രമണൻ (വിലാപകാവ്യം)
ചങ്ങമ്പുഴ കൃഷ്ണപിള്ള
സാഹിത്യ പ്രവർത്തക സഹകരണ സംഘം (1998)
വില: ₹ 60.00
ഓർമ്മയിൽ എന്നും തിളങ്ങി നില്ക്കുന്ന ചില വരികൾ ഉണ്ടാകും ഓരോ മനുഷ്യർക്കും. ഇത്തരം വരികളിൽ നിന്നും ഒരു കഥയോ കവിതയോ നോവലോ സിനിമയോ തികട്ടിത്തികട്ടി കടന്നു വന്നേക്കും. കുട്ടിക്കാലത്ത് ഏറെ കേട്ട ഒരു കവിതയാണ് രമണൻ. കമുകറയുടെ ശബ്ദ ഗംഭീര്യത്തിൽ കുറച്ചു വരികൾ ഓർമ്മയിൽ തങ്ങുന്നുണ്ടായിരുന്നു എങ്കിലും അത് രമണനിലേത് ആണെന്നറിയില്ലായിരുന്നു. കഥാപ്രസംഗ രൂപത്തിൽ രമണൻ ഉണ്ടായിരുന്നുവെങ്കിലും ആകെ കേൾക്കാൻ കഴിഞ്ഞ വരികൾ മലരണിക്കാടുകൾ തിങ്ങിവിങ്ങി മാത്രമായിരുന്നു താനും. കൗമാരത്തിൽ, പ്രണയവും പ്രണയ നൊമ്പരങ്ങളുമായി നടന്ന കാലത്ത് മനസ്സിൽ ചിലപ്പോഴൊക്കെ വന്ന വരികൾ അങ്കുശമില്ലാത്ത ചാപല്യമേ മണ്ണിലംഗനയെന്നു വിളിക്കുന്നു നിന്നെയെന്ന വരികൾ ആയിരുന്നു. പിൽക്കാലത്ത് Frailty thy name is woman എന്ന് ഷേക്സ്പിയറിൻ്റെ വരികൾ ഉണ്ടായിരുന്നതായ് മനസ്സിലാക്കി. ഡയറിക്കുറിപ്പുകളിൽ ചങ്ങമ്പുഴയുടെയും ഇടപ്പള്ളിയുടെയും ശോകാർദ്ര വരികൾ എഴുതി സൂക്ഷിച്ചിരുന്നു. ഇക്കാലയളവിൽ ഒന്നും രമണൻ എന്ന ഖണ്ഡകാവ്യം പൂർണ്ണമായും വായിച്ചിരുന്നില്ല. ഒടുവിൽ ആ കാവ്യം മുഴുവൻ ഒറ്റയിരുപ്പിന് വായിച്ചു തീർക്കുമ്പോൾ, കുട്ടിക്കാലത്ത് തന്നെ ഇത് വായിച്ചിരുന്നുവെങ്കിൽ എനിക്കും മനോഹരമായി കവിത അന്നേയെഴുതാനായേനെ എന്നു ഖേദിച്ചു പോയി.
