Tuesday, April 18, 2017

നൃത്തം................. എം. മുകുന്ദന്‍


നൃത്തം (നോവല്‍ )

എം. മുകുന്ദന്‍

ഡി സി ബുക്സ്

വില 60 രൂപ



ഒരു നാടുമായി എത്രയേറെ ബന്ധമുണ്ടെങ്കിലും നമുക്ക് അതില്‍ നിന്നും മാറി നില്‍ക്കാന്‍ കഴിയും . സ്നേഹിക്കുന്നവരില്‍ നിന്നും സ്വയം പറിച്ചെടുക്കാനാണ് പ്രയാസം.......(നൃത്തം ... മുകുന്ദന്‍ )

ഒരു തൂവാലകൊണ്ട്‌ കവിളിലെ കണ്ണുനീര്‍ തുടയ്ക്കുന്നതു പോലെ ഒരു പൂവ് കൊണ്ട് മനസ്സിലെ ദുഃഖം തുടച്ചു മാറ്റാന്‍ കഴിയും.....(നൃത്തം ... മുകുന്ദന്‍ )

സ്വയം വായിക്കുവാന്‍ പ്രേരണ നല്‍കുന്ന വായനകള്‍ ആണ് മലയാളത്തില്‍ ഒരുകാലത്ത് നിറഞ്ഞു നിന്നത് എന്ന് കാണാം . ഇന്നു വായിപ്പിക്കാന്‍ ആരൊക്കെയോ പ്രേരിപ്പിക്കുന്ന എഴുത്തുകള്‍ ആണ് ആ സ്ഥാനം കൈയ്യടക്കിയിരിക്കുന്നത് . എഴുത്ത് എങ്ങനെ വായനക്കാരില്‍ എത്തിക്കാന്‍ കഴിയും എന്ന ചിന്തയില്‍ അവര്‍ തങ്ങളുടെ എഴുത്തുകളെ പല രീതിയില്‍ പ്രോമോട്ട് ചെയ്തു വിറ്റഴിക്കുക , നഷ്ടം നികത്തുക എന്ന ശൈലിയില്‍ മാത്രം നോക്കിക്കണ്ട്‌ മുന്നോട്ടു നില്‍ക്കുന്നു . ഒരുകാലത്ത് എഴുത്ത് ആത്മാവിഷ്കാരം ആയിരുന്നു എങ്കില്‍ ഇന്നത്‌ കാട്ടിക്കൂട്ടല്‍ ആയി നിലനില്‍ക്കുന്നത് ഈ കാരണങ്ങള്‍ കൊണ്ടാകാം .

ഇന്ന് വായിക്കാന്‍ എടുത്തത് എം മുകുന്ദന്‍ എഴുതിയ നൃത്തം എന്ന നോവല്‍ ആയിരുന്നു . മലയാളസാഹിത്യത്തില്‍ തന്റെ സ്ഥാനം മുകുന്ദന്‍ ഉറപ്പിച്ചു വച്ചത് എഴുത്തിലെ മായാജാലവും പരീക്ഷങ്ങണങ്ങളും കൊണ്ടുതന്നെയാണ് . ഓരോ എഴുത്തിലും ആ ഒരു വ്യത്യസ്തത നമുക്ക് അനുഭവിച്ചു അറിയാന്‍ കഴിയും . ഓരോ എഴുത്തുകാരനും തങ്ങളുടെ രചനയില്‍ മറ്റൊരു ഭൂമിക അവതരിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില വിഷയങ്ങള്‍ ഉണ്ട് . അവതരിപ്പിക്കുന്ന ഭൂമിക വായനക്കാരന് എത്രത്തോളം ഉള്‍ക്കൊള്ളാന്‍ കഴിയും എന്നത്. കാരണം വായനക്കാരില്‍ രണ്ടുതരം ആള്‍ക്കാര്‍ ഉണ്ടാകാം . ഒരു കൂട്ടര്‍ ആ ഭൂമിക അറിയുന്നവരോ അവിടെ വസിക്കുന്നവരോ ആകും മറ്റൊരു വിഭാഗം ഒരിക്കലും അതു കണ്ടിട്ടുള്ളവര്‍ ആയിരിക്കുകയും ഇല്ല . ഈ രണ്ടു വിഭാഗത്തെയും ഒരുപോലെ ആ ഭൂമികയെ പരിചയപ്പെടുത്തണം എങ്കില്‍ ആ ഭൂമികയെപറ്റിയുള്ള ആഴത്തിലുള്ള അവഗാഹം എഴുത്തുകാരന് ഉണ്ടായിരിക്കണം . ഇന്നത്തെ പല എഴുത്തുകളും പരാജയപ്പെടുന്നത് അവിടെയാണ് . ഇന്ന് ആരും അതിനു മുതിരുന്നില്ല . ഗൂഗിളില്‍ പോയി വിവരങ്ങള്‍ ശേഖരിക്കുക , സിനിമകളില്‍ നിന്നും കണ്ടു മനസ്സിലാക്കുക, ഭാവനയുടെ അതിഭാവുകത്വം നല്‍കുക  തുടങ്ങിയ എളുപ്പവഴികളില്‍ കൂടി അവര്‍ വിഷയം അവതരിപ്പിച്ചു സംതൃപ്തരാകും .

