പകലിന്നിരുട്ടറയിൽ തപം ചെയ്യുവോർ
...................................................................
പൂർണ്ണനിലാവിൻ്റെ പാൽ ഞരമ്പുകളിൽ
പച്ച ഞരമ്പുകൾ പിണഞ്ഞു കിടക്കും
മുഗ്ദ്ധ വാത്സല്യശോഭയിലനുരക്തനായ്
തപ്തഹൃദയത്തിൻ വേപഥുവില്ലാതെ
ഭക്തനായ് നിൻ്റെ കാല്കളിൽ വീഴുന്നു.
ഓമൽ കരങ്ങളാൽ വാരിയെടുത്തെന്നെ
മാറോട് ചേർത്തു നീയാമോദം പുൽകവേ!
സപ്തസ്വർഗ്ഗങ്ങൾ കാൽക്കൽ വരുന്നെൻ
ശപ്തമീ ജീവിതം പൂകുന്നു നിർവൃതി.
ഓർക്കുക നീയെൻ പ്രിയമാനസമേ
നിൻ, പ്രണയമിഴികൾക്ക് മുന്നിൽ ഞാൻ
ഉഷഃസൂര്യൻ്റെ ദുർബലരശ്മിയിൽ പോലും
ഉറഞ്ഞു പോകുമൊരു തുഷാരബിന്ദു.
കലഹം പറഞ്ഞും പിണക്കം നടിച്ചും
നിറയേ പരിഭവപിറുപിറുക്കൽ കൊണ്ടും
വരുന്നു പോകുന്നു ദിനങ്ങൾ നിത്യവും
ലളിതം, നരച്ച നിൻ മുടിനാരിഴകൾ പോലെ.
എത്ര ദൂരെയാണ് നാമെന്നത് മറക്കാതെ
എത്ര ഹൃസ്വമിനി ജീവിതമെന്നതോർത്ത്
നില്ക്കുന്നു നാം രണ്ടു ലോകത്തിലിന്നിഹ
മൗനം, വിളക്കണച്ച പകലിന്നിരുട്ടറയിൽ....
........ ബി.ജി.എൻ വർക്കല
No comments:
Post a Comment