Sunday, December 22, 2013

മഴ

വേനലായിരുന്നു ,
പുലരിയുടെ കവിള്‍ത്തുടുപ്പില്‍
ആദ്യ മഴത്തുള്ളി പതിക്കും വരെ
വേനലായിരുന്നു.

പ്രണയത്തിന്റെ തീമഴയിലും
വിരഹത്തിന്റെ തോരാമഴയിലും
പ്രതീക്ഷയുടെ കുളിര്‍മഴയിലും 
ജീവിതം മൂടിപ്പുതച്ചുറങ്ങുമ്പോഴും
ആദ്യമഴയുടെ രതിഗന്ധം
കാമനകളെ  ത്രസിപ്പിക്കുന്ന
ഗൂഢമായോരനുഭൂതിയാണ് .

മഴയെന്റെ പരാഗരേണുവില്‍
സ്മ്രിതിയുടെ തീര്‍ത്ഥം തളിക്കുമ്പോള്‍
നനയുന്ന കവിള്‍ത്തടങ്ങളില്‍
കണ്ണീരിന്റെ ഉപ്പു ചുവയ്ക്കുന്നുണ്ട്.

സര്‍പ്പങ്ങള്‍ മാളങ്ങളുപേക്ഷിച്ചു
പുതുമണ്ണിന്‍ ഗന്ധമളക്കുമ്പോള്‍
എന്റെ ചേതനയില്‍ നിറയുന്ന
നിന്റെ നിശ്വാസമാണ് മഴയെനിക്ക് .

കിതച്ചു പൊങ്ങുന്ന മാറിടംപോല്‍
മഴയുടെ താപമാപിനികളുയരുമ്പോള്‍
പ്രിയേ നീയറിയാതെന്റെ രസനകളില്‍
പ്രണയത്തിന്റെ മധു നിറയ്ക്കുന്നു .

മഴയുടെ കാലൊച്ച തേടുന്ന
നിന്നുടെ നിശബ്ദരാവുകള്‍ക്ക് കൂട്ടായി
കാച്ചെണ്ണയുടെ കര്‍പ്പൂരഗന്ധമായി
പ്രണയം പെയ്തൊഴിയുന്നു .

മഴനിന്റെ മുടിയിഴ തഴുകി
താമരനൂലുപോല്‍ മാറിട തണുപ്പിച്ചു
നാഭീയിലൊരു തിരയായി
കടലുതേടുമ്പോള്‍
അപൂര്‍ണ്ണമായൊരു വാക്ക്പോല്‍
മഴനിന്നെ കരയിക്കുന്നു .

ഓര്‍മ്മകളില്‍ പെയ്യുന്ന
നിലാമഴകള്‍ക്ക് വേണ്ടിയാകാം
മനസ്  ദാഹിക്കുന്നു .
മഴയുടെ ആലിംഗനത്തിനായി
പിന്നെയും മനസ്സ് ദാഹിക്കുന്നു .
----------------------------------ബി ജി എന്‍

No comments:

Post a Comment