്ട വര്‍ഗ്ഗങ്ങള്‍ ആണ് . കുറച്ചു പേരുടെ കൂട്ടങ്ങള്‍ . അവര്‍ പറയുന്നതും അവര്‍ പങ്കുവയ്ക്കുന്നതുമാണ് സാഹിത്യം എന്നോ അവമാത്രമേ വായിക്കപ്പെടാവൂ എന്നും ഒരലിഖിത നിയമം ഇവിടെ പ്രബലമാണ്. പലപ്പോഴും നന്നായി എഴുതുന്നവ ലോകം കാണുക കൂടിയില്ല . നിരാശയോടെ അത്തരം എഴുത്തുകാര്‍ നിശബ്ദം പിറകിലേക്ക് മാറും. വിഷാദരോഗികള്‍ ആകും . ആത്മഹത്യയോ സാഹിത്യത്തോടുള്ള എന്നെന്നേക്കുമുള്ള വിടവാങ്ങലോ ഒക്കെയായി അവര്‍ മായും. കീഴാളന്റെ ശബ്ദം ഇവയിലെങ്ങുമെത്തുകയുമില്ല . വായനക്കാര്‍ വ്യക്തി വായനയോ മുന്‍വിധി വായനയോ ഇല്ലാത്തവര്‍ ആയിരുന്നെങ്കില്‍ ഇന്നിവിടെ എത്രയോ ദളിത് , വനിതാ എഴുത്തുകാര്‍ ഒക്കെ പ്രശസ്തരായേനെ എന്നു വേദനയോടെ സ്മരിക്കേണ്ടി വരും . സാഹിത്യപരമായ വാസന എന്നത്  എല്ലാവർക്കും ഉണ്ട് പക്ഷേ അത് എഴുതിപ്പിടിപ്പിക്കാന്‍ എല്ലാവർക്കും കഴിയാറില്ല എന്നതിനാല്‍ നമുക്ക് കവികളും കഥാകാരും കുറവാണ് . സോഷ്യല്‍ മീഡിയ വളര്‍ത്തിയ എഴുത്തുകാര്‍ ഒട്ടൊന്നുമല്ല . അതൊരു പോരായ്മയും അല്ല . പോരായ്മ ആകുന്നത് മേല്‍പ്പറഞ്ഞ അപചയങ്ങള്‍ സംഭവിക്കുമ്പോഴാണ് . 

ഇസ്മായില്‍ കൂളത്ത് എന്ന എഴുത്തുകാരനെ പരിചയപ്പെടുന്നത് കുറച്ചു കാലം മുന്നെയാണ് . യു എ ഇ യിലെ ചുരുക്കം സൗഹൃദങ്ങളില്‍ ഒന്ന്‍ . കഥകള്‍ എഴുതുന്ന ഒരാള്‍ എന്നറിയുന്നത് പിന്നീടാണ് . ചിലതൊക്കെ വായിച്ചിട്ടുമുണ്ട്. ഇക്കഴിഞ്ഞ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഇറങ്ങിയ അദ്ദേഹത്തിന്റെ കഥകളുടെ സമാഹാരമാണ് “പൊക്കിള്‍ക്കൊടിയുടെ ഭൂപടം” . ഇസ്മയില്‍ കൂളത്തിന്റെ രചനകളില്‍ ഇഷ്ടപ്പെടുന്ന ഒരു വസ്തുത അതിലെ ഭാഷാ പ്രയോഗങ്ങളും പ്രകൃതിയോടും ബന്ധങ്ങളോടുമുള്ള അതിയായ വൈകാരികതയുടെ പച്ചപ്പുകളുമാണ് . മാനുഷികമായ ഒരു തലത്തില്‍ നിന്നുകൊണ്ടുള്ള കാഴ്ചപ്പാടുകള്‍ അതീവ വൈകാരികതയോടെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരെഴുത്തുകാരന്‍ എന്ന നിലയ്ക്കാണ് ഈ എഴുത്തുകാരന്റെ കഥകളെ വായിച്ചിട്ടുള്ളത് . പൊക്കിള്‍ക്കൊടിയുടെ ഭൂപടം പതിമൂന്നു കഥകളുടെ ഒരു സമാഹാരം ആണ് . വരകളും വരികളുമായി പതിമൂന്നു കഥകള്‍ . ഇവ ജന്മനാടിന്റെയും കുടിയേറ്റ ജന്മത്തിന്റെയും സമ്മിശ്രങ്ങളായ പ്രതികരണങ്ങള്‍ ആയി വായിക്കാന്‍ കഴിയും . ചിലവ നാട്ടില്‍ മാത്രം ആണെങ്കില്‍ ചിലവ ഷാര്‍ജയുടെ പരിസരങ്ങള്‍ ആണ് . ചിലപ്പോഴാകട്ടെ ഇരു കരകളെയും ഒരുമിച്ചുള്ള ഒരു കൂട്ടിക്കെട്ടല്‍ കൂടിയാണ് . അതുകൊണ്ടൊക്കെയാകാം പൊക്കിള്‍ക്കൊടിയുടെ ഭൂപടം എന്ന ശീര്‍ഷകം പുസ്തകത്തോട് ചേര്‍ന്ന് നില്‍ക്കുന്നത് . അത് തിരഞ്ഞെടുത്ത സഹൃദയനെ അനുമോദിക്കേണ്ടതുണ്ട് . ഓരോ കഥയും ഓരോ ജീവിതങ്ങളാണ് . ഒന്നോ അതിലധികമോ ജീവിതങ്ങള്‍ ചേര്‍ന്ന കടലാണ് . സമ്മിശ്ര വികാരങ്ങളുടെ അക്ഷരങ്ങള്‍ . ഭാഷയോട് സ്നേഹമുള്ള, വായനാശീലമുള്ള ഒരാളുടെ എഴുത്തുകള്‍ ആയി ഈ കഥകള്‍ വായിച്ചുപോകാം . മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധം , മാനുഷിക വികാരങ്ങള്‍ , സ്വാര്‍ത്ഥരായ മനുഷ്യരുടെ നിസ്സഹായതകള്‍ . മരണം എന്ന കേവലത ഒക്കെയും കഥകളുടെ ബീജങ്ങള്‍ ആയി വായന കാണിച്ചുതരുന്നുണ്ട് . നഗരവത്കരണ ലോകത്ത് , യാന്ത്രിക ജീവിതത്തിലെ മുഷിപ്പില്‍ ഒറ്റയ്ക്കാവുന്ന സ്ത്രീ മനസ്സുകളെയും അവരുടെ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളെയും അവതരിപ്പിക്കുമ്പോഴും , വികസനമോഹങ്ങള്‍ക്ക് മുന്നില്‍ കുഞ്ഞുങ്ങളുടെ മനസ്സ് കാണാതെ പോകുകയും പ്രകൃതിയെ സംരക്ഷിക്കാന്‍ മടിക്കുകയും ചെയ്യുന്ന മനുഷ്യരുടെ ലോകത്ത് കുഞ്ഞുങ്ങള്‍ എങ്ങനെയാണ് ചിന്തിക്കുക എന്നുള്ള വെളിപ്പെടുത്തലുകളും ഒക്കെ മാനുഷികമായ , മാനസികചിന്താഗതികളുടെ ലോകത്തെ അനാവൃതമാക്കാനുള്ള ശ്രമങ്ങള്‍ കഥകളില്‍ വായനക്കാരുടെ ലോലമായ വികാരങ്ങളെ ഉണര്‍ത്താന്‍ പര്യാപ്തമാണ് . 

