Saturday, April 15, 2017

സൈബര്‍ ചിലന്തി................ വിജയന്‍ പാറയില്‍


സൈബര്‍ ചിലന്തി (കഥകള്‍)

വിജയന്‍ പാറയില്‍

പ്രവാസി ബുക്സ്

വില 60 രൂപ



സാഹിത്യത്തിലെ പ്രധാന പ്രശ്നമായി ഇന്ന് നിലനില്‍ക്കുന്നത് കഥയില്ലായ്മയാണ് . കഥകള്‍ പറയാന്‍ പുതിയ സങ്കേതങ്ങള്‍ ലഭ്യമല്ലാത്തോരവസ്ഥയിലാണ് എഴുത്തുകാര്‍ . അതുകൊണ്ട് തന്നെ അവര്‍ പഴയ സങ്കേതങ്ങളെ പൊടിതട്ടിയെടുത്തു പ്രയോഗിക്കുകയോ, അനുകരിക്കുകയൊ ഒക്കെ ചെയ്യുന്നു . എന്തുകൊണ്ടാണ് സാഹിത്യത്തില്‍ വിപ്ലവം വരാത്തത് എന്ന് ചോദിക്കുമ്പോള്‍ തന്നെ ആരാണ് അതിനു മിനക്കെടുക എന്നൊരു ഉപചോദ്യം കൂടിയുയര്‍ന്നുവരും . കൂടുതല്‍ ആള്‍ക്കാര്‍ വായിക്കുക , ഒരുപാടുപേരിലെത്തുക തുടങ്ങിയ ആകാംഷാഭരിതമായ നിലനില്‍പ്പിന്റെ വൈഷമതകള്‍ പേറി നില്‍ക്കുകയാണ് ഓരോ എഴുത്തുകാരനും .

