Saturday, September 12, 2015

യാത്രികർ നാമിരുവർ


വിളറിയ പകലിന്റെ മൗനം നിറഞ്ഞ
തെരുവിനെ സന്ധ്യ മുഖരിതമാക്കവേ
നടവരമ്പിലൂടെന്നെ നയിക്കുന്ന ലക്‌ഷ്യം
പ്രിയമവള്‍ തന്നുടെ സമാഗമമൊന്നേ.

വിശ്രമ മുറിതൻ ഒരുകോണിലായ്
നെറ്റിൻ വലയിൽനിന്നൂർന്നിന്നു നീയും
മിഴികളുയർത്തി നോക്കുമ്പോളെന്നുള്ളില്‍
പടഹധ്വനിയൊന്നുണർന്നതു പോലവേ.

ഒരു മേശതന്‍  അരികിലായിരുവരും
പാണ്ടിതൻ ദോശയെ കീറിമുറിയ്ക്കവേ
ഒരുരുള കിട്ടാൻ കൊതിയ്ക്കുന്ന പൈതല്‍
ഉള്ളിലെങ്ങോ വിരല്‍ കൊണ്ട് തൊട്ടുവോ .

യാത്രികരെ വയറൊഴിഞ്ഞും നിറച്ചും
പുകവണ്ടികൾ തലങ്ങും വിലങ്ങും
വരുവാത്തതെന്തെന്ന ചോദ്യം മുഴക്കി
പാളം തകർത്തു മറയുന്ന രാത്രിയും  .

ഒരു കൽബഞ്ചിന്റെ ഓരത്തു നാം രണ്ടു
ലോകങ്ങളിൽ നിന്ന് പുറമേവരുവാനായ്
വെറുതെ ശ്രമിയ്ക്കുന്ന ഭാവം നിറച്ചും
വിരലുകൾ കോർത്തുമഴിച്ചുമിരുന്നുവോ.

വികാരങ്ങൾ മരവിച്ച നിൻ തനുതന്‍
തണുവിലെന്‍ ചൂടാർന്ന ദേഹിയെ ഞാനും
സാന്ത്വനമോ പരിലാളനതന്‍  ഓർമ്മയോ
കനവുകൾ തേടി ചുമലൊന്നു താങ്ങിയോ.

ഒടുവിൽ ഇരുളിന്റെ പകുതി കഴിയവേ
ഒരുപോലെ വന്നു തലങ്ങും വിലങ്ങുമായ്
പിടിവിട്ടു നാം രണ്ടു ധ്രുവങ്ങൾ തേടും
നിമിഷം ഇതെന്റെ മരണം പോലല്ലോ .

ഏകനായ് പുകതുപ്പുമീ യാനമൊന്നിൽ .
പോയനിമിഷങ്ങളെയോർത്തൊന്നുറങ്ങാതെ
അകലുന്നു. പുലരിയെ പുണരാൻ വെമ്പുമീ
രാവിനെ പോലെ വേഗത്തിൽ ഞാനുമേ .
----------------------ബിജു ജി നാഥ്

No comments:

Post a Comment