Sunday, September 13, 2015

നീ എഴുതാനാവാത്തോരെൻ kavitha


പ്രിയതേ നിനക്കായെഴുതിയില്ലൊരിക്കലും
അക്ഷരങ്ങളെ സ്നേഹിച്ചിട്ടിന്നേവരെ.
എങ്കിലും പരിഭവമില്ലാതെ പിണങ്ങാതെ
എന്നോട് കൂടെയുണ്ടെന്നും നീ നിഴലായ് .

ഇന്നീ വരികളിൽ നീ നിറഞ്ഞീടുമ്പോൾ
ചെമ്മേ വിരിയുന്നു മുല്ലമൊട്ടുകൾ ചുറ്റും.
ഇന്ന് നിൻ മിഴികളെ ഓർക്കുമ്പോൾ മേലെ
താരകങ്ങൾ പ്രിയേ കലമ്പുന്നെന്നോടേവം.

പിണക്കം നടിച്ചതാ ചന്ദ്രിക മറയുന്നു
നിന്നുടെയാനന,മെൻ മനം നിറയുമ്പോൾ.
മാരുതൻ തല്ലി മെല്ലെയെൻ കപോലത്തിൽ
നിന്നുടെ ഗന്ധം പേറി വന്നതാണാ ചോരൻ.

മഞ്ഞുനൂൽ പുതപ്പെന്നെ ഉമ്മവച്ചകലുന്നു
നമ്മളൊന്നായ് കണ്ട കനവോർമ്മയാകുന്നു
ഗ്രീഷ്മമാണെങ്ങും ചുറ്റും വരണ്ടകണ്ണീർച്ചാ-
ലടർന്നു പടരുന്ന നിലാവിൻ തേങ്ങൽമാത്രം.

വരികൾ മറയുന്നു പ്രണയമകലുന്നു നമ്മി-
ലുരുവാകുന്നു സ്നേഹപാശത്തിൻ മുകുളം
അരികിൽ ഉറങ്ങുവാൻ വിട്ടു ഞാൻ വീണ്ടും
പ്രണയമഴയിലായ് കവിത ചൊല്ലുന്നേവം .

1 comment: