Friday, December 13, 2013

ഉറങ്ങുന്നതിനു മുന്‍പ്

അകലങ്ങളിലെങ്ങോ നിന്ന് അലയടിക്കുന്ന കാറ്റിന്റെ മര്‍മ്മര ശബ്ദം ആ കുന്നിന്‍ ചരിവില്‍ പ്രതിഫലിച്ചു . സ്വപ്നങ്ങളുടെ സാക്ഷാത്കാരമെന്നോണം എവിടെയോ പള്ളിമണികള്‍ കൂട്ടമായി ശബ്ദമുണ്ടാക്കി . പ്രകൃതിയെ ഒരു ജാലകത്തിലൂടെയെന്നോണം നോക്കിയിരിക്കെ വിശ്വന്‍ ഓര്‍ക്കുകയായിരുന്നു . മുന്‍പ് താനിവിടെ വരുമ്പോള്‍ സന്തോഷത്തിന്റെ പൂവുകള്‍ ഇവിടെയെങ്ങും വിരിഞ്ഞിട്ടുണ്ടായിരുന്നു . ചിരിക്കുന്ന മുഖങ്ങള്‍ മാത്രമേ കണ്ടിരുന്നുള്ളൂ .
                    എന്നാല്‍ ഏതോ ഒരു തീരത്തില്‍ , എന്നോ ഒരിക്കല്‍ പൊലിഞ്ഞു വീണ സ്വപ്നങ്ങളുടെ ശവസംസ്കാരമായിരിക്കാം ഇന്നിവിടെ കാണുന്നത് . അതായിരിക്കാം എല്ലാരിലും വിഷാദം മാത്രം പ്രതിഫലിക്കുന്നത് . എന്തൊക്കെയായാലും ആ പഴയ ഐശ്വര്യം അതിനു നക്ഷ്ടപ്പെട്ടിരിക്കുന്നു . തന്റെ നീണ്ട ഇരുപത് വര്‍ഷത്തെ തിരോധാനത്തിനു ശേഷം ഇപ്പോഴിങ്ങനെ വരുവാന്‍ തോന്നിയത് ആകസ്മികമാണല്ലോ. അല്ലെങ്കില്‍ രാജസ്ഥാന്‍ മരുഭൂമിയിലെ കൊടും വേനലില്‍ ജീവരക്തം വിയര്‍പ്പാക്കി അദ്ധ്വാനിക്കുമ്പോഴും മനസ്സിന്റെ ഒരു കോണില്‍ ഈയൊരു സ്വപ്നം മറഞ്ഞു കിടന്നിരുന്നില്ലേ ?

                     വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദാരിദ്ര്യം അതിന്റെ എല്ലാ ഭീകരതയും കാട്ടിയിരുന്ന ഒരു കാലത്തില്‍ നീണ്ട ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കാഹളം മുഴക്കികൊണ്ട് ഞാനിവിടെ നിന്നും പുറപ്പെട്ടു . അന്നെനിക്ക് യാത്ര അയപ്പു നല്‍കുവാന്‍ പ്രകൃതി പോലും മടി കാണിച്ചു . അവിടെ നിന്നും പതനങ്ങളുടെ ചെറുവഞ്ചിയില്‍ ആഴക്കടലില്‍ താന്‍ ഒറ്റയ്ക്കായപ്പോള്‍ പ്രകൃതി തന്റെ കരുണ വിശപ്പിലൂടെ സംഹാരം നടത്തിയപ്പോള്‍ രാംസിംഗ് എന്നാ മനുഷ്യന്‍ തനിക്കു തുണയായി . അയാള്‍ക്കൊപ്പം രാജസ്ഥാന്റെ വിരിമാറിലേക്ക് ഇറങ്ങി ചെന്നു .

                    വരഷങ്ങള്‍ കടന്നു പോയി . വലിയൊരു സമ്പാദ്യവുമായി ഇന്നലെ ഇവിടെയെത്തുമ്പോള്‍ , താന്‍ എല്ലാപേര്‍ക്കും അപരിചിതനായിരുന്നു . പക്ഷെ ഇന്നതോര്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നു . തനിക്കു തുണയായി ഇന്നാരുമില്ല . സുഹൃത്തുക്കള്‍ പോലും തന്നെ മറന്നിരിക്കുന്നു . അച്ഛനും അമ്മയും ഇരുണ്ട ഭൂതകാലത്തിന്റെ തിരശ്ശീലയില്‍ ദുഃഖ ബിന്ദുക്കള്‍ ആയി പൊലിഞ്ഞു പോയി .
               പക്ഷെ താന്‍ അപരിചിതനല്ല എന്നെനിക്കു തോന്നുന്നു . എന്നെ അറിയുന്നവരും ഇവിടെയുണ്ട് . കണ്ടു പിടിക്കാന്‍ വിഷമമെന്നെ ഉള്ളൂ .
             അയാള്‍ ഓര്‍മ്മകളില്‍ ഊളിയിട്ടിറങ്ങി . അതിന്റെ കഠോരതകളില്‍ പ്രകൃതിയെ , കാലത്തെ , സ്ഥലത്തെ മറന്നിരുന്നു . പിന്നെ അയാള്‍ അവിടെ മയങ്ങി വീണു . അയാളെ താരാട്ട് പാടി ഉറക്കാന്‍ നക്ഷത്രങ്ങള്‍ മത്സരിച്ചു . ചന്ദ്രന്‍ അയാളെ ആകര്‍ഷിക്കാന്‍ ശ്രമിച്ചു . പക്ഷെ അപ്പോഴേക്കും അയാള്‍ ഉറങ്ങി പോയിരുന്നു .
---------------------------------------------------------------------------------------------
(1990 -92 കാലഘട്ടത്തില്‍ ശിവഗിരി ഉത്സവത്തോട് അനുബന്ധിച്ച് ഇറങ്ങിയ ഒരു വാര്‍ഷിക പതിപ്പില്‍ പ്രസിദ്ധീകരിച്ച രചന . മാറ്റങ്ങള്‍ ഒന്നുമില്ലാതെ അന്നത്തെ എന്റെ അതെ വരികള്‍ . പോരായ്മകള്‍ ഒരുപാട് എനിക്ക് തന്നെ വായിക്കാന്‍ കഴിയുന്നുണ്ട് . പക്ഷെ മാറ്റം വരുത്താന്‍ തോന്നിയില്ല . ഇതെന്റെ അന്നത്തെ അവസ്ഥ ആണ് . ഓര്‍മ്മിക്കാനായി അത് പോലെ തന്നെ പോസ്റ്റ്‌ ചെയ്യുന്നു )
 

No comments:

Post a Comment