Thursday, May 14, 2020

തിരക്കില്ലെങ്കിൽ ഒന്നു കേൾക്കൂ ........അഭിരാമി

തിരക്കില്ലെങ്കിൽ ഒന്നു കേൾക്കൂ ... (കവിത)
അഭിരാമി 
ഡി സി ബുക്സ് (2014) 
വില: ₹ 50.00

വളരെ മുമ്പേ ശ്രദ്ധിക്കപ്പെട്ട ഒരു കവിയാണ് അഭിരാമി എന്ന കൊച്ചു മിടുക്കി, ചില ബ്ലോഗുകളിലും എഫ് ബി പോസ്റ്റുകളിലെ ചർച്ചകളിലും മറ്റുമായി വളരെ പ്രശസ്തമായി മാറിയ ഒരു കുഞ്ഞു കവിയുണ്ടായിരുന്നു. അഭിരാമി. ഇന്നാ കുട്ടിക്ക് കൗമാരം. അന്നത്തെ അഭിരാമിയെ വായിക്കുക എന്നത് കവിതയുടെ പുതിയ നാമ്പുകളുടെ രസമറിയുക എന്നു കൂടിയാണ്. പിൽക്കാലത്ത് കുറച്ചു കൂടുതൽ പ്രതിഭകളായ കുട്ടിക്കവികളെ വായിക്കാൻ കഴിഞ്ഞു. സ്കൂൾ കലാമേളകളിലും മറ്റും കവിതയിൽ പുരസ്കാരം നേടിയവർ എന്ന ലേബലിൽ പുതിയ പുതിയ പേരുകൾ വന്നു. ഒരു ഗൗതം എന്ന കുട്ടിയെ ഓർക്കുന്നു എഫ് ബി മൂലം. ഇപ്പോൾ ഒരു അനാമിക എന്ന കുട്ടിയെ വായിക്കാറുണ്ട്. ഗാഥ, ലാമിയ, അയ്യപ്പൻ തുടങ്ങി ആ നിര വളർന്നു വരുന്നത് സന്തോഷം നല്കുന്നു. ഞാൻ വായിക്കാത്തതും അറിയാത്തതുമായ ഒരു പാട് കുട്ടികൾ നമുക്കിടയിൽ അച്ചടക്കമുള്ള അക്ഷരങ്ങളും അമേയമായ പദവിന്യാസങ്ങളുമായി കവിത രചിക്കുന്നുണ്ട്. പ്രോത്സാഹനം നല്കേണ്ട അധ്യാപകരും രക്ഷിതാക്കളും പലപ്പോഴും പഠനം എന്ന കടമ്പയിൽ മിഴിയൂന്നി കവനം മതിയാക്കിക്കുന്ന , തല്ലിക്കൊഴിക്കുന്ന കാഴ്ചകൾ സുലഭം. 
അവരോട് അഭിരാമിക്ക് പറയാനുള്ളവ ഒരു പുസ്തകത്തിലേക്ക് അടുക്കിപ്പെറുക്കി വച്ച് തലക്കെട്ട് നല്കിയിരിക്കുന്നു ഏറെ കൗതുകത്തോടെ അതിങ്ങനെ വായിക്കുന്നു "തിരക്കില്ലെങ്കിൽ ഒന്നു കേൾക്കൂ..." അതേ തീർച്ചയായും തിരക്കില്ലെങ്കിൽ എന്നല്ല തിരക്കുണ്ടെങ്കിലും ഒന്നു കേൾക്കുക. കാരണം 
അത്തറിൻ്റെ മണമുള്ള 
ഇരുണ്ട കൂട്ടിൽ നിന്ന്
ചിതറിയ ജീവിതത്തിൻ്റെ
ഇടനാഴിയിലേക്കിറങ്ങിയപ്പോൾ
ടീച്ചർ കേട്ടത്