എല്ലാം പറഞ്ഞു പോകാനുള്ള വ്യഗ്രത ഒരിടത്ത് . തുറന്നു പറഞ്ഞാല്‍, വിശദമായി വിവരിച്ചാല്‍ പിന്നെന്ത് കഥ എന്ന ചിന്ത മറ്റൊരിടത്ത് . ഫലമോ ദുർഗ്രാഹ്യമായ മൗനങ്ങളും ക്രമം തെറ്റിയ കാലവായനകളും കൊണ്ട് മാജിക്കല്‍ റിയലിസം തീര്‍ക്കാനുള്ള ശ്രമങ്ങള്‍ കഥകളില്‍ പലയിടത്തും കാണുകയുണ്ടായി. ഒരു നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയും അതിനെ വ്യക്തമായി അവതരിപ്പിക്കുകയും ചെയ്യുക എന്നത് ഭാരിച്ച പണി തന്നെയാണ് . ഒരു എഴുത്തുകാരനും വായനക്കാരനും എന്ന നിലയില്‍ ഇസ്മയില്‍ കൂളൊത്ത് ആ ഒരു തന്ത്രം കയ്യടക്കാന്‍ ഇനിയും കൂടുതല്‍ എഴുതേണ്ടതുണ്ട് എന്നു കരുതുന്നു . ക്ലീഷേ ആകുന്ന മത സൗഹാര്‍ദ്ദം പറഞ്ഞു ഫലിപ്പിക്കാന്‍ ഉള്ള ശ്രമം ഹാസ്യാത്മകമായി തോന്നി. പ്രളയം വന്നു സര്‍വ്വതും മുങ്ങിയിട്ടും മതത്തെ മുറുക്കിപ്പിടിച്ച്, ഉയര്‍ത്തിക്കാട്ടി നില്‍ക്കുന്ന മനുഷ്യരെ അവതരിപ്പിക്കുന്നതു വായിക്കുമ്പോള്‍ അതാണ് പറയാന്‍ തോന്നുന്നത് . കാവി കൗപീനവും മുല്ലാത്താടിയും തമ്മിലുള്ള ആ ഇടപെടലുകളില്‍ മുഴുവന്‍ ആ ഒരു കാളിമ കാണാം . അതിന്റെ മൂര്‍ദ്ധന്യം എത്തുന്നതോ മൗലവി നമസ്കാരത്തിലേക്കും ശാന്തിക്കാരന്‍ പൂജയിലേക്കും കയറിപ്പോകുമ്പോഴാണ് . ശരാശരി മതേതരക്കാര്‍ ഒക്കെ എഴുന്നേറ്റ് നിന്നു കൈയ്യടിക്കുന്ന ഇത്തരം സീനുകള്‍ എത്രത്തോളം ഹാസ്യമാണ് വായനക്കാരില്‍ ഉണ്ടാക്കുക എന്നത് വ്യക്തിഹിതം. നല്ല കുറച്ചു കഥകള്‍ വായിച്ചു പോയി എന്നതിനപ്പുറം ഓര്‍മ്മയില്‍ സൂക്ഷിച്ചു വയ്ക്കാന്‍ ഒന്നും നല്‍കിയില്ല എന്നു പറയാന്‍ കഴിയില്ല . കാരണം സ്വന്തം പറമ്പിലെ കുളം നഷ്ടപ്പെടുന്നതോര്‍ത്ത് വിതുമ്പുന്ന ആ കുഞ്ഞിന്റെ ഓർമ്മ മനസ്സില്‍ പതിപ്പിക്കാന്‍ കഴിഞ്ഞതുകൊണ്ടു മാത്രമാണത് . ഇനിയും കൂടുതല്‍ കഥകള്‍ വിശാലമായ ക്യാന്‍വാസുകളില്‍ വരച്ചിടാന്‍ ഈ എഴുത്തുകാരന് കഴിയട്ടെ എന്നു ആശംസിക്കുന്നു . കോക്കസുകളില്‍പ്പെടാതെ സ്വന്തം നിലപാട് തറയില്‍ നിന്നുകൊണ്ടു നല്ല നല്ല കഥകള്‍ സമ്മാനിക്കാന്‍ കഴിയട്ടെ . ആശംസകളോടെ ബിജു ജി.നാഥ് വര്‍ക്കല

No comments:

Post a Comment