പൂവിനെ ഓമനിക്കുന്നത്.
..............................................
ഒരു പൂവിനെ എങ്ങനെയാണ് ഓമനിക്കുക!
ഇതളുവിടർന്നു കഴിയും മുന്നേ
സുഗന്ധം തേടി
പൊട്ടിച്ചെടുത്താണോ?
ഇതളുകൾ ഓരോന്നായി വിടർത്തി
ഗന്ധം മുഴുവനാവാഹിച്ച്
അല്പനേരം കൈകളിൽ സൂക്ഷിച്ച്
മണ്ണിലേക്കെറിയലാണോ!
ഒരു പൂവിനെ ആവാഹിക്കേണ്ടത്
പൂവിന് കൂടി സന്തോഷം നല്കിയാകണം.
പൂവും ചെടിയും ആനന്ദിക്കണം.
ചെടിയിൽ നിൽക്കുന്ന കാലത്തോളം മാത്രമാണ്
പൂവിന് ജീവനുള്ളത്.
ഓരോ ഘട്ടവും കണ്ടാനന്ദിക്കൂ
മൊട്ടാകുന്നതും
ഇതൾ വിടർന്നു വരുന്നതും
പരിമളം പരക്കുന്നതും
പരാഗണരേണുക്കൾ കൺതുറക്കുന്നതും
തേനൂറുന്നതും
കണ്ടാസ്വദിക്കൂ.
വിരലുകൾ കൊണ്ടല്ല
ചുണ്ടുകൾ കൊണ്ടു തൊടുക.
ഗന്ധവും
നിറവും
ഭംഗിയും
കണ്ടു മാത്രം ആസ്വദിക്കുക.
പൂവതാണ് ആഗ്രഹിക്കുന്നത്.
പൂക്കൾ വിടരുന്നതിന് മാത്രമാണല്ലോ.
...... ബി.ജി.എൻ വർക്കല
No comments:
Post a Comment