വിജയന്‍ പാറയില്‍ എഴുതിയ സൈബര്‍ ചിലന്തി എന്ന കഥാസമാഹാരം ആണ് ഇന്നു ഞാന്‍ പരിചയപ്പെടുത്തുന്നത് . പ്രവാസിയായ വിജയന്‍റെ ആദ്യ കഥാസമാഹാരം ആണ് സൈബര്‍ ചിലന്തി. ഫെയിത്ത് ബുക്സ് ഇന്റര്‍നാഷണലിന്റെ ബ്രാന്‍ഡില്‍ പ്രവാസി ബുക്സ് ഇറക്കിയ ഈ പുസ്തകത്തില്‍ പതിനഞ്ചു കഥകള്‍ അടങ്ങിയിരിക്കുന്നു . രചനാപരമായ സവിശേഷതകള്‍ അധികമവകാശപ്പെടാനില്ലയെങ്കിലും എഴുത്തില്‍ വളരെ നല്ലൊരു താളവും ലയവും വിന്യസിക്കാന്‍ വിജയന്‍ ശ്രമിച്ചിരിക്കുന്നൂ എന്നത് വളരെ സന്തോഷകരമായ ഒരു വസ്തുതയാണ് . ഓരോ കഥയും ഓരോ ജീവിതമാണ് . ഓരോ ജീവിതവും നമ്മുടെ പരിസരങ്ങള്‍ ആണ് . ഓരോ പരിസരങ്ങളും നമ്മുടെ കാലികതയുമായി ബന്ധപ്പെട്ടിരിക്കുകയും ചെയ്യുന്നു . പ്രവാസത്തിലിരുന്നു എഴുതുന്നവരെല്ലാം നാടിന്റെ ഗൃഹാതുരതയെ ബലാല്ഭോഗം ചെയ്യുന്നു എന്ന പരാതി വിജയന്‍റെ എഴുത്തുകളില്‍ ദര്‍ശിക്കാന്‍ കഴിയില്ല . ഒരു പ്രവാസി നാട്ടില്‍ എത്തുമ്പോള്‍ അനുഭവിക്കുന്ന ചില മധുരവും പുളിയും നിറഞ്ഞ ഓര്‍മ്മപ്പൂവുകള്‍ വെറുതെ എടുത്തു വാസനിച്ചു പോകുക എന്നതാണ് വായനക്കാരന്റെ ധര്‍മ്മം ഇതില്‍ . ഒരുകാലത്ത് നാട്ടിലെ ക്ഷേത്രത്തിലെ ഉത്സവങ്ങളുടെ നടത്തിപ്പുകാരില്‍ ഒരാള്‍ ആകുന്നവന്‍ പ്രവാസത്തിന്റെ ഭാരവും പേറി അപരിചിതനായി നില്‍ക്കേണ്ടി വരുന്ന നിമിഷങ്ങളെ വിജയന്‍ കോറിയിടുമ്പോള്‍ അതില്‍ അതിശയോക്തി ഒട്ടുംതന്നെയുണ്ടാകുകയില്ല. പ്രവാസിയെ നാട്ടുകാര്‍ , പരിചയക്കാര്‍ എങ്ങനെ കാണുന്നു എന്നതിന്റെ വളരെ വലിയ ഉദാഹരണം ആണ് ലോനപ്പന്‍ ചേട്ടന്‍ . ഗ്രാമോത്സവം എന്ന കഥയിലെ ഈ കഥാപാത്രത്തിലൂടെ വിജയന്‍ ഒട്ടു മിക്ക പ്രവാസികളുടെയും ഒരു അവസ്ഥയെ മനോഹരമാക്കി പറഞ്ഞു തരുന്നു . അതുപോലെ അവശേഷിച്ച കമ്മല്‍ എന്ന കഥയിലെ അതിശയോക്തികളില്‍ നിര്‍ത്തുന്ന വഴിയോരകച്ചവടക്കാരി പെണ്‍കുട്ടിയുടെ കമ്മല്‍, അവളെ തെരുവിന്റെ മക്കള്‍ കടിച്ചുകീറിക്കൊല്ലും എന്ന ദൃശ്യം (അത്തരമൊരു വിധി എല്ലാ നടവഴിക്കച്ചവടക്കാരികളിലും നാം മുന്നേ തന്നെ ഗണിച്ചുവച്ചിരിക്കുകയാണ് എന്നൊരു ചിന്തയുയരുന്നുണ്ട് വായനയില്‍ ) കാണിക്കാന്‍ മാത്രം അവള്‍ വളരെ ആശിച്ചു വാങ്ങിയ കമ്മല്‍ അശ്രദ്ധയോടെ നായകന് നല്‍കിയതായി പറഞ്ഞു . കഥയെ മുന്നോട്ടു നയിക്കാന്‍ ഒരു തന്തുവായി മാത്രമാണ് അങ്ങനെ ഒരു സാഹസം കഥാകാരന്‍ ഉപയോഗിച്ചതെന്ന് തോന്നുന്നു . പൊതുവേ ഇതിലെ കഥകളില്‍ കണ്ടൊരു ദൃശ്യം എല്ലാ ഭാര്യമാരും ഭര്‍ത്താക്കന്‍മാരില്‍ അരോചകം സൃഷ്ടിക്കുന്ന കഥാപാത്രങ്ങളായി നില്ക്കുന്നവര്‍ ആണെന്നതാണ് . മായക്കേശവന്‍ എന്ന കഥ ശരിക്കും കഥയില്ലായ്മയില്‍ നിന്നും വന്നൊരു കഥയാണ് . അതിനെ കഥയാക്കിവരുമ്പോള്‍ ഒരുപാട് ശ്വാസം മുട്ടുന്നുണ്ട് കഥാകാരന്‍ . കുറെയേറെ ആശയങ്ങളും പഴയ എഴുത്തുകാരുടെ നര്‍മ്മ , ലളിത ശൈലിയും നല്‍കുന്ന ഭാഷാപ്രയോഗങ്ങള്‍ വിജയന്‍ എന്ന എഴുത്തുകാരനില്‍ നിന്നും പ്രതീക്ഷകള്‍ നല്‍കുന്ന വായനകള്‍ക്കുള്ള സാധ്യത തുറന്നു തരുന്നുണ്ട് . കുറച്ചുകൂടി ശ്രദ്ധിക്കുകയും പിശുക്ക് മാറ്റി നിര്‍ത്തി വായനയുടെ ആകാശത്തില്‍ പരിമിതികള്‍ മാറ്റിവയ്ക്കുകയും ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും വിജയന്‍റെ  എഴുത്തുകള്‍ കൂടുതല്‍ മികവായതായി മാറുന്നതും ശ്രദ്ധിക്കപ്പെടുന്നതുമാകും എന്നൊരു ശുഭപ്രതീക്ഷ നല്‍കുന്നു . ആശംസകള്‍ ..... ബി. ജി . എന്‍ വര്‍ക്കല

No comments:

Post a Comment