Wednesday, December 11, 2013

പുരാവൃത്തം

വിരലറ്റുപോയ യോദ്ധാവിനെ പോലെ
വിലയറ്റുപോയ ദേവദാസിയെ പോലെ
കിഴക്കന്‍ മലയിറങ്ങി വരുന്നൊരു കാറ്റുണ്ട്
കണ്ണടക്കുമ്പോഴൊക്കെ ഉള്ളിന്റെയുള്ളില്‍ !

ചരട് പൊട്ടിയ കിനാക്കളുടെ മരണതീരത്തു
ശലഭങ്ങള്‍ ആത്മാക്കളായി ഉയിര്‍ത്തെഴുന്നേല്‍ക്കുകയും
തുമ്പികള്‍ മോഹങ്ങളുടെ കല്ലെടുക്കുകയും ചെയ്യും .
അന്നും അന്ത്യശ്വാസം വലിക്കുന്നുണ്ടാകും ഞാന്‍ .

ഇരകളെ തിരഞ്ഞു വേട്ടനായ്ക്കള്‍ കിതയ്ക്കുമ്പോള്‍
ഒളിവിലിരുന്നു മാന്‍പേടകള്‍ വളപ്പൊട്ടുകള്‍ തിരയും .
കൂമന്റെ ഉരുണ്ട കണ്ണുകളില്‍ നോക്കി മഴപ്പാറ്റകളും
വെള്ളെലികളും കരുണയ്ക്ക് യാചിക്കുന്നുണ്ടാകും .

ഒടുവില്‍ , ഇരുള്‍ കണ്ണുകളില്‍ നിന്നും കുടിയിറങ്ങി
കടല്‍ക്കരയിലെ തണുത്ത കാറ്റിനെ പുണരവേ
കിണറുകളുടെ ആഴങ്ങളില്‍ നിന്നുമുയരും
ജീവിക്കാന്‍ മറന്ന കരിവണ്ടുകളുടെ രോദനം .

ചോരയെ പ്രസവിച്ചു കിടക്കുന്ന പേറ്റുപുരകള്‍
ചോണനുറുമ്പിന്റെ വരിതെറ്റിയ പ്രയാണം കണ്ടു
മുലച്ചുണ്ടിന്റെ ചൂട് തേടി ഉറക്കെ വിളിക്കുമപ്പോള്‍ .
എങ്കിലും കതിരോന്‍ വെളിച്ചമിറ്റുതരില്ലെന്ന് പറയും .

ഉരുളന്‍ കല്ലുനിറഞ്ഞ തേവിടിപയ്യുകള്‍ മേയുന്ന
കുന്നിന്‍ചരിവിലെല്ലാം പൂവന്‍കോഴികള്‍ മുട്ടയിടും .
കണ്ണുനീരിന്റെ ഉപ്പളങ്ങളില്‍ വീണു പുളയുന്നുണ്ടാകും
എന്റെ ഹൃദയത്തിന്റെ നാലറകളപ്പോഴും .
---------------------------ബി ജി എന്‍ വര്‍ക്കല

No comments:

Post a Comment