Friday, March 16, 2012

വെളിച്ചം അറിവാകുന്നു



ഇനി യാത്ര പറയട്ടെ ഞാനീ പകലിന്റെ
ഇനിയും പിരിയാത്ത സന്ധ്യകളെ
ഇമചിമ്മി അണയുന്ന നിമിഷമാം
വാചാല ചിരിയില്‍ നിറയും വസന്തമേ.

ചുറ്റും പടരുമീയിരുളിന്‍ വിഹായസ്സില്‍
ഒട്ടും പതറാതെ പോന്നിടുവാന്‍
മിന്നാമിനുങ്ങിന്റെ കുഞ്ഞു വെളിച്ചമായ്
നക്ഷത്രമൊന്നെന്റെ കൂടെ വന്നു.

ദിക്കറിയാതെ വലഞ്ഞൊരെന്‍ പാതയെ
നേര്‍വഴിയേതെന്നു കാട്ടിത്തരുവാനോ,
ഇരുളിന്റെ കൂട്ടിലെവിടെയോ നിന്നൊരു
കൂമന്റെ മൂളല്‍  ഞാന്‍ കേട്ടുവല്ലോ.

ചരലുകള്‍ , മുള്ളുകള്‍ , ചിതറിയ വഴികളില്‍
ഇടറാതെ മുന്നോട്ടു പോകുവാനായെന്‍
പദചലനങ്ങളെയരുമയായ് തലോടുന്ന
കരിയില മത്സരിക്കുന്നു നീളെ.

കൊതിയോടൊടുവിലീ പാതതന്നന്ത്യത്തില്‍
ഇരുളിന്റെ കാളിമ മറയും വെളിച്ചത്തില്‍
കാണുവാനാകുന്ന കാഴ്ച്ചയതെന്റെ
യാത്രതന്‍ പരിസമാപ്തി കുറിക്കവേ.

അലിവോടെ ഞാന്‍ ഇഴുകിചേരട്ടെയെന്‍
ചിത്രഗുപ്തന്‍ തന്നുടെ പുസ്തകത്താളിലായ്
ഇവിടെയെങ്ങുമേ കാണുന്നു ഞാനെന്റെ
പതിതമാം ജന്മത്തിന്‍ തിരുശേഷിപ്പുകള്‍.

വിടപറഞ്ഞീടുവാന്‍ നിമിഷങ്ങള്‍ ബാക്കിയാം
ശിഥിലജന്മത്തിന്റെ  കരിമിഴിക്കണ്ണിലായ്       
ഒരു തരി നിലാവെളിച്ചം കോരിയിട്ടു
രജനിതന്‍ നൌകയും പോയ്മറഞ്ഞു .

പറയുക ലോകമേ പറയുകെന്റെയീ
നാരായം ഞാനിനി വലിച്ചെറിയട്ടയോ?
ഉരുകുന്ന വേനലില്‍ ഹൃദയം പറിച്ചെറിഞ്ഞൊരു-
നിഴല്‍ നോവായ്‌ അകന്നിടാം ഞാന്‍.

കരുതരുതെന്നെയൊരു കാവല്‍ വിളക്കായ്‌
അരുതരുതെന്നെ ഓര്‍ത്തിടല്ലേ.
കടലിന്റെ നീലിമ കണ്ണുകളിലാവഹിച്ചു 
ഒരു ചെറുതോണി തുഴഞ്ഞു ഞാന്‍ പോയിടട്ടെ.
---------------ബി ജി എന്‍ -----------------------

No comments:

Post a Comment