Friday, December 20, 2013

അധിനിവേശം

നീള്‍മിഴികള്‍ ഉറ്റുനോക്കുന്ന
പ്രകാശത്തിന്റെ പച്ചപ്പ്‌ പോലെയാണ്
ജീവിതത്തിന്റെ പടനിലങ്ങളില്‍
പ്രണയത്തെ കണ്ടു മുട്ടുന്നത് .

ഒരു പനിനീര്‍പ്പൂവിന്റെ
നേര്‍ത്ത സുഗന്ധം പോലെയാണ്
വിജനതയുടെ തീരങ്ങളില്‍
സൗഹൃദത്തിന്റെ കരങ്ങള്‍ വിടരുന്നത് .

തൊട്ടാവാടി പൂവുകളില്‍
ഇലകള്‍ പിണങ്ങിനില്‍ക്കും പോലെയാണ്
ദൈന്യതയുടെ അകക്കാമ്പില്‍
വാക്കുകള്‍ പതറിപ്പോകുന്നത് .

നിന്നിലേക്ക്‌ നീട്ടും കരങ്ങളില്‍
മഞ്ഞിന്റെ തണുപ്പ് തൊടുംപോലെയാണ്
സ്നേഹത്തിന്റെ നിലാവ്
എന്നിലേക്കരിച്ചിറങ്ങുന്നത് .

ആകാശ മേലാപ്പിലെ
നക്ഷത്രങ്ങള്‍ ചിരിക്കും പോലെയാണ്
നമ്മുടെ സ്വപ്നങ്ങളില്‍
നീ കടന്നു വരുന്നതെപ്പോഴും

അധരങ്ങള്‍ ദാഹിച്ചു വലയുന്നത്
സ്നേഹത്തിന്റെ സ്തന്യംദര്‍ശിക്കുമ്പോഴാണ്‌ 
എങ്കിലും വിങ്ങുമാ മാറില്‍
എന്റെ ഹൃദയം മിടിച്ചുകൊണ്ടേയിരിക്കുന്നു .
---------------------ബി ജി എന്‍ വര്‍ക്കല

No comments:

Post a Comment