മലയാളത്തിലെ ആദ്യ സാങ്കേതികശാസ്ത്ര വിഷയത്തിലെ നോവല്‍ എന്ന വിശേഷണം മുകുന്ദന്റെ നൃത്തം പങ്കു വയ്ക്കുന്നു . ഇന്റര്‍നെറ്റ് എന്ന ലോകത്തെ ആസ്പദമാക്കി അതിനു മുന്‍പ് മലയാളത്തില്‍ ഒരു നോവല്‍ ഉണ്ടായിട്ടില്ല എന്നത് തന്നെയാണ് ആ പരീക്ഷണത്തിന്റെ മേന്മയായും മനസ്സിലാക്കേണ്ടത് . ഒരുകാലത്ത് ഓരോ മനുഷ്യനും അവനെ അടയാളപ്പെടുത്തിയിരുന്നത് ഒരൊറ്റ വിലാസത്തിലല്ലായിരുന്നു . പേരു മാത്രം സ്ഥിരമായിരിക്കുകയും പദവികളും വിലാസങ്ങളും മാറിക്കൊണ്ടിരിക്കുകയും ചെയ്തു ജീവിതവഴിയില്‍ എപ്പോഴും . ഇന്റര്‍നെറ്റിന്റെ വരവോടുകൂടിയാണ് ഓരോ മനുഷ്യനും സ്വന്തമായി ഒരു വിലാസം ലഭിച്ചു തുടങ്ങിയത് . അവന്‍ ലോകത്തിന്റെ ഏതൊരു കോണില്‍ ആയാലും അവനെ ബന്ധപ്പെടാന്‍ ഒരൊറ്റ ഈ മെയില്‍ വിലാസം . അതില്‍ അവന്‍ എപ്പോഴും ലഭ്യമായിരുന്നു .

നൃത്തം എന്ന നോവല്‍ ഇതിവൃത്തമാക്കുന്നത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള ബന്ധം ആണ് . ലോകത്തെവിടെയോ ഇരിക്കുന്ന അഗ്നി എന്ന നൃത്തകനും ശ്രീധരന്‍ എന്ന വ്യക്തിയും തമ്മിലുള്ള കത്തിടപാടുകള്‍ . ഒരു വിധത്തില്‍ പറഞ്ഞാല്‍ അഗ്നി എന്ന മലയാള വേരുകള്‍ ഉള്ള വ്യക്തി തന്റെ കഥ ശ്രീധരന്‍ എന്ന വ്യക്തിയോടു പറയുന്നതാണ് നോവല്‍ . അയാള്‍ എങ്ങനെ കേരളത്തില്‍ നിന്നും യൂറോപ്യന്‍ രാജ്യത്ത് എത്തിച്ചേര്‍ന്നു എന്നും അവിടെ അയാള്‍ നൃത്തത്തിന്റെ ലോകത്ത് എന്തൊക്കെ ആയിത്തീര്‍ന്നു എന്നുമൊക്കെ അയാള്‍ തനിക്കറിയാത്ത ഒരു വിലാസത്തില്‍ ഒരാളോട് സംസാരിക്കുകയാണ് നോവലില്‍ . കേരളത്തിലെ ഉള്‍നാടന്‍ ഗ്രാമത്തിന്റെ വിശേഷങ്ങളും സംസ്കാരവും പറഞ്ഞു തുടങ്ങി അതു യൂറോപ്പിന്റെ സംസ്കാരത്തിലേക്ക് സന്നിവേശിപ്പിച്ചു , നൃത്തത്തിന്റെ, കലയുടെ യൂറോപ്പ്യന്‍ സംസ്കാരവും , കലയുടെ വിവിധ കാലങ്ങളും ചരിത്രങ്ങളും പഠിപ്പിച്ചു തരികയും ചെയ്യുന്നതിനൊപ്പം തന്നെ ആ ലോകത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവും സാമൂഹികവുമായ ലോകത്തിന്റെ വളരെ വിശദമായ ഒരു ചിത്രവും നോവല്‍ വരച്ചിടുന്നു .

ഇതില്‍ വളരെ മനോഹരമായി പറയുന്ന മറ്റൊരു വിഷയം ആണ് ഇന്റര്‍നെറ്റിന്റെ കേരളത്തിലെ ആഗമനവും അതു പൊതു സമൂഹത്തില്‍ വരുത്തിയ മാറ്റവും . നെറ്റിന്റെ തുടക്കകാലത്തിന്റെ അരിഷ്ടതകള്‍ , ദുര്‍വിനിയോഗങ്ങള്‍ എന്നിവ വളരെ നന്നായി തന്നെ നോവല്‍ പ്രതിപാദിക്കുന്നുണ്ട് . കുട്ടികളെ പോണ്‍  ലോകത്തേക്ക് നയിക്കുന്ന കഫേകള്‍ , അതുമൂലം സമ്പന്നരായവര്‍ , നെറ്റിനെ കുറിച്ച് കേവലമായ അറിവ് പോലും ഇല്ലാത്ത സമൂഹം , നെറ്റിന്‍റെ ലഭ്യതയും അതിന്റെ പരിമിതികളും വിഷമതകളും , കമ്പ്യൂട്ടറും ഫ്ലോപ്പിയും നീലവെളിച്ചം നിറഞ്ഞ സ്ക്രീന്‍ കാഴ്ചകളും ഒക്കെ ഇന്നത്തെ തലമുറയ്ക്ക് തികച്ചും അത്ഭുതം നല്‍കുന്ന വസ്തുതകള്‍ ആകും . നെറ്റ് ലഭിക്കാതെ പോകുന്ന സന്ദര്‍ഭങ്ങളില്‍ ശ്രീധരന്‍ അനുഭവിക്കുന്ന മാനസിക ക്ലേശങ്ങള്‍ വായിക്കുമ്പോള്‍ ഇന്ന് ഈ കാലഘട്ടത്തില്‍ തലമുറ അനുഭവിക്കുന്ന അന്തസംഘര്‍ഷങ്ങള്‍ എത്ര അര്‍ത്ഥവത്തായി അതിന്റെ മൂലരൂപത്തെ മുകുന്ദന്‍ എഴുതിവച്ചിരിക്കുന്നു എന്ന സന്തോഷം ചെറുതല്ല.

വായനയ്ക്ക് വളരെ നല്ലൊരു നോവല്‍ ആണ് എന്ന സന്തോഷം പങ്കു വച്ചുകൊണ്ട് ആശംസകളോടെ ബി. ജി . എന്‍ വര്‍ക്കല  

4 comments:

  1. ഉത്തരാധുനികതയെ മുൻനിർത്തി ചർച്ച ചെയ്തിതിട്ടുണ്ട്
    .

    ReplyDelete
  2. നല്ല ആഖ്യാനം

    ReplyDelete