രമണൻ എന്ന കാവ്യത്തിൻ്റെ സത്ത തുടക്കപ്പേജിൽ എഴുതിയ അങ്കുശമില്ലാത്ത .... എന്ന വരികൾ പറഞ്ഞു തരുന്നുണ്ട്. ചന്ദ്രിക എന്ന ധനാഢ്യയായ സുന്ദരിയുടെ പ്രണയക്കെണിയിൽ വീണു ജീവിതം നഷ്ടപ്പെട്ട രമണനെക്കുറിച്ചു ഉറ്റ തോഴൻ മദനൻ വിലപിച്ചു തീരുമ്പോൾ അവസാനിക്കുന്ന ഇതിനെക്കുറിച്ചു വായിക്കാത്തവരാരും ഉണ്ടാകുകയില്ല എന്നു കരുതുന്നു. എന്നാൽ ഈ കവിത ഒരു പുരുഷ ചിന്തയുടെ കേവല വികാരപ്രകടനം മാത്രമായി കാണാനാണ് കഴിയുന്നത്. വളരെ വികാരപരമായ രംഗങ്ങളിലൂടെ ഒരു നാടകം അല്ലെങ്കിൽ ഒരു സിനിമ പോലെ വരച്ചിടുന്ന കവിതയിൽ രമണൻ സദ്ഗുണ സമ്പന്നനായ നായകനും ചന്ദ്രിക പണക്കൊഴുപ്പിൻ്റെ വില്ലത്തിയും ആകുന്നു. പ്രണയത്തിൻ്റെ ആദ്യകാലങ്ങളിൽ ചന്ദ്രികയോട് ലോകതത്വങ്ങളും യാഥാർത്യങ്ങളും വിശദീകരിച്ചു പിൻ വാങ്ങാൻ ശ്രമിക്കുന്ന രമണനും , പ്രണയത്താലന്ധയായ ചന്ദ്രികയുടെ കപട വാഗ്‌ദാനങ്ങളും കാണാം. ഒടുവിൽ അവൾ തൻ്റെ വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹം കഴിക്കുന്ന രാത്രിയിൽ രമണൻ തൂങ്ങിമരിക്കുകയും ചെയ്യുന്നു. ഒരു ഘട്ടത്തിൽ വിവാഹത്തിന് മുമ്പ് ചന്ദ്രികയും കത്തിയെടുത്തു ആത്മഹത്യക്ക് മുതിരുന്നുണ്ട്. പക്ഷേ, പ്രായോഗിക ജീവിതത്തിൻ്റെ വക്താവായ അവൾ കേവലപ്രണയം കൊണ്ട് തനിക്ക് നഷ്ടമായേക്കാവുന്ന ജീവിതത്തെക്കുറിച്ച് ചിന്തിക്കുകയും മരണം വേണ്ട പ്രണയവും വേണ്ട ജീവിതം മതി എന്നു തീരുമാനിക്കയും ചെയ്യുന്നു.എന്നാൽ രമണൻ അന്ത്യത്തിൽ ആത്മഹത്യ ചെയ്യും മുമ്പ് ചിന്തിക്കുന്നത് മുഴുവൻ തൻ്റെ പ്രണയത്തിൻ്റെ നഷ്ടങ്ങളും തൻ്റെ ദുർവ്വിധിയും മറ്റുമാണ്. കാല്പനികലോകത്തിൽ ജീവിച്ച നിറയെ അപകർഷതാബോധത്താൽ ചൂളി നടന്ന ഒരാൾ ആയിരുന്ന രമണന് മനസ്സ് ദുർബലം ആയിരുന്നതിനാലും വിവേക ബുദ്ധി ഇല്ലാതിരുന്നതിനാലും ജീവിതം വേണ്ടന്നും മരണം മതിയെന്നും തിരഞ്ഞെടുക്കൽ നടത്തേണ്ടി വന്നു.