നനഞ്ഞ വാക്കു മാത്രം (ഇവളെ തോല്പിക്കുക) എന്ന അനുഭവം മുന്നിലുണ്ട് വായനക്കാരേ ആ കൊച്ചു കുഞ്ഞിൻ്റെ  കൺമുന്നിൽ. കേൾക്കാതെ പോയ ശബ്ദങ്ങളാണ് പിന്നീട് ദുരന്തങ്ങളായി മുന്നിൽ നിന്നിട്ടുള്ളത് എന്ന് പറയാൻ മുന്നോട്ട് വരുന്നത് ഒരു കുട്ടി തന്നെയാകുമ്പോഴേ നാം കണ്ണു തുറക്കൂ. ഈ കുഞ്ഞു കവിയുടെ വാക്കുകൾക്ക് മധുരവും മൂർച്ചയും കയ്പ്പും ഉണ്ടാകും കാരണം 
കിളിർക്കാത്ത വാക്ക്
കയ്ക്കാത്ത കാഞ്ഞിരത്തിനോട് 
കണ്ണു നിറഞ്ഞ്
കൈകൾ കൂപ്പി
കാലം കരഞ്ഞുപറഞ്ഞ്
കടലിലേക്കിറങ്ങി (കടലിലായ വാക്ക്) പോയത് വെറുതെയല്ല. ഗൂഢമായ നിശബ്ദതയിൽ നിന്നു കൊണ്ട് ആഴമേറിയ ശബ്ദം ശ്രവിക്കുന്ന ഒരാളാണ് കവി. ആ കാതുകൾക്കും കണ്ണുകൾക്കും കാഴ്ചയാകുന്നത് സാധാരണക്കാരൻ അവഗണിച്ചു കടന്നു പോകുന്ന പലതുമാണ്. ഇന്നത്തെ കുട്ടികൾ ഒരു പക്ഷേ എന്നത്തേയും കുട്ടികൾ
നാടുകടത്തപ്പെട്ട വേരുകൾ അറ്റം കാണാനാവാതെ
ചെടിച്ചട്ടിയുടെ ആരത്തിൽ ഒതുക്കപ്പെട്ടിരിക്കുന്നു (ബോൺസായ് ) എന്ന സത്യം ഒരു കുട്ടിക്കു മാത്രമേ വിളിച്ചു പറയാൻ കഴിയുകയുള്ളു. 
ജീവിത ഗന്ധിയായ കവിതകൾ ആണ് അഭിരാമിയുടെ വരികൾ. അവ ഊർന്നു വീഴുന്നത് ക്ലാസ് മുറികളിലും വീട്ടകങ്ങളിലും ചുറ്റുപാടുകളിൽ നിന്നും ഒക്കെയാണ്. അവയിൽ സത്യസന്ധതയുടെ ഉഷ്ണവാതം പൊതിഞ്ഞിരിക്കുന്നത് കാണാനാകും. ജീവിത വീക്ഷണങ്ങളും ചിന്തയും ഒരു കുട്ടിയിൽ നിന്നും വേറിട്ട് വലിയ മനുഷ്യരുടെ തലത്തിൽ , ചിലപ്പോഴൊക്കെ താത്വികതയുടെ പുറംചട്ടയണിഞ്ഞ് വായനക്കാരെ വിസ്മയിപ്പിക്കുന്നുണ്ട് ഈ കവി. ജീവിതത്തിനെ വിമർശനബുദ്ധിയാൽ നോക്കിക്കാണുന്ന കൗതുകക്കണ്ണുകളാണ് ഈ കുഞ്ഞു കവിതകൾ പകരുന്നത്. 
കവിതകൾ പലപ്പോഴും വായിക്കുമ്പോൾ ഇതൊരു കുട്ടിയുടെ വരികൾ ആണെന്ന തോന്നൽ ജനിപ്പിക്കുന്നതേയില്ല അഭിരാമി എഴുതുമ്പോൾ . ചെറിയ പ്രായത്തിൽ തന്നെ പത്തോളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് എന്നതും ആകാശവാണിക്കു വേണ്ടി ലളിതഗാനങ്ങൾ രചിച്ചിട്ടുണ്ട് എന്നതും ചെറിയ കാര്യമല്ല. പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണൻ്റെ നാട്ടുകാരിയായ ഈ മിടുക്കിയിൽ നിന്നും മലയാളം ഇനിയും ഒത്തിരി പ്രതീക്ഷിക്കുന്നു. ആശംസകളോടെ ബി.ജി.എൻ വർക്കല

No comments:

Post a Comment