Wednesday, May 6, 2015

പകല്‍ക്കിനാവില്‍ പടനയിക്കുന്നവര്‍


 നിലാവില്ലാതെ നീരില്ലാതെ
വച്ചുമാറാന്‍ കിനാവില്ലാതെ
കണ്ണെറിയാന്‍ പൂക്കളില്ലാതെ
ഋതുക്കള്‍ ആകാശപ്പറവകളാകുമ്പോള്‍
മൃതിയുടെ ഇരുണ്ട പൂക്കള്‍
മാറില്‍ ചൂടി മണ്ണ് മയങ്ങുന്നുവോ ?
വെട്ടിപ്പിടിക്കാന്‍ മണ്ണും
കൊത്തിപ്പറിക്കാന്‍ മനസ്സും
പങ്കുവയ്ക്കാന്‍ കളവുകളും
തോളില്‍ ചുവന്നു യാത്ര ചെയ്യും
ഓലവാലന്‍ കിളികള്‍ക്ക്
കാലിടറുന്നതറിയുന്നില്ല
വിജയമെന്ന തോല്‍വിയുമായി
കനവിന്റെ രഥത്തില്‍
പടവെട്ടിപ്പിടിക്കാന്‍ പായുമ്പോള്‍ !
കാനല്‍ജലം കൈക്കുമ്പിള്‍ നിറച്ചു
വിജയലഹരി നുകരുന്നു
ജയമില്ലാതെ ജയിക്കും വിജയിക്കും
ജയിക്കാന്‍ വഴിതേടും യോദ്ധാവിനും
ഒരേ മുഖം.
കാറ്റാടിയന്ത്രത്തിനോട് യുദ്ധം ചെയ്ത
ആ പഴയ പോരാളിയുടെ ഒറ്റ മുഖം !
--------------------------ബിജു ജി നാഥ്

No comments:

Post a Comment