ഇവിടെ സാമ്പത്തികമായ ഘടകങ്ങളും സാമൂഹ്യനീതിയുമാണ് വില്ലനാകുന്നതായി പറയപ്പെടുന്നത്. ഇതിനെ രണ്ടിനെയും പാടെ ചന്ദ്രിക നിഷേധിക്കുമ്പോൾ ഇവയൊക്കെ ഭയത്താൽ കാണുന്ന ഒരാളാണ് രമണൻ. പ്രണയത്തിൽ ചന്ദ്രിക പലതും മോഹിക്കുന്നുണ്ട്. എന്നാൽ സ്വപ്നത്തിൽ പോലും തൊട്ടശുദ്ധയാക്കാതെ രമണൻ വിശുദ്ധപശുവാകുമ്പോൾ ചന്ദ്രിക പ്രായോഗിക ജീവിതത്തിൻ്റെ വക്താവാകുന്നതിൽ അസ്വഭാവികത ഒന്നും തന്നെയില്ല. ആട്ടിൻകൂട്ടത്തെ വിട്ടു ഒരു ജീവിതം ഇല്ലാത്ത രമണൻ്റെ ദാരിദ്ര്യം നിറഞ്ഞ ജീവിതത്തിലേക്ക് പ്രണയം കൊണ്ടന്ധയായി കടന്നു ചെന്ന് ശേഷിച്ച ജീവിതം മുഴുവൻ ഒരു സ്വർണ്ണക്കട്ട സൂക്ഷിക്കുന്ന പിശുക്കൻ്റെ പോലെ രമണൻ്റെ കുടിലിൽ ജീവിതത്തെ പഴിച്ച് കഴിഞ്ഞു കൂടാൻ നില്ക്കാത്ത ചന്ദ്രികയെ ക്രൂരയെന്ന് വിവക്ഷിക്കുന്ന ചിന്ത ഭൂരിപക്ഷത്തിൻ്റെ ശരിയാകും എന്നാൽ അവളാണ് ശരിയെന്നു കരുതുകയാണ് കരണീയം എന്നു കരുതുന്നു. അവൾ താഴേക്കിറങ്ങുക എന്നതിനപ്പുറം അയാൾക്ക് ഉയരണം എന്ന ഒരു ചിന്ത ഒരിക്കലും ഉണ്ടാകുന്നില്ല പ്രകടിപ്പിക്കുന്നുമില്ല എന്നിരിക്കെ ചന്ദ്രിക കുറ്റക്കാരിയല്ല എന്നു തന്നെ .ചിന്തിക്കാൻ താത്പര്യപ്പെടുന്നു.
തീം മാറ്റി വച്ചാൽ ഒരു ജീവിതത്തെ കഥയിലോ നോവലിലോ കടന്നു പോകാതെ കവിതയിൽ കൊരുത്തു വച്ച കഴിവാണ് അഭിനന്ദനീയം. എത്ര ലളിതമായ ഭാഷാപ്രയോഗങ്ങൾ. നിലവിലിരുന്ന സംസ്കൃതപദതള്ളലുകളുടെ കവിതാ ലോകത്തിൽ ഭാഷയെ ഇത്ര മനോഹരമായി വരച്ചു വച്ചത് കവിതയുടെ സൗന്ദര്യം മാത്രമല്ല പ്രശസ്തിയും വർദ്ധിപ്പിക്കാനുതകി. ഇന്ന് പോസ്റ്റ് മോഡേൺ കവിതകളാൽ സമ്പുഷ്ടമായ ലോകത്തും കവിത എന്ന തലക്കെട്ടോടെ രമണന് സ്ഥാനമുറപ്പിക്കാൻ കഴിയുന്നു. എത്ര തന്നെ കവികൾ എന്ന് അവകാശപ്പെടുന്നവർക്കും ഗദ്യകവിതയിലൂടെ പോലും മറ്റൊരു രമണൻ നിർമ്മിക്കാൻ ഇന്നു കഴിയുന്നില്ല എങ്കിൽ ആ പ്രതിഭ തിളക്കമറ്റത് തന്നെയാണ് എന്ന് നിസ്സംശയം പറയാനാവും. മലയാള കവിത ഇന്നെത്തി നില്ക്കുന്നത് ഒരു വലിയ പ്രതിസന്ധിയിലാണ്. കവിതകളേക്കാൾ കവികളുള്ള ഒരു ഇടമാണിന്ന് മലയാള കവിതാ സാഹിത്യം. പിടിച്ചു നില്ക്കാൻ പാടുപെടുന്ന ആ കവികളിലെങ്ങും പക്ഷേ ഒരു ചങ്ങമ്പുഴയില്ലാതെ പോകുന്നതെന്തുകൊണ്ടാകും എന്ന ചിന്ത ബാക്കി വച്ചു രമണൻ്റെ വായന. തീർച്ചയായും പഴയതും പുതിയതുമായ കവിതകൾ നമ്മുടെ ഇന്നത്തെ കവികൾ വായിക്കണം. സ്വന്തം കവിത പോലും വായിക്കാൻ സമയമില്ലാത്തവരാണവർ എന്ന സത്യം മറക്കുന്നില്ല. ആശംസകളോടെ ബി.ജി.എൻ വർക്കല
No comments:
Post a Comment