മണല്‍ക്കാറ്റിനും പറയുവാനുണ്ട് (കവിതകള്‍)
ദീപ പ്രമോദ്
കൈരളി ബുക്സ്
വില : ₹ 170 .00
കാലമെത്ര കഴിഞ്ഞാലും കവിതയുടെ രൂപം ഭാവം ഒക്കെയും മാറിയാലും എല്ലാവരും സമ്മതിക്കുന്ന ഒരു വിഷയമുണ്ട് . കവിത എന്നാല്‍ പാരായണ ക്ഷമതയുള്ളതാകണം . വൃത്തമഞ്ജരിയില്‍ എ ആര്‍ രാജരാജവര്‍മ്മ ഇങ്ങനെ പറയുന്നു .
“പദ്യമെന്നും ഗദ്യമെന്നും ഹൃദ്യമാം മട്ടു രണ്ടിലേ
വാഗ്ദേവതയൂദിച്ചിടൂ വിദ്വദാനനപങ്കജേ.
മാത്ര,വര്‍ണ്ണം, വിഭാഗങ്ങളിത്യാദിക്ക് നിബന്ധന
ചേര്‍ത്തു തീർത്തീടുകില്‍ പദ്യം, ഗദ്യം കേവലവാക്യമാം.”
അതായത് ഗദ്യമെന്നും പദ്യമെന്നും വാക്യത്തിന്റെ ഗതി രണ്ടുവിധം . ഇത്ര അക്ഷരം കൂടുന്നത് ഒരു പാദം, പാദത്തില്‍ ഇന്ന ഇന്നത് ലഘു , ഇന്ന ഇന്നത് ഗുരു . ഇന്നിടത്ത് യതി . ഇത്യാദി വ്യവസ്ഥകള്‍ കല്‍പ്പിച്ചു കെട്ടിയുണ്ടാക്കുന്ന വാക്യം പദ്യം. ഈ വക നിബന്ധനയൊന്നും കൂടാതെ എഴുതുന്ന വാക്യം ഗദ്യം. (ഗദ്യത്തിന് ആന്തരമായ താളഗതികളുണ്ട് . ചിട്ടകള്‍ക്ക് വിധേയമല്ല.) സാധാരണ ലോക വ്യവഹാരത്തില്‍ നാം ഗദ്യമുപയോഗിക്കുന്നു . സരസങ്ങളായ അര്‍ത്ഥങ്ങളെ കവികള്‍ വൃത്തശാസ്ത്രവിധിപ്രകാരം പദ്യങ്ങളാക്കി ചമയ്ക്കുന്നു. (നൈസര്‍ഗ്ഗിക താളബോധമാണടിസ്ഥാനം.) എന്നാല്‍ കാവ്യമെല്ലാം പദ്യമായിരിക്കണമെന്നോ വൃത്തശാസ്ത്ര നിബന്ധനയ്ക്ക് ചേര്‍ന്ന് എഴുതുന്ന വാക്യമെല്ലാം കാവ്യമാകുമെന്നോ പറഞ്ഞുകൂടാത്തതാകുന്നു. പദ്യലക്ഷണം വൃത്തശാസ്ത്രത്തെയും കാവ്യലക്ഷണം സാഹിത്യശാസ്ത്രത്തെയും ആശ്രയിച്ചാണ് നില്‍ക്കുന്നത് .
“പദ്യം വാര്‍ക്കുന്ന തോതല്ലോ വൃത്തമെന്നിഹ ചൊല്‍വത്
ഛന്ദസ്സെന്നാലക്ഷരങ്ങളിത്രയെന്നുള്ള ക്ലിപ്തിയാം.”
