Wednesday, March 7, 2012

പോരാളി


സഖി ...
നിന്നെ ഓര്‍ക്കുന്ന
വാര്‍തിങ്കള്‍ രാവുകള്‍
എന്നോ കളഞ്ഞുപോയിരിക്കുന്നു..!

ഷെല്ലുകളുടെയും
ബോംബര്‍ വിമാനങ്ങളുടെയും
പുകയും തീയും കൊണ്ട്
എന്റെ ചേതന മരവിച്ചിരിക്കുന്നു.

കറുത്ത കട്ട പിടിച്ച ചോര...!
ആരും മോഹിക്കും അംഗനമാരുടെ
അധരപുടങ്ങള്‍
കരിവണ്ടായിരിക്കുന്നു.

അംഗഭംഗം വന്ന കുരുന്നുപൂവുകളില്‍
തേന്‍ നുകരാന്‍
ശലഭങ്ങള്‍ പറന്നിറങ്ങുന്നു
തെരുവുമൂലകളില്‍.

നാവു നക്ഷ്ടപെട്ടു,
കുരവള്ളി പൊട്ടിച്ച ഗായകരുടെ
തുറിച്ച കണ്ണുകള്‍ എലികള്‍ നക്കുന്നു.
ആടകള്‍ കീറപെട്ടു
അടുക്കളയില്‍ നിന്നും അരങ്ങത്തെത്തിയവര്‍
തെരുവില്‍ ബൂട്ടുകള്‍ക്കിടയില്‍
ചതഞ്ഞ പൂക്കളാകുന്നു..!

ജീവിതം വടി കുത്തിയവര്‍
ഒരിറ്റു വെള്ളത്തിനായ്‌ തൊണ്ട പൊട്ടി
കീറുന്നു ചത്വരങ്ങളില്‍.
ഉണരാന്‍ മടിക്കുന്ന,
ചുരത്താന്‍ മടിക്കുന്ന,
മാതൃത്വങ്ങള്‍
നായകള്‍ കടിച്ചു പറിക്കുന്നു.

വിലാപങ്ങള്‍
എന്റെ കര്‍ണ്ണ പുടം തകര്‍ക്കുന്നു
ഞാന്‍
ഉണരാത്ത ,മെരുവാത്ത
കിരാത ഭരണ കൂടത്തിനെ 
ഉണര്‍ത്തുവാന്‍ ഞരമ്പുകള്‍ വലിചൂരും
പടയാളി...!

എന്റെ കരളില്‍ നിന്നും
ഞാനാദ്യം നിന്നെ വലിച്ചെറിയട്ടെ .
അപ്പോള്‍ എനിക്ക് മരണഭയം മാറും
നിന്റെ വേര്‍പാട്
എന്റെ ചങ്കൂറ്റം ആകട്ടെ ...
"വിപ്ലവം ജയിക്കട്ടെ "
--------------ബി ജി എന്‍ --------------------
(ഇ ലോകം കവിതകള്‍ എന്ന സമാഹാരത്തില്‍ പ്രസിദ്ധീകരിച്ചത് )

No comments:

Post a Comment