Sunday, May 3, 2020

ഉടഞ്ഞുപോയൊരു ശംഖിൻ്റെ സംഗീതം ....

ഉടഞ്ഞുപോയൊരു ശംഖിൻ്റെ സംഗീതം..
...................................................................
തിരമാലകളുടെ ബലാത്ക്കാരങ്ങൾക്കൊടുവിൽ
തീരത്തുപേക്ഷിക്കപ്പെട്ട നിലയിലാണ്
വക്കുകൾ ഉടഞ്ഞും
ഉടലാകെ വരഞ്ഞും
ക്ഷീണിച്ചു മയങ്ങിക്കിടന്നൊരാ
ശംഖിനെ കണ്ണുകൾ കണ്ടെത്തിയത്. 
വേദന ഭാവിക്കാതെ
ദുഃഖം അറിയിക്കാതെ
പരിഭവം പറയാതെ
കൈകളിൽ ഒതുങ്ങിയിരിക്കുമ്പോൾ
ഭയന്നു തളർന്ന പ്രാവിൻ്റെ നെഞ്ചിൻ കൂടു പോലെ
അതു ചൂടുള്ളതും മിടിക്കുന്നതുമായിരുന്നു.
നെഞ്ചോട് ചേർത്തു പിടിച്ചും
നിറുകയിൽ മൃദുവായ് ചുബിച്ചും
ആത്മാവിലേക്ക് ആവാഹിക്കുമ്പോൾ
നേർത്ത ശബ്ദത്തിൽ അതെന്നോട് പറഞ്ഞു.
ഒരു കടൽ മുഴുവൻ ഉള്ളിലുണ്ടെങ്കിലും
ചിലമ്പിച്ചൊരു ശബ്ദം മാത്രമേ ബാക്കിയുള്ളു.
വെറുതെ പോലും
ഒരിക്കലും ശ്രമിക്കരുതേ ....
ഒരു ഹൃദയത്തെയും തണുപ്പിക്കാൻ
ഒരു മനസ്സിനെയും ഉണർത്താൻ
തരിപോലുമില്ല സംഗീതമിനിയുമുളളിൽ.
.... ബി.ജി.എൻ വർക്കല

No comments:

Post a Comment