എന്നിങ്ങനെ പദ്യത്തെക്കുറിച്ചുള്ള നിയമങ്ങളും മറ്റും തുടരുന്നു . ഇക്കാലത്താരെങ്കിലും വൃത്തത്തില്‍ കവിത എഴുതുകയോ , പറയുകയോ ചെയ്യുമെങ്കില്‍ അത് തന്നെ ഒരത്ഭുതമാണ് എന്നറിയാഞ്ഞിട്ടല്ല ഈ വിവരങ്ങള്‍ പറയുന്നത് . മുന്‍പൊരു ഫേസ് ബുക്ക് ഗ്രൂപ്പില്‍ ഒരു നിയമം കൊണ്ട് വന്നു . അറിയപ്പെടുന്ന ഒരു കവിയുടെ പേരിലുള്ള ആ ഗ്രൂപ്പില്‍ അദ്ദേഹം പറഞ്ഞു എന്ന തലക്കെട്ടോടെ ഒരു പോസ്റ്റ് വന്നത് ഇനി ഇവിടെ ഇടുന്ന കവിതകള്‍ വൃത്തത്തില്‍ ഉള്ളതല്ല എങ്കില്‍ സ്വീകരിക്കില്ല എന്നായിരുന്നു . അന്നത് വലിയ ഒരു ചർച്ച ഒക്കെ നടന്ന സംഭവമായിരുന്നു ഒടുവില്‍ അവര്‍ അത് പിന്‍വലിക്കേണ്ടിയും വന്നു. വൃത്തരൂപം ഒക്കെ കവിതയില്‍ നിന്നും അകന്നിട്ട് കാലം ഒരുപാട് ആയിരിക്കുന്നു . കവിത ചൊല്‍ക്കവിതയായും പദ്യപാരായണം ആയും നില്‍ക്കുന്ന ഇടങ്ങള്‍ ഇന്ന് കുറവാണ്. ഗദ്യകവിതകളെ നാടകീയമായ രീതിയില്‍ ചൊല്ലിയും പറഞ്ഞും ഓരോ വരികളും ഈരണ്ടും മുമ്മൂന്നും പ്രാവശ്യം ആവര്‍ത്തിച്ചും ഒക്കെ കവിതാലാപന സദസ്സുകളില്‍ ആഘോഷിക്കുന്ന കാലവും ചൊല്ലാന്‍ കഴിയാത്ത , താളബോധമില്ലാത്ത ഒന്നും കവിത അല്ലെന്ന് പറയുന്നവരെ അന്യഗ്രഹ ജീവികള്‍ ആയി കണക്കാക്കുന്നവരുടെ കാലവും ആണിന്നുള്ളത് . എന്നിരുന്നാലും മിക്ക ആള്‍ക്കാരും സമ്മതിക്കുന്ന ഒരു പൊതു വിഷയം ഉണ്ട് . എന്തുകൊണ്ടാണ് ഇന്ന് വായിക്കുന്ന കവിതകള്‍ നമ്മുടെ ഓര്‍മ്മയില്‍ നില്‍ക്കാത്തതും എന്നാല്‍ പഴയകാല കവിതകളുടെ വരികള്‍ മറക്കാതെ നാവിന്‍ തുമ്പില്‍ ഉള്ളതും എന്നതാണത്. കാസറ്റ് കവികളുടെ കാലത്ത് കുറച്ചു കവിതകള്‍ ജനപ്രസിദ്ധിയാര്‍ജ്ജിച്ചു എന്നതിനപ്പുറം പിന്നെ ശൂന്യമാണ് . പുതിയ കാലത്തും പഴയതിനെ കൈവിടാത്ത എഴുത്തുകാറുണ്ട് . ദീപ സ്വരന്‍ എന്ന കവിയുടെ കവിതാ പുസ്തകം മുന്പ് വായിച്ചിട്ടുള്ളത് ഇത്തരുണത്തില്‍ ഓർമ്മ വരുന്നു . പഴയ മാമൂലുകളില്‍ നിന്നും പുറമെ വന്നു പുരാണങ്ങളെ കൂട്ടുപിടിക്കാതെ നവചിന്തകളെ പാരായണക്ഷമതയോടെ അവതരിപ്പിക്കുന്ന കവിതാ രീതി ആണ് ദീപാ സ്വരന്‍ പിന്തുടരുന്നതെന്ന് കണ്ടിരുന്നു . ഷീജ വക്കം , അതുപോലെ വയലാറിന്റെ മകന്‍ , പ്രൊഫ. മധുസൂദനന്‍ നായര്‍ തുടങ്ങി പലരും അവരുടെ പുരാണങ്ങളുടെ കവിതാ വത്കരണത്താല്‍ മാത്രമാണ് പൊതുവിടങ്ങളില്‍ അറിയപ്പെടുന്നത് അല്ലാതെ എഴുതുന്നവ അവരുടെ ചുറ്റുപാടുകളില്‍ മാത്രമാണു വായിക്കപ്പെടുന്നത് എന്നത് ഇവിടെ ചിന്തിക്കേണ്ടതാണ് . ഈ അവസരത്തിലാണ് ദീപ പ്രമോദ് എന്ന കവിയുടെ മണല്‍ക്കാറ്റിനും പറയുവാനുണ്ട് എന്ന കവിത സമാഹാരം വായിക്കാന്‍ ലഭിച്ചത്. കവിതാ വായന മുറുകുകയും മുഴുവന്‍ കവിതകളും വായിച്ചു തീരുകയും ചെയ്യുമ്പോള്‍ വായനക്കാരന്‍ ഏത് കാലത്താണ് ജീവിക്കുന്നതു എന്നൊരു തോന്നല്‍ ഉരുവാകുകയുണ്ടായി . മറ്റൊന്നും കൊണ്ടല്ലത്. ഈ കാലത്തിരുന്നുകൊണ്ടു എണ്‍പതുകള്‍ക്ക് അപ്പുറം ഉള്ള ഒരു കവി എഴുതുന്ന കവിതകള്‍ വായിക്കുന്ന പ്രതീതി അനുഭവപ്പെട്ടു ആ കവിതകള്‍ വായിക്കുമ്പോള്‍ . പഴമയുടെ ശീലുകള്‍ പോലെ , കവിത എന്നാല്‍ താളബോധത്തോടെ വായിക്കേണ്ട നാലുവരി ഖണ്ഡങ്ങള്‍ ആണെന്ന ബോധവും , മുതിര്‍ന്ന ഒരു വ്യക്തിയുടെ അനുഭവവും കാഴ്ചപ്പാടും നിറയുന്ന പഴയ സംസ്കാരവും മൂല്യങ്ങളും ചിന്തകളും ഉള്ള ഒരാളിന്റെ എഴുത്തുകള്‍ പോലെ ഓരോ കവിതകളും വായിക്കപ്പെട്ടു . അവയില്‍ സമകാലിക വിഷയങ്ങള്‍ എല്ലാം ഉണ്ട് . കോവിഡ് ഉണ്ട് , മെസപ്പൊട്ടാമിയന്‍ വിഷയങ്ങളുണ്ട് പ്രണയമുണ്ട് കുടുംബമുണ്ട് രാഷ്ട്രീയമുണ്ട് ജീവിതവുമുണ്ട് . പക്ഷേ ഇവയെല്ലാം വായിക്കപ്പെടുന്നത് പഴയകാല നിര്‍മ്മിതികള്‍ക്കുള്ളില്‍ നിന്നാണ് എന്നാണ് പറയുവാന്‍ കഴിയുക . ഈ പുസ്തകത്തിലെ എല്ലാ കവിതകളും കാവ്യമായി തന്നെ എഴുതപ്പെട്ടിട്ടുള്ളവ ആണ് . അവയൊന്നും തന്നെ ആധുനിക കവിതാ ലോകത്തെ ഒരു പരീക്ഷണങ്ങളും ചേരാതെ നില്‍ക്കുന്നവയാണ് . മാത്രവുമല്ല കാവ്യവത്കരണത്തിന്റെ പോരായ്മകള്‍ ചില കവിതകളുടെ പല്ലവി അനുപല്ലവികളില്‍ സംഭവിക്കുന്നുണ്ടെങ്കിലും കവി ഒട്ടുംതന്നെ അവയില്‍ ആകുല അല്ലെന്ന് കാണാം . കവിതാ രീതികള്‍ പരീക്ഷിക്കാനും പഠിക്കാനും ശ്രമിക്കുന്നവര്‍ക്ക് നല്ലൊരു പഠന ഉപാധിയാണ് ഈ കവിത സമാഹാരം എന്നു പറയാന്‍ ആഗ്രഹിക്കുന്നു . കവിതകള്‍ സംഭവിക്കുന്നത് എങ്ങനെ എന്നറിയാനും പുതിയ കാലത്തിന്റെ കാവ്യ രീതികളെ ഉള്‍ക്കൊണ്ട് കൊണ്ട് തന്നെ എങ്ങനെ കവിതകള്‍ നിര്‍മ്മിക്കാം എന്നും പഠിക്കാന്‍ ഈ രീതിയിലുള്ള കവിതകള്‍ സഹായിക്കുക തന്നെ ചെയ്യും . പൊതുവില്‍ നല്ല ഒരു വായന തന്ന പുസ്തകം എന്ന് ഇതിനെ അടയാളപ്പെടുത്തുന്നു . ആശംസകളോടെ ബിജു. ജി. നാഥ് വര്‍ക്കല
No comments:
Post a Comment