Sunday, May 17, 2020

തിരക്കുള്ള ഒരു തെരുവോരം.

തിരക്കുള്ള ഒരു തെരുവോരം.
..................................................
ഒറ്റയായ് പിരിഞ്ഞു നാം
നില്പതെന്തിനീ തെരുവിന്നോരത്ത്.
ഇറ്റുനേരം പരസ്പരം നോക്കിൻ
യുദ്ധവും കഴിഞ്ഞൂ വിയർത്തിങ്ങനെ.
എത്രയാളുകൾ ഇടയിലൂടിതിനകം
തട്ടിമുട്ടി തിരക്കിൽ മാഞ്ഞു പോയ്.
എത്രയോ പേരുപേക്ഷിച്ച നിശ്വാസ
കാറ്റു നമ്മെപ്പൊതിഞ്ഞു കിടക്കുന്നു.
ഓടയിൽ നിറഞ്ഞു പതഞ്ഞൊഴുകും
നഗരമാലിന്യ ഗന്ധമറിയാതെ നാം
അത്തർപൂശിയ കാറ്റിൻ തലോടലിൽ
കാലവും സ്ഥലവും മറന്നുവോ.!
എന്തിനായ് പിണങ്ങി നില്ക്കുന്നു നീ
ഇന്നിതാ,യീ തെരുവിൻ്റെ ഓരത്ത്
എന്തിനായ് കണ്ണുകൾ നിറച്ചു നീ
എൻ്റെ നെഞ്ചിൻ നെരിപ്പോടിലൂതുന്നു.
നല്കുവാനായെന്തുണ്ട് ബാക്കിയെൻ
ഉള്ളിൽ ശേഷിക്കും ജീവനല്ലാതിന്ന്
എങ്കിലും നിൻ കണ്ണീരു വീഴാതെ
കണ്ടിടേണം മരണം വരേക്കുമേ.
ഉത്തരമില്ലാ മൗനനിമിഷങ്ങൾ തൻ കഫ-
ക്കട്ടകൾ വീണു മഞ്ഞിച്ച തെരുവിലായ്
ചത്തുവീഴുന്ന സൂര്യൻ്റെ രശ്മികൾ 
ചുട്ടുപൊള്ളിക്കും കാലടിപ്പാടുകൾ
മാറിമാറി ചവിട്ടി നാം നില്ക്കുന്നു
കൂവിയകലും ശകടങ്ങൾ തൻ ഭയമില്ലാതെ.
എത്ര നാളായി നടക്കുന്നു നാമീ രാജ്യ
നഗരപാതകൾ എത്രയോ കടന്നു പോയ്.
അന്നമില്ലാതെ വെള്ളവും കിട്ടാതെ
എത്ര മക്കൾ തളർന്നു വീണിട്ടും,
പ്രായമേകും കൂനിൻ ഭാരത്താൽ
വേച്ചു വീഴുന്ന വാർദ്ധക്യകാഴ്ച്ചയും
നോവു നല്കിയതില്ല നാം നടന്നില്ലേ ?
തുടനനച്ചൊഴുകിയകന്നൊരാ കൺകളെ
ഇറുന്നുപോയ പുഷ്പത്തെയെന്നപോൽ
വഴിയിലുപേക്ഷിച്ചു നടന്നു പോകുമ്പോഴും
നനവു കണ്ടതില്ല നിൻ കൺകളിൽ .
വരിക നാമിനിയും ലക്ഷ്യത്തിലെത്തുവാൻ
പോകതുണ്ടൊരു രാവും പകലുമേ
കടുകുപാടങ്ങൾ പൂക്കുന്ന മണമത്
ഉള്ളിലാവാഹിക്കുന്ന നിമിഷമതോർക്കുക.
പരിഭവത്തിനും പരിരംഭണത്തിനും
അധികനേരമില്ലായുസ്സുമോർക്കുക.
ഈ രാത്രിക്കുമപ്പുറം നാമെത്തുമ്പോൾ
കരിമ്പുപാടങ്ങൾ കാത്തിരിപ്പുണ്ടാകണം!
അതുവരേക്കും അമർത്തി ചവിട്ടി നാം
മറന്നിടേണമീ അടരുന്ന വേദന.
അതുവരേക്കും ഉള്ളിൽ സഹിക്കണം
നമ്മുടെ ചുട്ടുനീറുന്ന കാലടിപ്പാടുകൾ.
..... ബി.ജി.എൻ വർക്കല





No comments:

Post a Comment